നയൻതാര അഭിനയിച്ച ഗാനരംഗം ആസ്വദിച്ച് കാണുകയാണ് മക്കളായ ഉയിരും ഉലകവും. നാനും റൗഡി താൻ എന്ന ചിത്രത്തിലെ ‘തങ്കമേ….’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇരുവരും കാണുന്നത്. പാട്ടിന്റെ വരികൾക്ക് ഒപ്പം പാടാനും ഇരുവരും മറക്കുന്നില്ല. തങ്കമേ ഉന്നത്താൻ എന്നും അപ്പപ്പോ എന്നൊക്കെ ആർത്തുവിളിച്ചുള്ള കുഞ്ഞുങ്ങളുടെ വീഡിയോ കാണാൻ വളരെ ക്യൂട്ടാണ്. വിഘ്നേഷ് ശിവന്റെ ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീട്ടിൽ ബെഡിൽ ഇരുന്ന് ടിവിയിൽ നോക്കും ഉയിരും ഉലകവും ഒന്നിച്ചാണ് അമ്മയുടെ ഗാനരംഗം ആസ്വദിച്ച് കാണുന്നത്. കമന്റ് ബോക്സ് നിറയെ നയൻസിന്റെയും വിക്കിയുടെയും പൊന്നോമനമക്കളുടെ ക്യൂട്ട്നെസിനെക്കുറിച്ചുള്ള കമന്റുകൾ മാത്രമേയുള്ളൂ.
വിവാഹത്തിന് മുൻപ്, നയൻതാരയും വിഗ്നേഷ് ശിവനും പരസ്പരം വിളിച്ചിരുന്ന പേരുകളാണ് ഉയിർ, ഉലകം എന്നത്. മക്കൾ പിറന്നപ്പോൾ, അതേ പേരുകൾ തന്നെ അവർ ഇരട്ട സഹോദരങ്ങൾക്ക് നൽകുകയായിരുന്നു. ഈ പേരുകളിലൂടെ മക്കൾ എന്നാൽ തങ്ങൾക്ക് ജീവനും ലോകവുമാണ് എന്ന് പറയാതെ പറയുക കൂടിയായിരുന്നു നയൻസും വിക്കിയും. ഉയിരിന്റെ യഥാര്‍ത്ഥ പേര് രുദ്രോനില്‍ എന്‍.ശിവ എന്നും ഉലകിന്റെ പേര് ദൈവിക് എന്‍.ശിവ എന്നുമാണ്. 2022 ജൂൺ 9 നാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. വാടക ഗർഭപാത്രത്തിന്റെ സഹായത്തോടെയാണ് നയൻതാരയും വിഗ്നേഷ് ശിവനും രണ്ടു മക്കളുടെ മാതാപിതാക്കളായത്. തങ്ങളുടെ സിനിമാ കരിയറിനൊപ്പം തന്നെ പാരന്റിംഗിനും ഏറെ പ്രാധാന്യം നൽകി ബാലൻസ്ഡ് ആയാണ് നയൻതാരയും വിഘ്നേഷ് ശിവനും ഇപ്പോൾ മുന്നോട്ടു പോകുന്നത്. വളരെ സെലക്റ്റീവായി മാത്രം സിനിമകൾ ചെയ്ത് ബാക്കി സമയമത്രയും മക്കൾക്കൊപ്പം ചെലവഴിക്കുകയാണ് ഇരുവരും.
തമിഴകത്തെ പവർ കപ്പിളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഇപ്പോൾ കുഞ്ഞുങ്ങൾ കണ്ട് ആസ്വദിച്ച അതേ ഗാനമുള്ള സിനിമ തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയതും. നാനും റൗഡി താൻ ചിത്രത്തിലെ ബി.ടി.എസ് രംഗങ്ങൾ പകർപ്പ് അവകാശം ലംഘിച്ച് , നയൻതാരയുടെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതിന് നടനും ഈ ചിത്രത്തിന്റെ നിർമാതാവുമായ ധനുഷ് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഈ വിവാദം കെട്ടടങ്ങാതെ നിൽക്കുകയാണ് ഇപ്പോഴും. ഇതിന് പിന്നാലെയാണ് വിഘ്നേഷ് ശിവൻ ഈ വീഡിയോ പുറത്തുവിട്ടത്.