തമിഴ് നടൻ ശിവകുമാറിന്റെ മകനും സൂര്യയുടെ സഹോദരനുമാണ് കാർത്തി ശിവകുമാർ. തമിഴ് നടൻ സിദ്ധാർഥിനെ പ്രശംസിച്ചുള്ള കാർത്തിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിദ്ധാർഥിന്റെ പുതിയ ചിത്രമായ ‘മിസ്സ് യു ടു’ വിന്റെ ട്രെയിലാണ് കാർത്തിയുടെ പ്രശംസ. റൊമാൻസ് സിനിമകൾ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും എന്നാൽ അത്തരത്തിലുള്ള ചിത്രങ്ങൾ ചെയ്യാൻ കഴിവുള്ള അധികം നടൻമാർ തമിഴിൽ ഇല്ലെന്നുമാണ് കാർത്തി പറയുന്നത്. വിജയ് അഭിനയിച്ച ‘തുള്ളാത്ത മനവും തുള്ളും’ എന്ന ചിത്രം വളരെ പ്രിയപ്പെട്ടതാണ്. എന്നാൽ അത്തരം റൊമാൻസ് ചിത്രങ്ങൾ ചെയ്യാൻ കഴിവുള്ള നല്ല നടന്മാർ തമിഴിൽ കുറവ് തന്നെയാണ്. താൻ റൊമാൻസ് ചിത്രങ്ങൾ ചെയ്താൽ പ്രേക്ഷർക്ക് ചിലപ്പോഴേ അത് അംഗീകരിക്കാൻ കഴിയൂ. കാരണം തനിക്ക് പരിമിതികളുണ്ടെന്നും പ്രായം അതിന് അനുവദിക്കുന്നില്ലെന്നുമാണ് കാർത്തിയുടെ വാദം. എന്നാൽ അക്കാര്യത്തിൽ സിദ്ദാർഥിന് പ്രത്യേക കഴിവുണ്ടെന്നാണ് കാർത്തി കൂട്ടിച്ചേർക്കുന്നത്.
സിദ്ദാർഥ് ‘ബോയ്സ്’ സിനിമ ചെയ്തിട്ട് ഇപ്പോൾ 20 വർഷങ്ങൾ കഴിഞ്ഞു. എന്നാൽ അതിലെ റൊമാൻസ് ഇന്നും അതുപോലെ തന്നെ നിൽക്കുന്നു. റൊമാൻസ് മനോഹരമായി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നപോലെ ചെയ്യാൻ കഴിവുള്ള നടനാണ് സിദ്ദാർഥെന്നും അക്കാര്യത്തിൽ സിദ്ദാർഥിനോട് അസൂയയുണ്ടെന്നും കാർത്തി കൂട്ടിച്ചേർത്തു.
‘ചിറ്റാ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സിദ്ധാർത്ഥ് നായകനായെത്തുന്ന റൊമാൻ്റിക് എൻ്റർടെയ്നർ ആണ് ‘മിസ് യു’. നവംബർ 29ന് ചിത്രം തിയറ്ററുകളിലെത്തും. യുവ സംവിധായകൻ എൻ.രാജശേഖർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘മിസ് യു’. തെന്നിന്ത്യൻ മുൻ നിര താരം ആഷികാ രംഗനാഥാണ് നായികയായി എത്തുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലായിരുന്നു സിദ്ധാർഥിന്റെ വിവാഹം. നടി അദിതി റാവു ഹൈദരിയെയാണ് താരം വിവാഹം ചെയ്തത്. സെപ്റ്റംബർ 16-ന് തെലങ്കാനയിലെ വനപർത്ഥിയിലെ ശ്രീരംഗപുരത്തെ 400 വർഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവർ വിവാഹിതരായത്. അദിതിയാണ് വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരെ വിവാഹ വാർത്ത അറിയിച്ചത്.