Travel

അപൂർവ രത്നങ്ങൾ വിളയുന്ന നഗരം; കണ്ടെത്തിയത് 510 കിലോ വരെ ഭാരമുള്ള ഇന്ദ്രനീലക്കല്ലുകൾ | sri-lanka-gem-capital-ratnapura

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാടാണ് ശ്രീലങ്ക. ബൃഹത്തായ ധാതുനിക്ഷേപങ്ങളും ജൈവവൈവിധ്യവും ഈ ദ്വീപരാഷ്ട്രത്തിലുണ്ട്. ശ്രീലങ്കയുടെ രത്ന തലസ്ഥാനമെന്നാണ് രത്നപുര അറിയപ്പെടുന്നത്. ശ്രീലങ്കയിൽ രത്നവ്യവസായം വളരെ ശക്തവുമാണ്. കഴിഞ്ഞവർഷം മാത്രം 50 കോടി ഡോളറോളം വരുമാനം രത്നവ്യാപാരത്തിലൂടെ രാജ്യം നേടിയെന്നാണു കണക്ക്. കൊളംബോയിൽ നിന്ന് 85 കിലോമീറ്റർ അകലെയായാണ് രത്നപുര സ്ഥിതി ചെയ്യുന്നത്. ശ്രീലങ്കയിലെ സബരഗമുവ പ്രവിശ്യയിലാണു രത്നപുര നഗരം. കാലു ഗംഗ എന്നറിയപ്പെടുന്ന നദിയുടെ കരയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. രണ്ട് സഹസ്രാബ്ദങ്ങൾക്ക് മുൻപ് ഇന്ത്യയിൽ നിന്നെത്തിയ സന്യാസിമാരാണ് മേഖലയ്ക്കു രത്നപുരയെന്നു പേരുനൽകിയതെന്നു കരുതപ്പെടുന്നു.

ഇന്ദ്രനീലം, വൈഡൂര്യം, പവിഴം തുടങ്ങിയവയും ഇവിടത്തെ ഖനികളിലുണ്ട്. നെല്ല്, പഴവർഗങ്ങൾ, തേയില, റബർ എന്നിവയുടെ കൃഷിക്കും രത്നപുര പ്രശസ്തമാണ്.2021ൽ ശ്രീലങ്കയിൽ 310 കിലോ ഭാരമുള്ള ഇന്ദ്രനീലക്കല്ല് കണ്ടെത്തിയത് ഈ ഖനിയിൽ നിന്നാണ്. ലോകത്തിൽ തന്നെ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും അപൂർവും ഭാരമേറിയതുമായ ഇന്ദ്രനീല രത്നമാണ് ഇത് രത്നവിദഗ്ധർ പറയുന്നു. ക്വീൻ ഓഫ് ഏഷ്യ എന്നാണ് ഈ രത്നത്തിന്റെ പേര്. അലൂമിനിയം ഓക്സൈഡ്, ടൈറ്റാനിയം, ഇരുമ്പ്, നിക്കൽ എന്നിവയടങ്ങിയതാണ് ഈ രത്നം.

രത്നപുരയിൽ നേരത്തെയും അമൂല്യമായ രത്നക്കല്ലുകൾ കണ്ടെത്തിയിരുന്നു. 510 കിലോ ഭാരമുള്ള സെറൻഡിപിറ്റി സഫയർ എന്ന രത്നവും ഇവിടെ നിന്ന് അബദ്ധത്തിൽ കണ്ടെടുക്കുകയായിരുന്നു. നീലനിറമുള്ള അമൂല്യരത്നമായ ഇന്ദ്രനീലം ഇംഗ്ലിഷിൽ സഫയർ എന്നാണ് അറിയപ്പെടുന്നത്. ലാറ്റിൻ വാക്കായ സാഫിറോസിൽ നിന്നാണ് ഈ വാക്ക് വന്നത്. മ്യാൻമറിൽ നിന്നു കണ്ടെത്തിയ ബിസ്മാർക്ക്, ഓസ്ട്രേലിയയിൽ നിന്നു കണ്ടെത്തിയ ബ്ലാക്ക് സ്റ്റാർ, ശ്രീലങ്കയിൽ നിന്നു കണ്ടെത്തിയ ബ്ലൂ ബെല്ല, ലോഗൻ, ക്വീൻ മേരി, സ്റ്റാർ ഓഫ് ബോംബെ, സ്റ്റുവർട്ട് സഫയർ തുടങ്ങിയവയാണ് ലോകപ്രശസ്തങ്ങളായ ഇന്ദ്രനീലക്കല്ലുകൾ.

STORY HIGHLLIGHTS: sri-lanka-gem-capital-ratnapura