തെന്നിന്ത്യയിലെ സൂപ്പർ താരവും നാഷ്ണൽ ക്രഷുമാണ് രശ്മിക മന്ദാന. കേരളത്തിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. ‘പുഷ്‌പ 2: ദ റൂൾ’ റിലീസിനോടനുബന്ധിച്ചുള്ള പ്രൊമോഷന്‍റെ ഭാഗമായി താരം കേരളത്തിലെത്തിയിരുന്നു. കൊച്ചിയിലെ പരിപാടിക്കിടെ മലയാളത്തിലാണ് രശ്മിക വേദിയെ അഭിസംബോധന ചെയ്തത്.
എനിക്ക് മലയാളം അധികം അറിയില്ലെന്നും എന്നാൽ ഒരു കാര്യം അറിയാമെന്നും പറഞ്ഞ് ‘നിങ്ങളൊക്കെ ചോറ് കഴിച്ചോ ?’ എന്നാണ് താരം ചോദിച്ചത്. നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് രശ്മികയുടെ മലയാളത്തെ ഏറ്റെടുത്തത്. അടുത്ത തണവ വരുമ്പോൾ കൂടുതൽ മലയാളം സംസാരിക്കുമെന്നും ഇത്തവണ ഇംഗ്ലീഷിൽ സംസാരിക്കുകയാണെന്നും താരം പറഞ്ഞു. കേരളവുമായി അടുത്ത ബന്ധം പുലർത്തുന്ന തനിക്ക് മലയാളികളെയും, കേരത്തിലെ പായസവും വളരെ ഇഷ്‌ടമാണെന്നും താരം കൂട്ടിച്ചേർത്തു. അല്ലു അർജുന് കേരളത്തിൽ ലഭിച്ച സ്വീകരണം കണ്ടപ്പോൾ ശരിക്കും അല്ലു അർജുൻ അല്ല ‘മല്ലു’ അർജുൻ ആണെന്ന് തോന്നിയെന്നും താരം അതിശയത്തോടെ പറയുന്നു. പുഷ്പ ടു എല്ലാവരും കാണണമെന്നും തീർച്ചയായും സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ലെന്നും താരം വ്യക്തമാക്കി. കൊച്ചിയുടെ സ്നേഹത്തിന് രശ്മിക നന്ദിയും പറഞ്ഞു. ആരാധകരുടെ നിർബന്ധത്തിന് വഴങ്ങി സിനിമയിലെ തന്‍റെ നൃത്ത ചുവടുകളും അവതരിപ്പിച്ചാണ് താരം മടങ്ങിയത്.
പ്രമോഷനായി കൊച്ചിയിലെത്തിയ താരങ്ങൾക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും, സിനിമ പ്രമോഷൻ വേദിയൊരുക്കിയ ഗ്രാന്‍റ് ഹയാത്തിലും സിനിമ പ്രേമികളും ആരാധകരും ഉൾപ്പടെ വൻ ജനാവലിയാണ് തടിച്ച് കൂടിയത്. നിറഞ്ഞ കയ്യടിയോടെയായിരുന്നു പുഷ്പ ടീമിനെ മലയാളികൾ വേദിയിലേക്ക് സ്വാഗതം ചെയ്‌തത്. ഡിസംബർ അഞ്ചിനാണ് ചിത്രം ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ എത്തുക. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചിത്രം കൂടിയാകും ‘പുഷ്‌പ 2: ദ റൂൾ’ എന്നാണ് സൂചന. അല്ലു അർജുന്‍ രശ്‌മിക മന്ദാന എന്നിവര്‍ക്ക് പുറമെ ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈ ഫോർ എന്‍റര്‍ടെയിന്‍മെന്‍റ്‌സാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.