Human Rights

അങ്കന്‍വാടികളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണം: കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമാണ് പ്രധാനം; ദുരന്ത ഭൂമികളായി മാറരുത് അങ്കന്‍വാടികള്‍ ?

സംസ്ഥാനത്തെ അങ്കന്‍വാടികള്‍ കുട്ടികളുടെ ദുരന്തഇടങ്ങളായി മാറുന്നത് സമീപകാലത്തെ വിലയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. കുട്ടികള്‍ നാളത്തെ ഭാവിവാഗ്ദാനങ്ങളാണെന്ന് അധികാരികള്‍ പറയുമ്പോള്‍ അവരെ ആരോഗ്യകരമായി സംരക്ഷിക്കാന്‍ കഴിയാതെ പോകുന്നതെന്താണ്. നിരന്തരം ഓരോ ചെരു ദുരന്തങ്ങളുടെ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നോട്ടക്കുറവും, ഉപദ്രങ്ങളും വര്‍ദ്ധിക്കുന്നുണ്ട്. അങ്കന്‍വാടികളിലേക്ക് കൂട്ടികള്‍ ഉത്സാഹത്തോടെ പോകാന്‍ മടിക്കുന്ന ചിത്രവുമുണ്ട്. കൂട്ടകളുടെ സൗഹൃദങ്ങള്‍ നാമ്പിടുന്ന അങ്കന്‍വാടികള്‍ എങ്ങനെയാണ് കുട്ടികലുടെ അപകട കേന്ദ്രങ്ങലാകുന്നത്. ആയമാരും ടീച്ചര്‍മാരും വേണ്ടത്ര ശ്രദ്ധ നല്‍കുന്നുണ്ടോ ?.

ചൈല്‍ഡ് ഫ്രണ്ട്‌ലി ആണോ ?. ഇതെല്ലാം അന്വേഷിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം വന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത്. അങ്കണവാടിയിലേക്കയച്ച മൂന്ന് വയസുകാരി ജനലില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സംഭവം വലിയ ഞെട്ടലുണ്ടാക്കുകയാണ്. മാറനല്ലൂര്‍ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് അങ്കണവാടിയില്‍ വീണ് ഗുരുതര പരിക്കേറ്റത്. അതേസമയം കുഞ്ഞ് വീണിട്ടും ആശുപത്രിയിലെത്തിക്കാനോ പ്രാഥമിക ശുശ്രൂഷ പോലും നല്‍കാനോ അങ്കണവാടി ജീനക്കാര്‍ തയ്യാറായില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.

അങ്കണവാടി അധ്യാപികയെയും ഹെല്‍പ്പറെയും സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മാറനല്ലൂര്‍ എട്ടാം വാര്‍ഡ് അങ്കണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെല്‍പ്പര്‍ ലതയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. കുട്ടി വീണകാര്യം വീട്ടുകാരോട് പറയാതിരുന്നതും കുറ്റകരമാണ്. അങ്കണവാടി അധികൃതര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കുട്ടിയുടെ നില ഗുരതരമാണെങ്കിലും പേടിക്കേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ ഉറപ്പു നല്‍കുന്നു. അങ്കണവാടിയില്‍ വെച്ച് വൈഗ വീണിരുന്നുവെന്ന് പറഞ്ഞത്, വൈഗയുടെ ഇരട്ട സഹോദനാണ്.

സംഭവം മാതാപിതാക്കള്‍ പറയുന്നത് ഇങ്ങനെ:

മകളെ മാറനല്ലൂരിലുള്ള അങ്കണവാടിയില്‍ നിന്നും വ്യാഴായ്ച്ച വൈകുന്നേരം പതിവ് പോലെ വീട്ടിലേക്ക് അച്ഛന്‍ കൂട്ടികൊണ്ടുവന്നു. എന്നാല്‍ തിരിച്ചു വന്ന കുഞ്ഞ് തീര്‍ത്തും ക്ഷീണിതയായിരുന്നു. തുടര്‍ന്ന് അല്‍പ്പ സമയത്തിന് ശേഷം കുട്ടി നിര്‍ത്താതെ ഛര്‍ദ്ദിക്കാനും തുടങ്ങി. വൈഗയുടെ ഇരട്ട സഹോദരനും അതേ അങ്കണവാടിയിലാണ് പഠിക്കുന്നത്. വൈഗ ഉച്ചയ്ക്ക് ജനലില്‍ നിന്ന് വീണിരുന്നുവെന്ന് സഹോദരനാണ് മാതാപിതാക്കളോട് പറയുന്നത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ പരിശോധിച്ചപ്പോള്‍ തലയുടെ പുറക് വശം മുഴച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടനെത്തന്നെ കണ്ടലയിലെ ആശുപത്രിയിലും തിരുവനന്തപുരം എസ് എ ടിയിലും കുട്ടിയെ എത്തിച്ചു. വീഴ്ച്ചയില്‍ കുഞ്ഞിന് സ്‌പൈനല്‍ കോഡിനും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. തലയില്‍ ആന്തരിക രക്തസ്രാവവുമുണ്ട്.

സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുയാണ് കേരളത്തില്‍. കുട്ടികളെ പരിചരിക്കുന്നതിനേക്കാള്‍ ഉപരി, കുട്ടികള്‍ക്കു വേണ്ടി കിട്ടുന്ന പാലും മുട്ടയും, ഭക്ഷണവസ്തുക്കളും ശേഖരിക്കലാണ് ജീവനക്കാരുടെ ഇഷ്ടം ജോലി. എന്നാല്‍, കുട്ടികളെ പരിചരിക്കുന്നതില്‍ അലംഭാവം കാട്ടാതെ നോക്കുന്ന അങ്കണവാടികളുമുണ്ട്. പക്ഷെ, അതിനൊക്കെ ദുഷ്‌പ്പേരുണ്ടാക്കുക്കൊടുക്കുന്ന അങ്കണവാടികളെ കണ്ടെത്തി പൂട്ടേണ്ടതുണ്ട്. കേരളത്തിലെ എല്ലാ അങ്കണവാടികളും സ്മാര്‍ട്ടാക്കാനുള്ള തീരുമാനം സര്‍ക്കാരിനുണ്ട്. അതിന് തുടക്കമിട്ട് തിരുവനന്തപുരത്ത് ആദ്യ സ്മാര്‍ട്ട് അങ്കണവാടി ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അങ്കണവാടി കെട്ടിടങ്ങള്‍ മാത്രമല്ല, സ്മാര്‍ട്ട് ആകേണ്ടത്. അവിടെ കുട്ടികളെ പരിചരിക്കുന്നവര്‍ക്കും പ്രത്യേക പരിശീലനം നല്‍കേണ്ടതുണ്ടെന്നാണ് മനസ്സിലാകുന്നത്.

മാത്രമല്ല, അങ്കണവാടികളില്‍ സി.സി.ടി.വി വെയ്‌ക്കേണ്ടതുണ്ട്. എന്താണ് കുട്ടികള്‍ക്ക് സംഭവിക്കുന്നതെന്ന് പിന്നീട് മനസ്സിലാക്കാന്‍ ഇത് ഉപകരിക്കും. കുട്ടികള്‍ക്ക് സംഭവിച്ച കാര്യങ്ങള്‍ ചിലപ്പോള്‍ ടീച്ചര്‍മാര്‍ക്കോ ആയമാര്‍ക്കോ പറയാന്‍ കഴിയാതെ വന്നാല്‍, സി.സി.ടി.വിയില്‍ പരിശോധിക്കാനാവുകയും ചെയ്യും. സന്നദ്ധ സംഘടനകളോ, മറ്റു സന്നദ്ധരോ ചിലവ് ചെയ്ത് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നത് കുട്ടികളുടെ സുരക്ഷയ്ക്ക് അതി പ്രധാനമാണ്. അത്, സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ടതാണെന്നാണ് മനസ്സിലാകുന്നത്.

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് പിന്നാലെ അങ്കണവാടികളും സ്മാര്‍ട്ട് ആകുമ്പോള്‍ അവിടെ അത്യാധുനിക സംവിധാനങ്ങളും ഉണ്ടാകണം. സി.സി.ടി.വി ക്യാമറകള്‍ അത്യാവശ്യമാണെന്ന് സമീപ ദിവസങ്ങളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ ഭാവിയുടെ സമഗ്ര വികാസം ഉറപ്പാക്കിയാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യ സ്മാര്‍ട്ട് അങ്കണവാടി തിരുവനന്തപുരം പൂജപ്പുരയില്‍ ആരംഭിച്ചിട്ട് മൂന്നു വര്‍ഷം കഴിയുന്നു. പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോര്‍ റൂം, ഇന്‍ഡോര്‍ ഔട്ട്ഡോര്‍ പ്ലേ ഏരിയ, ഹാള്‍, പൂന്തോട്ടം തുടങ്ങി എല്ലാ സൗകര്യങ്ങളും സ്മാര്‍ട്ട് അങ്കണവാടികളില്‍ ഉണ്ടാകും. സംസ്ഥാനത്ത് ആകെ 33,115 അങ്കണവാടികളാണ് ഉള്ളത്.

അതില്‍ 155 അങ്കണവാടികളുടെ സ്മാര്‍ട്ട് നിര്‍മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ഒന്നാം ക്ലാസിന് മുമ്പ് കുട്ടികള്‍ എത്തുന്ന ഇടമാണ് അങ്കണവാടികള്‍. അതനുസരിച്ച് അങ്കണവാടികളുടെ അടിസ്ഥാനസൗകര്യത്തിലും കരിക്കുലത്തിലും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്ഥലലഭ്യതയും പരിമിതികളും പരിഗണിച്ച് 10, 7, 5 സെന്റുകളില്‍ നിര്‍മിക്കാവുന്ന അങ്കണവാടികളാണ് രൂപകല്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സ്മാര്‍ട്ട് അങ്കണവാടികള്‍ക്കുള്ള വിദഗ്ധ രൂപരേഖ തയാറാക്കിയത്. അങ്കണവാടി കരിക്കുലം ജെന്‍ഡര്‍ ഓഡിറ്റിംഗ് നടത്തി പരിഷ്‌ക്കരിച്ച് ലിംഗസമത്വവും ഉറപ്പാക്കിയിട്ടുണ്ട്.

അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം സാധ്യമാക്കാനാണ് വനിതാ ശിശുവികസന വകുപ്പ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 33,115 അങ്കണവാടികളില്‍ 24,360 അങ്കണവാടികള്‍ സ്വന്തം കെട്ടിടത്തിലും 6498 അങ്കണവാടികള്‍ വാടക കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷത്തോടെ എല്ലാ അങ്കണവാടികളും വൈദ്യുതിവത്ക്കരിക്കും. കുട്ടികള്‍ക്ക് മെച്ചപ്പെട്ട പഠനാനുഭവം നല്‍കാനാണ് വനിതാ ശിശു വികസന വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസത്തിന്റേയും സാമൂഹിക ഇടപെടലിന്റെ ലോകത്തേക്ക് കടന്നുവരുന്ന കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വികാസത്തിനും ശാരീരിക മാനസിക ഉല്ലാസത്തിനും സ്മാര്‍ട്ട് അങ്കണവാടികള്‍ സഹായിക്കും.

ആറു മാസത്തിനുള്ളില്‍ സമയ ബന്ധിതമായി സ്മാര്‍ട്ട് അങ്കണവാടികള്‍ പൂര്‍ത്തിയാക്കാനാണ് വനിതാ ശിശു വികസന വകുപ്പ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ ആകെ 404 അംഗനവാടികളില്‍ ടി.വിയുണ്ട്. ഇതോടൊപ്പം സി.സി.ടി.വി ക്യാമറകളും സ്ഥാപിക്കണം എന്ന ആവശ്യവും മുന്നോട്ടു വെയ്ക്കുകയാണ്. സംസ്ഥാനത്തെ സ്വകാര്യ നഴ്‌സറികളിലും ഡേ കെയര്‍ സെന്ററുകളിലും ക്യാമറാ സംവിധാനം നിലവിലുണ്ട്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍, എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ ഇത് വലിയ ഗുണം ചെയ്യുമെന്നുറപ്പാണ്.

CONTENT HIGHLIGHTS; CCTV cameras should be installed in Anganwadis: Safety and health of children is paramount; Anganwadis should not become disaster areas?