‘പുഷ്പ 2: ദി റൂൾ’ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കൊച്ചിയെ ഇളക്കി മറിച്ച് അല്ലു അർജുനും രശ്മിക മന്ദാനയും. കൊച്ചിൻ എയർപോർട്ടിൽ എത്തിയ ഇരുവർക്കും ഗംഭീര സ്വീകരണമാണ് ആരാധകർ ഒരുക്കിയിരുന്നത്. താരങ്ങളെ സ്വീകരിക്കാൻ നൂറുകണക്കിന് ആളുകളാണ് എയർപോർട്ടിൽ എത്തിയിരുന്നത്. തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ പുഷ്പ 2 ൽ ഇരുവരുടെയും മികച്ച പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും.
ആദ്യ ഭാഗത്തേക്കാൾ പതിന്മടങ്ങ് ആക്ഷൻ പാക്ക്ഡ് എന്റർടെയ്നറായിട്ടാണ് രണ്ടാം ഭാഗം എത്തുന്നതെന്ന് അടിവരയിടുന്നതായിരുന്നു പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ. പുഷ്പരാജായി അല്ലു അർജ്ജുനും ഭൻവർസിംഗ് ഷെഗാവത്തായി ഫഹദ് ഫാസിലും ശ്രീവല്ലിയായി രശ്മികയുടേയും ഗംഭീര പ്രകടനം രണ്ടാം ഭാഗത്തിൽ കാഴ്ചവച്ചിട്ടുണ്ടെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാക്കുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളാണുള്ളത്.
മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്ന് നിർമിക്കുന്ന പുഷ്പ 2 കേരളത്തിലെത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ്സ് ആണ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിരിക്കുകയാണ്. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്നാണ് ഇ ഫോർ എന്റർടെയ്ൻമെന്റ്സ് സാരഥി മുകേഷ് ആർ മേത്ത അറിയിച്ചിട്ടുള്ളത്.
STORY HIGHLIGHT: allu arjun and reshmika mandanna reached in kochi