Celebrities

ഞാൻ ചോദിച്ച പണം അവർ തന്നു, പാടി.., ‘മാർക്കോ’ വിവാദത്തിൽ പ്രതികരണവുമായി ഡബ്സി

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന വയലന്‍റ് ചിത്രം മാർക്കോയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ‌. ഹനീഫ് അദേനി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ആദ്യ ഗാനം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.’ബ്ലഡ്’ എന്ന ഫസ്റ്റ് സിംഗിള്‍ ആദ്യം പാടിയത് ഡബ്സി ആയിരുന്നു. ആദ്യ ഗാനത്തിന്‍റെ യുട്യൂബ് വിഡിയോയ്ക്ക് താഴെ ഡബ്സിയുടെ ആലാപനം പോരെന്നും ഈ ഗാനത്തിന് ചേരുന്ന ആലാപന ശൈലി അല്ലെന്നുമൊക്കെയുള്ള കമന്‍റുകള്‍ ധാരാളമായി എത്തി. ഇതോടെ അണിയറപ്രവർത്തകർ സന്തോഷ് വെങ്കിയെകൊണ്ട് ഗാനം മാറ്റി പാടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗായകൻ ഡബ്‌സി.

താരം തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രതികരണവുമായി എത്തിയത്. ഡബ്സിയുടെ വാക്കുകൾ ഇങ്ങനെ, “ഹായ് ​ഗയ്സ് ഡബ്സിയാണ്. ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങളോട് പറയണോ വേണ്ടയോ എന്ന് വിചാരിച്ചിരിക്കുവായിരുന്നു. എന്തായാലും പറായാം. മാര്‍ക്കോ എന്ന സിനിമയെ ചൊല്ലി കുറച്ചധികം പ്രശ്‌നങ്ങള്‍ നടന്നുവരുന്നുണ്ട്. ആദ്യം തന്നെ പറയാനുള്ളത്, ഇതിലിപ്പോൾ ഒന്നുമില്ല. ചിത്രത്തില്‍ പാടാനായി ഞാൻ ചോദിച്ച പണം ചിത്രത്തിൻ്റെ അണിയറപ്രവര്‍ത്തകര്‍ എനിക്ക് നല്‍കുകയും ഞാന്‍ പ്ലേബാക്ക് പാടുകയും ചെയ്തു. അതിനുശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. അവരോട് എനിക്ക് യാതൊരു വിരോധവുമില്ല. പാട്ടിൻ്റെ കമ്പോസര്‍ ഞാന്‍ അല്ല. പാട്ടിൻ്റെ പോരായ്മകള്‍ പരിഹരിക്കുക എന്നുള്ളത് അതിൻ്റെ സംവിധായകൻ്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല. നന്ദി”-ഡബ്‌സി പറഞ്ഞു.

സംഭവത്തിൽ പ്രതികരിച്ച് ഗായകൻ സന്തോഷ് വെങ്കിയും രം​ഗത്ത് എത്തിയിരുന്നു. ഡബ്സിക്കു പകരമായല്ല താൻ ഗാനം ആലപിച്ചതെന്നും നിർമാതാവിന് അയച്ചുകൊടുക്കാൻ തയ്യാറക്കിയ ഒരു പതിപ്പ് മാത്രമായിരുന്നു താൻ പാടിയതെന്നും സന്തോഷ് വെങ്കി പറഞ്ഞു.