Celebrities

ഫഹദിനൊപ്പം എന്തുകൊണ്ട് സിനിമ ചെയ്യുന്നില്ല ? നസ്രിയ അത് വെളിപ്പെടുത്തുന്നു… | nazriya-nazim-opens-up

ഏറ്റവും പുതിയതായി ബേസിലിനൊപ്പം നായികയായി അഭിനയിച്ച നസ്രിയയുടെ സിനിമ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്

മലയാളികളുടെ പ്രിയപ്പെട്ട താരതമ്പതികളാണ് ഫഹദും നസ്രിയയും. ഒരുമിച്ച് അഭിനയിച്ച പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്യുകയായിരുന്നു ഇരുവരും. വിവാഹ സമയത്ത് നിരവധി വിമർശനങ്ങളും താരങ്ങൾക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് വിമർശിക്കപ്പെട്ടത്. ഫഹദ് ഇപ്പോഴും സിനിമയിൽ വളരെ സജീവമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ഇതിനോടകം തന്നെ ഫഹദ് ചെയ്തു. നസ്രിയ ഇടവേളകളിലാണ് സിനിമകൾ ചെയ്യുന്നത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാളത്തിലെ ഏറ്റവും ജനപ്രീയ നായികയായി മാറാന്‍ നസ്രിയയ്ക്ക് സാധിച്ചിരുന്നു. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, കൂടെ പോലുള്ള ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നായികയാണ് നസ്രിയ. പിന്നീടാണ് നസ്രിയ നടന്‍ ഫഹദ് ഫാസിലിനെ വിവാഹം കഴിക്കുന്നതും സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നതും.

വിവാഹ ശേഷം നസ്രിയ മടങ്ങി വന്നത് ട്രാന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നാലെ ഒരു തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. ഇതിന് ശേഷം നസ്രിയ പിന്നീട് സിനിമകളൊന്നും ചെയ്തിരുന്നില്ല. ഇപ്പോഴിതാ നസ്രിയ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. സൂഷ്മദര്‍ശിനി എന്ന സിനിമയിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. നാല് വര്‍ഷത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമയാണിത്. എംസി ജിതിന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന്‍ ബേസില്‍ ജോസഫ് ആണ്.

ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഫഹദിനൊപ്പമുള്ള ജീവിതത്തെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള പരിഹാസത്തെ പറ്റിയും പറയുകയാണ് നടി.

‘ഞാന്‍ സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകള്‍ ഒന്നും വായിക്കാറില്ല. വാര്‍ത്തയാകുമ്പോഴാണ് അറിയുന്നത്. കല്യാണം കഴിഞ്ഞപ്പോള്‍ പ്രായവ്യത്യാസത്തില്‍ നെഗറ്റീവ് കമന്റുകളുമായി ചിലര്‍ വന്നിരുന്നു. അതുകഴിഞ്ഞ് ഞാന്‍ തടി വെച്ചപ്പോള്‍ മോശം കമന്റുകള്‍ ഇട്ടവരുണ്ട്.

അവസാനം സുഷിന്റെ കല്യാണത്തില്‍ തൃപ്പൂണിത്തറ അമ്പലത്തില്‍ പോയപ്പോഴും ഉണ്ടായി. ആ ക്ഷേത്രത്തെക്കുറിച്ച് അറിയാവുന്ന ആരും വിവാദമുണ്ടാക്കിയവര്‍ക്കൊപ്പം നില്‍ക്കില്ല. ആര്‍ക്കാണ് പ്രശ്‌നമെന്ന് മനസ്സിലാവുന്നില്ല. ഞാനും ഷാനുവും എവിടെ ചെന്നാലും ആളുകള്‍ സ്‌നേഹത്തോടെയാണ് പെരുമാറുന്നതെന്ന്,’ നസ്രിയ പറയുന്നു.

ഫഹദിനൊപ്പം ഒരു സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് നസ്രിയയുടെ മറുപടി ഇങ്ങനെയാണ്. ‘അങ്ങനൊരു സിനിമ ആലോചനയില്‍ ഇല്ലെന്ന് പറയുന്നില്ല. രണ്ടുപേര്‍ക്കും ഒന്നിച്ച് വരാനുള്ള കഥ ഇതുവരെ കിട്ടിയിട്ടില്ല എന്നതാണ് സത്യം. ട്രാന്‍സിന് മുന്‍പ് സിനിമ ആലോചിച്ചെങ്കിലും നടന്നില്ല. ഞാനും ഷാനുവും ഒന്നിച്ചു വരുമ്പോള്‍ അത് ഗംഭീരമാവണം.

ഭാര്യയും ഭര്‍ത്താവും കഥാപാത്രങ്ങളായ ഒരുപാട് കഥകള്‍ വരുന്നുണ്ട്. പക്ഷേ എന്തെങ്കിലും അത്ഭുതപ്പെടുത്തുന്ന ഒരു ഘടകം വേണ്ടേ? ഒരുമിച്ച് ഒരു സിനിമ എന്നത് ചലഞ്ചിങ് ആണ്. രണ്ടുപേരും വീട്ടില്‍ നിന്ന് വന്ന് അഭിനയിച്ചത് പോലൊരു തോന്നല്‍ ഉണ്ടാവാന്‍ പാടില്ല. രണ്ടു കഥാപാത്രങ്ങള്‍ക്കും ഒറ്റയ്ക്ക് നില്‍ക്കാന്‍ പറ്റണം. ഈ കടമ്പകളൊക്കെ കടന്നാലേ ഒരുമിച്ചുള്ള സിനിമ സംഭവിക്കാന്‍ സാധ്യതയുള്ളൂ,’ എന്നാണ് നസ്രിയ പറയുന്നത്.

‘കല്യാണം കഴിക്കുമ്പോഴേ ഞങ്ങള്‍ ഒരു കാര്യം തീരുമാനിച്ചിരുന്നു. രണ്ടുപേരുടെയും സ്വഭാവത്തില്‍ ഒരു മാറ്റവും വരുത്തരുതെന്ന്. ഒരാളുടെ സ്വഭാവത്തെ മാറ്റി കളയാന്‍ ഉള്ളതാണോ വിവാഹമെന്ന് നസ്രിയ ചോദിക്കുന്നു. സുഹൃത്തുക്കള്‍ ആയിരിക്കുമ്പോള്‍ ഞങ്ങള്‍ എന്തായിരുന്നു അത് ഇന്നും തുടരുകയാണ്.

ഫഹദ് ഫാസില്‍ എന്ന് പറയുന്നത് എന്റെ പ്രോപ്പര്‍ട്ടി ഒന്നുമല്ല. എനിക്ക് എഴുതിത്തന്ന സ്ഥലം ഒന്നുമല്ലല്ലോ. ഞാനും അതുപോലെ തന്നെ. രണ്ട് വ്യക്തികളായി നില്‍ക്കുന്നത കൊണ്ടാണ് അന്നത്തെ അതേ വൈബ് തുടരാന്‍ ആകുന്നത്. ഫഹദിനെ സൂക്ഷ്മദര്‍ശനി ഉപയോഗിച്ച് നോക്കാറില്ല. പക്ഷേ വൃത്തിയെക്കുറിച്ച് കുറച്ച് വൃത്തികെട്ട സ്വഭാവം എനിക്കുണ്ട്. ഒരു വസ്തു വച്ച സ്ഥലത്ത് നിന്ന് എടുത്താല്‍ അത് അവിടെ തന്നെ വയ്ക്കണം. ഞാന്‍ ബഹളം ഉണ്ടാക്കുന്നത് ഈ കാര്യത്തില്‍ മാത്രമാണെന്നും,’ നടി കൂട്ടിച്ചേര്‍ത്തു.

content highlght: nazriya-nazim-opens-up