തിരുവനന്തപുരം ജില്ലയുടെ ഗ്രാമീണടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താവുന്ന മനോഹരമായ ഒരു ശിലാസ്ഥാനമാണ് ദ്രവ്യപ്പാറ. അമ്പൂരിയെന്ന ഗ്രാമത്തോട് ചേർന്നു കിടക്കുന്ന ഇവിടം അധികമാരുടെയും കണ്ണിൽപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. ഇപ്പോൾ സോഷ്യൽമീഡിയയിൽ ചിലയിടങ്ങളിലായി കണ്ടറിഞ്ഞാണ് പലരും ഇവിടേക്ക് എത്തുന്നത്. ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും കഥകളുറങ്ങുന്ന ഇടമാണ് ദ്രവ്യപ്പാറ. നെല്ലിക്കാമലയുടെ നെറുകയിലാണ് ഐതീഹ്യങ്ങളുടെ പെരുമയിൽ തലയുയർത്തി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ‘ദ്രവ്യപ്പാറ’ എന്ന ഭീമാകാരനായ ശിലാരൂപം നിൽക്കുന്നത്. ദക്ഷിണഭാരതത്തിലെ ഏക പ്രകൃതിദത്ത ശിവലിംഗം ഗുഹാമുഖത്ത് കാണാനാകുന്ന ഏക സ്ഥലമാണ് ദ്രവ്യപ്പാറ. സഞ്ചാരികൾക്കായി പ്രകൃതി മനോഹരമായ കാഴ്ചകൾ ഇവിടെ നിരവധിയുണ്ടെങ്കിൽ സാഹസികയാത്ര ഇഷ്ടപ്പെടുന്നവർക്കായി പടികൾ കൊത്തിയ പാറയിലൂടെ ജീവൻ കയ്യിൽ പിടിച്ചുള്ള യാത്രയും നടത്താം. ഇതിന് നിങ്ങൾ ഒരു വിശ്വാസിയാണെങ്കിൽ അതിമനോഹരമായ കഥകളുടെ ഇടമായ ഒരു ഗുഹാ ക്ഷേത്രവും ഇവിടെ കാണുവാനുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമാണ് ദ്രവ്യപ്പാറ ദക്ഷിണാമൂർത്തി ക്ഷേത്രം. എട്ടുവീട്ടിൽ പിള്ളമാരിൽ നിന്ന് രക്ഷനേടാൻ മാർത്താണ്ഡവർമ്മ മഹാരാജാവ് ഒളിച്ചുപാർത്ത ആദിവാസികളുടെ ഗുഹാക്ഷേത്രമാണ് ഇതെന്നാണ് പറയപ്പെടുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലേയും 143 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനം കൂടിയാണ് ദ്രവ്യപ്പാറ ദക്ഷിണാമൂർത്തി ക്ഷേത്രം. തെക്കേ ഇന്ത്യയിൽ ആകെയുള്ള ഒരേയൊരു പ്രകൃതിദത്ത ശിവലിംഗം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.
അമ്പൂരിയിലെ നെല്ലിക്കാമലയുടെ മുകളിൽ സമുദ്ര നിരപ്പിൽ നിന്നും 1500 അടി മുകളിലാണ് ദ്രവ്യപ്പാറ സ്ഥിതിചെയ്യുന്നത്. പാറയിൽ കൊത്തിയ 72 പടികൾ കയറിയാണ് ഇവിടെ എത്തേണ്ടത്. പടികൾ കയറി മുകളിലെത്തിയാൽ അവിടെ നിന്നുള്ള കാഴ്ചകളാണ് ഇവിടുത്തെ അടുത്ത ആകർഷണം. ശംഖുമുഖം കടൽത്തീരവും കപ്പലുകൾ പോകുന്നതും തിരുവനന്തപുരം വിമാനത്താവളവും ഒക്കെ കാണാൻ സാധിക്കും. തിരുവനന്തപുരത്തു നിന്നും 40 കിലോമീറ്റർ അകലെ അമ്പൂരിയിലെ നെല്ലിക്കാമലയുടെ മുകളിലാണ് ദ്രവ്യപ്പാറ സ്ഥിതി ചെയ്യുന്നത്. കള്ളിക്കാട്, വാഴിച്ചല്‍, കുട്ടമല വഴി കുടപ്പനമൂട് എത്തി അവിടെ നിന്നും പൊട്ടന്‍ചിറയില്‍ എത്തിയാൽ മലയുടെ അടിവാരം വരെ റോഡുണ്ട്. അവിടെ നിന്ന് അരക്കിലോമീറ്റര്‍ കാല്‍നടയായി വേണം ദ്രവ്യപ്പാറയിലെത്താന്‍. പതിവ് വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ മുഷിപ്പ് ഒഴിവാക്കി യാത്രചെയ്യാൻ താല്പര്യമുള്ളവർക്ക് പോകാൻ പറ്റിയ ഇടമാണ് ദ്രവ്യപാറ.