ടർക്കിഷ് തർക്കം സിനിമയുടെ പ്രദർശനം താത്ക്കാലികമായി നിർത്തിവെച്ചതായി സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. മുസ്ലിം മതത്തിലെ ഖബറടക്കം കുടുംബ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ സിനിമയിൽ ഉന്നയിച്ചതിൽ മതനിന്ദ ആരോപിച്ചെന്നും സംവിധായകനും നിർമാതാവിനും ഭീഷണി വന്നെന്നുമായിരുന്നു സിനിമ പിൻവലിക്കാനുള്ള തീരുമാനത്തിന്റെ കാരണങ്ങളായി അറിയിച്ചത്. എന്നാൽ ആരാണ് ഇത്തരത്തിൽ ഭീഷണി ഉന്നയിച്ചതെന്നും അണിയറപ്രവർത്തകർ കള്ളം പറയുകയാണെന്നും ആരോപിച്ച് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ വി.ടി.ബൽറാം രംഗത്തെത്തി. ഈ പേരിൽ ഒരു സിനിമ റിലീസ് ചെയ്തതു പോലും അറിഞ്ഞിരുന്നില്ല. മതനിന്ദ ആരോപിച്ച് ഏതെങ്കിലും അറിയപ്പെടുന്ന വ്യക്തികളോ സംഘടനകളോ രംഗത്തെത്തിയതായും ഭീഷണി മുഴക്കിയതായും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ ആ സിനിമയെ വിമർശിച്ചു കൊണ്ടുള്ള ഒരൊറ്റ പോസ്റ്റും ടൈംലൈനിൽ കണ്ടിരുന്നില്ല എന്നാണ് ബൽറാമിന്റെ പോസ്റ്റിന്റെ തുടക്കം. തിയേറ്ററിൽ പൊളിഞ്ഞ സിനിമയെ രക്ഷിക്കാൻ അണിയറപ്രവർത്തകർ നീക്കം നടത്തുകയാണോ എന്ന സംശയവും ബൽറാം പങ്കുവെച്ചു. ഇസ്ലാമോഫോബിയക്ക് ഇന്ന് ലോകത്തും ഇന്ത്യയിലും നല്ല മാർക്കറ്റുണ്ട്. ഈയടുത്ത കാലത്തായി കേരളത്തിലും അതിന്റെ വിപണിമൂല്യം കൂടിവരികയാണ്. തെരഞ്ഞെടുപ്പിൽ തോൽക്കുന്ന രാഷ്ട്രീയ പാർട്ടികളും അവർക്കെതിരായ സാധാരണ ജനങ്ങളുടെ വോട്ടിനെ വർഗീയതയുടെ കളത്തിൽ ഉൾക്കൊള്ളിച്ച് ന്യായീകരണ ക്യാപ്സ്യൂളുകളുണ്ടാക്കുന്ന കാലമാണ്. കച്ചവട താത്പര്യങ്ങൾക്കായി സിനിമാക്കാരും ഇതിനെ ഒരു സാധ്യതയായി കാണുന്നത് ഈ നാടിന് താങ്ങാനാവില്ലെന്നും വി.ടി.ബൽറാം ഫേസ് ബുക്ക് പോസ്റ്റിൽ കൂട്ടിചേർത്തു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയ ഇത് ഏറ്റെടുത്തു. കൃത്യമായ അന്വേഷണം നടത്തണമെന്ന ആവശ്യങ്ങളും ഉയർന്നു വരുന്നുണ്ട്.
നവംബര്‍ 22നാണ് ടർക്കിഷ് തർക്കം എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയത്. നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം നാദിര്‍ ഖാലിദ്, അഡ്വ. പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ലുക്മാനും സണ്ണി വെയ്‌നും ഒപ്പം ഹരിശ്രീ അശോകന്‍, ആമിന നിജ്ജം, ഡയാന ഹമീദ്, ജയശ്രീ ശിവദാസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.