Entertainment

കോടതി കയറി നയൻതാര – ധനുഷ് പോര്

നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെൻ്ററിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദം കോടതിയിലേക്ക്. പകർപ്പവകാശം ലംഘിച്ചെന്ന പരാതിയുമായി തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നയൻതാരയുടെയും വിഘ്‌നേഷ് ശിവൻ്റെയും വിവാഹ ഡോക്യുമെൻററിയിൽ അനുവാദമില്ലാതെ സിനിമയുടെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെയാണ് കോടതിയെ സമീപിച്ചത്. നയന്‍താര, ഭര്‍ത്താവും സംവിധാകനുമായ വിഘ്നേഷ് ശിവന്‍, നയന്‍താരയുടെ ഉടമസ്ഥതയിലുള്ള റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി. നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യയിലെ പ്രതിനിധികളായ ലോസ് ഗറ്റോസ് പ്രൊഡക്ഷന്‍ സര്‍വീസസിനെക്കൂടി കേസില്‍ കക്ഷിയാക്കാന്‍ അനുവദിക്കണമെന്നും ധനുഷ് ആവശ്യം ഉന്നയിച്ചു.’നാനും റൗഡി താൻ’ സിനിമയുടെ ദൃശ്യങ്ങൾ ഉപയോഗിച്ചത് പകർപ്പവകാശ ലംഘനം എന്നാണ് ധനുഷിൻ്റെ നിർമ്മാണ കമ്പനി വാദിക്കുന്നത്. നേരത്തെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ സിനിമയുടെ ദൃശ്യങ്ങൾ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ചിത്രത്തിൻ്റെ ബിടിഎസ് ദൃശ്യങ്ങൾ നിർമാതാവിന് അവകാശപ്പെട്ടതാണെന്നാണ് ധനുഷ് പറയുന്നത്.

മൂന്ന് സെക്കൻഡ് ദൃശ്യങ്ങൾക്ക് പത്തു കോടി ആവശ്യപ്പെട്ട നടൻ ധനുഷിന് എതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തി നയൻതാര രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ തുറന്ന കത്ത് പോസ്റ്റ് ചെയ്തായിരുന്നു നയൻതാരയുടെ വിമർശനം. മാത്രമല്ല ധനുഷ് തന്നോടും കുടുംബത്തോടും വൈരാഗ്യം വെച്ചുപുലർത്തുകയാണെന്നും നയൻതാര കുറ്റപ്പെടുത്തിയിരുന്നു.