Beauty Tips

ആലിയയുടേതു പോലെ മനോഹരമായ ചർമം നിങ്ങൾക്കും സ്വന്തമാക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

മുഖത്തെ ക്ഷീണമകറ്റാൻ ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന വഴിയെന്താണ്? തണുത്ത വെള്ളത്തിൽ മുഖം കഴുകുക. അലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയ ഒട്ടേറെ സെലിബ്രിറ്റികൾ ഐസ് ഫേസ് വാഷിന്റെ ആരാധകരാണ്. തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ ചെറുതല്ല ഗുണങ്ങൾ.

സൂര്യപ്രകാശം മുഖത്ത് ഏല്‍ക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല . അതിനാല്‍ പുറത്ത് പോയി വരുമ്പോള്‍ സൂര്യപ്രകാശം മുഖത്ത് ഏല്‍ക്കുന്നത് മൂലമുള്ള കരുവാളിപ്പ്, ചര്‍മത്തിലെ ചുവപ്പ്, ചൊറിച്ചില്‍ എന്നിവയെ അകറ്റാന്‍ ഐസ് വെള്ളത്തില്‍ മുഖം മുക്കുന്നത് നല്ലതാണ്. ഇത് മുഖത്തെ രക്തയോട്ടം കൂടാനും മുഖത്തെ വീക്കവും ചുവപ്പും കുറയ്ക്കാനും ഗുണം ചെയ്യും. രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള മുഖത്തെ വീക്കവും ചുവപ്പും മാറ്റാനും ഐസ് വെള്ളത്തില്‍ മുഖം മുക്കിയാല്‍ മതിയാകും. ചര്‍മത്തിന് ഉന്മേഷവും പുനരുജ്ജീവനവും നല്‍കാനും ഇത് വലിയ രീതിയില്‍ ഗുണം ചെയ്യും.

ഐസ് വെള്ളത്തില്‍ മുഖം മുക്കുന്നത് ചര്‍മത്തിലെ സുഷിരങ്ങള്‍ അടയാനും നല്ലതാണ്. സുഷിരങ്ങളിലെ അഴുക്ക്, എണ്ണ എന്നിവയെ അകറ്റാനും ഐസ് വെള്ളത്തില്‍ മുഖം മുക്കുന്നത് ഗുണം ചെയ്യും. കൂടാതെ ബ്ലാക്ക്‌ഹെഡ്‌സ്, മുഖക്കുരു എന്നിവ ഉണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കാനും ഇത് സഹായിക്കും. മേക്കപ്പ് കൂടുതല്‍ നേരം നീണ്ടുനില്‍ക്കണമെന്നുണ്ടെങ്കില്‍ മുഖം ഐസ് വെള്ളത്തില്‍ മുക്കിയാല്‍ മതി. കൊറിയന്‍ സൗന്ദര്യവിദ്യകളില്‍ പലപ്പോഴും ഐസ് വാട്ടര്‍ ഫേഷ്യലിന് വലിയ പ്രാധാന്യമുണ്ട്. ഇതിനായി നിങ്ങളുടെ മുഖം ഐസില്‍ നാല് മിനിറ്റ് മുക്കി വയ്ക്കുക. ഉണങ്ങിയതിന് ശേഷം മേക്കപ്പ് ചെയ്താല്‍ മതിയാകും. ചര്‍മസംരക്ഷണനായി ഉപയോഗിക്കുന്ന സെറം, മോയ്സ്ചുറൈസറുകള്‍, മാസ്‌ക്കുകള്‍ എന്നിവ നന്നായി ആഗിരണം ചെയ്യാനും ഐസ് വെള്ളത്തില്‍ മുഖം മുക്കുന്നത് നല്ലതാണ്.