ടർക്കിഷ് തർക്കം സിനിമാ വിവാദത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ തള്ളി ലുക്ക്മാന് പിന്നാലെ നടൻ സണ്ണി വെയ്നും രംഗത്ത്. സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും നേരിട്ടിട്ടില്ലെന്നും സിനിമ പിൻവലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് നിർമാതാവാനോട് അന്വേഷിച്ചപ്പോൾ കൃത്യമോ തൃപ്തികരമോ ആയ മറുപടി ലഭിച്ചില്ലെന്നുമാണ് താരം ഫേസ്ബുക്കിൽ കുറിക്കുന്നത്. മാത്രവുമല്ല സിനിമ പിൻവലിച്ച
വിവരം അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയാണെന്ന് കൂടി സണ്ണി വെയ്ൻ കൂട്ടിച്ചേർക്കുന്നു. ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ അവസ്ഥകൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും മലയാള സിനിമയ്ക്ക് ഗുണത്തിനപ്പുറം ഇത് ദോഷം മാത്രമേ ചെയ്യൂ എന്നും അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നുകൂടി താരം കൂട്ടിച്ചേർക്കുന്നു. ഇതേ വിഷയങ്ങൾ തന്നെയാണ് സിനിമയിൽ പ്രധാന കഥാപാത്രമായി വേഷമിട്ട ലുക്ക്മാനും ഉന്നയിച്ചത്. സിനിമ പിൻവലിച്ചതിൽ തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും വിവാദങ്ങളിൽ കഴമ്പുണ്ടെങ്കിൽ അന്വേഷണം നടക്കട്ടെയെന്നുമായിരുന്നു ലുക്ക്മാന്റെ നിലപാട്.
നവംബര്‍ 22 സിനിമ തിയേറ്ററുകളിൽ എത്തി തൊട്ടു പിന്നാലെയായിരുന്നു മതനിന്ദ ആരോപണം ഉയർന്നു എന്ന് കാണിച്ച് അണിയറപ്രവർത്തകർ ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചത്. മതവികാരം വൃണപ്പെടുത്തി എന്ന തരത്തിൽ ആരോപണം ഉയർന്നതോടെ കോൺഗ്രസ് നേതാവ് വി.ടി.ബൽറാം രംഗത്തെത്തി. തിയേറ്ററിൽ പൊളിഞ്ഞ ഒരു ചിത്രം കച്ചവടതാത്പര്യങ്ങൾക്കായി അണിയറപ്രവർത്തകർ കള്ളം പറയുകയാണ് എന്ന സംശയമാണ് വി.ടി.ബൽറാം ഉന്നയിച്ചത്. ഇതിന് പിന്നാലെ പ്രദർശനം നിർത്തിയത് വിവാദമായപ്പോൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നിർമാതാക്കളോട് വിശദീകരണം തേടിയിരുന്നു.
സണ്ണി വെയ്‌നും ലുക്‌മാനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. മുസ്ലിം സമുദായത്തിന്‍റെ ഖബറടക്കത്തെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയത്. ഒരു പള്ളിയും അവിടെ നടക്കുന്ന ഖബറടക്കവുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന ചില തര്‍ക്കങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. പത്രസമ്മേളനം നടത്തി ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരാണ് സിനിമ താൽക്കാലികമായി തിയറ്ററിൽ നിന്ന് പിൻവലിക്കുന്ന വിവരം അറിയിച്ചത്. നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം നാദിര്‍ ഖാലിദ്, അഡ്വ. പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ലുക്മാനും സണ്ണി വെയ്‌നും ഒപ്പം ഹരിശ്രീ അശോകന്‍, ആമിന നിജ്ജം, ഡയാന ഹമീദ്, ജയശ്രീ ശിവദാസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.