ആഷിഖ് അബുവിന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ ചിത്രമാണ് മായാനദി. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയും ടൊവിനോ തോമസും അവതരിപ്പിച്ച അപ്പു, മാത്തൻ എന്നീ കഥാപാത്രങ്ങൾ ഇന്നും പലരുടെയും ഫേവറേറ്റാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ടൊവിനോയെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി കഴിഞ്ഞതിന് ശേഷം അധികം വിളിക്കാറോ സംസാരിക്കാറോ ഇല്ല. അജയന്റെ രണ്ടാം മോഷണം സിനിമ കണ്ട ശേഷമാണ് കുറേ നാളുകൾക്ക് ശേഷം ടൊവിനോയെ കണ്ട് സംസാരിച്ചത്. ഒരു കഥാപാത്രത്തെ ചെയ്യാനായി വളരെ കഷ്ടപ്പെടുന്ന ആളാണ് ടൊവിനോ. എആർഎം സിനിമയിലെ ഓരോ ക്യാരക്റ്ററിനെ ചെയ്തതിന് പിന്നിലും ടൊവിനോയുടെ വലിയ എഫേർട്ട് ഉണ്ട്, അത് സിനിമയിൽ നിന്ന് തന്നെ വ്യക്തമാണ് എന്നാണ് ഐശ്വര്യ പറയുന്നത്. ടൊവിനോ വളരെ അച്ചടക്കമുള്ള ആളാണ്, അഭിനയത്തിന്റെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും എല്ലാം അങ്ങനെയാണ്. ജിമ്മിൽ പോവുക, കളരി ചെയ്യുക അങ്ങനെ വലിയ രീതിയിൽ ഹാർഡ് വർക്ക് ചെയ്യാറുണ്ട് ടൊവിനോ എന്നും ഐശ്വര്യ കൂട്ടിച്ചേർക്കുന്നു. വലിയ ബഹുമാനമുണ്ട് ടൊവിനോയോടെന്നും മറ്റ് പ്രിവിലേജ് ഒന്നുമില്ലാതെ സിനിമയിൽ വന്ന് പിടിച്ചു നിൽക്കുന്ന അദ്ദേഹത്തിന്റെ ജേർണിയും അത്ര എളുപ്പമുളളതല്ല എന്ന കാര്യം ഉറപ്പാണെന്നും ഐശ്വര്യ പറയുന്നു.
പ്രണയത്തിന്റെയും പകപോക്കലിന്റെയും കഥ മനോഹമരമായ ഫ്രെയിമുകളുടെയും സംഗീതത്തിന്റെയും അകമ്പടിയോടെ ചിത്രീകരിച്ച സിനിമയാണ് മായാനദി. മലയാളത്തിന്റെ മുൻനിര നായകനിരയിലേക്ക് ഉയർന്നു വരുന്ന ഘട്ടത്തിൽ ടൊവിനോക്ക് ലഭിച്ച ടേണിംഗ് പോയിന്റാണ് മായാനദി എന്ന് തന്നെ പറയാം. മിതത്വത്തോടെ മനോഹരമായി ടൊവിനോ മാത്തൻ എന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു. അപ്പു എന്ന അപർണയായി എത്തിയ ഐശ്വര്യ ലക്ഷ്മിയുടെയും അഭിനയം സിനിമ ഇറങ്ങിയ വേളയിൽ വലിയ പ്രശംസകൾ നേടിയിരുന്നു. ഇരുവരും ഇഴുകിച്ചേർന്നഭിനയിച്ച രംഗങ്ങളിൽ പോലും ആസ്വാദകന് ആശ്ലീലതയല്ല മറിച്ച് അവരുടെ ഉള്ളിലെ പ്രണയത്തിന്റെ തീവ്രത കാണിച്ചു തരാൻ രണ്ടുപേർക്കും കഴിഞ്ഞു. 2017-18 കാലഘട്ടത്തിൽ ഇറങ്ങിയ സിനിമകളിൽ വച്ച് ഏറ്റവും മികച്ച പ്രണയചിത്രമായിരുന്നു മായാനദി.