Celebrities

റഹ്മാനും സൈറയും അനുരഞ്ജനത്തിലേക്ക്? സാധ്യത തള്ളുന്നില്ലെന്ന് അഭിഭാഷക | ar-rahman-saira-banu

ദമ്പതികളുടെ വേർപിരിയലിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്

മാതൃകാ ദമ്പതികളുടെ പട്ടികയിലായിരുന്നു സം​ഗീത മാന്ത്രികൻ എആർ റഹ്മാന്റെയും ഭാര്യ സൈറ ഭാനുവിന്റെയും പേര്. ഏറ്റവും സിംപിളായ താരദമ്പതികൾ എന്നായിരുന്നു ഇരുവരെയും ആരാധകർ വിശേഷിപ്പിച്ചിരുന്നത്. പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം സൈറയും എആർ റഹ്മാനൊപ്പം ഉണ്ടാകാറുണ്ട്. ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുള്ള അഭിമുഖങ്ങളെല്ലാം വലിയ ഹിറ്റായിരുന്നു. ഇരുപത്തിയൊമ്പത് വർഷത്തെ സന്തുഷ്ടകരമായ ദാമ്പത്യ ജീവിതത്തിനുശേഷം താരദമ്പതികൾ കഴിഞ്ഞ ദിവസമാണ് തങ്ങൾ വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചത്.

ആരാധകർക്കും സം​ഗീത പ്രേമികൾക്കും എന്തിന് സ​ഹപ്രവർത്തകർക്കുപോലും അതൊരു സങ്കടം നൽകുന്ന വാർത്തയായിരുന്നു. ദമ്പതികളുടെ വേർപിരിയലിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോഴിതാ, ഇരുവരും തമ്മിൽ അനുരഞ്ജനത്തിന് സാധ്യതയുണ്ടെന്ന് പറയുകയാണ് സൈറാ ഭാനുവിന്റെ അഭിഭാഷക വന്ദനാ ഷാ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇരുവരും തമ്മിൽ അനുരഞ്ജനം സാധ്യമല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞാൻ ശുഭാപ്തിവിശ്വാസത്തോടെയാണ് കാര്യങ്ങളെ കാണുന്നത്. പ്രണയത്തെക്കുറിച്ച് എപ്പോഴും സംസാരിക്കാറുണ്ട്. അവരുടെ സംയുക്ത പ്രസ്താവനയിൽ കാര്യങ്ങൾ വ്യക്തമാണ്. നീണ്ടകാലത്തെ ദാമ്പത്യമായിരുന്നു ഇരുവരുടേതും. ഒരുപാട് ആലോചിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. എന്നാൽ, അനുരഞ്ജനം സാധ്യമല്ലെന്ന് ഞാൻ ഇപ്പോഴും പറയുന്നില്ല, വന്ദനാ ഷാ പറഞ്ഞു.

കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇതുവരെ തീരുമാനമായിട്ടില്ലെന്നായിരുന്നു വന്ദനയുടെ മറുപടി. കുട്ടികളിൽ ചിലർ മുതിർന്നവരാണ്. ആരുടെയൊപ്പം നിൽക്കണമെന്ന് അവർക്ക് തീരുമാനിക്കാം. ജീവനാംശം സംബന്ധിച്ച വിഷയത്തിൽ വ്യക്തമായ മറുപടി നൽകാതിരുന്ന അഭിഭാഷക സൈറയ്ക്ക് സാമ്പത്തിക ലക്ഷ്യങ്ങളില്ലെന്ന് വ്യക്തമാക്കി.

റഹ്‌മാന്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ 1995-ലാണ് സൈറയെ വിവാഹം കഴിച്ചത്. അമ്മയാണ് വധുവിനെ കണ്ടെത്തിയതെന്ന് റഹ്‌മാന്‍ പറഞ്ഞിട്ടുണ്ട്. വിവാദങ്ങളില്‍നിന്നെല്ലാം അകന്നുനില്‍ക്കുകയായിരുന്ന ദമ്പതിമാര്‍ക്ക് മൂന്നു മക്കളാണ്: ഖദീജ, റഹീമ, അമീന്‍. മകള്‍ ഖദീജ രണ്ടുവര്‍ഷം മുന്‍പ് വിവാഹിതയായി.

അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ഇപ്പോഴിതാ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് സൈറ. എന്തുകൊണ്ടാണ് താൻ ഒരു ബ്രേക്ക് എടുക്കാൻ തീരുമാനിച്ചതെന്ന് അവർ വിശദീകരിച്ചു.

സൈറയുടെ വാക്കുകളിലൂടെ-‘ ഞാൻ സൈറ റഹ്മാൻ. ഞാൻ ഇപ്പോൾ ബോംബെയിലാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഞാൻ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതുകൊണ്ടാണ് റഹ്മാനിൽ നിന്നും ഒരു ബ്രേക്ക് എടുക്കാൻ ഞാൻ തീരുമാനിച്ചത്. ദയവ് ചെയ്ത് അദ്ദേഹത്തിനെതിരെ ഇനിയും മോശമായ വാർത്തകൾ നൽകരുതെന്ന് അപേക്ഷിക്കുകയാണ്. അദ്ദേഹം നല്ല വ്യക്തിയാണ്. ഈ ലോകത്തിലെ മികച്ച മനുഷ്യനാണ്.

ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് എനിക്ക് ചെന്നൈ വിടേണ്ടി വന്നത്. ഞാൻ ബോംബെയിലാണ് വന്നത്.ഞാൻ ചികിത്സയുമായി മുന്നോട്ട് പോകുകയാണ്. എആർ റെഹ്മാന്റെ തിരക്കിനിടയിൽ ഇത് സാധ്യമാകുമെന്ന് ഞാൻ കരുതുന്നില്ല. എനിക്ക് ആരേയും ബുദ്ധിമുട്ടിക്കാൻ താത്പര്യമില്ല, അദ്ദേഹത്തേയോ എന്റെ മക്കളേയോ പോലും.

പക്ഷെ അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹം എങ്ങനെയാണോ അങ്ങനെ അദ്ദേഹത്തെ ജീവിക്കാൻ അനുവദിക്കൂവെന്നാണ് എല്ലാവരോടുമായി അപേക്ഷിക്കാനുള്ളത്. അദ്ദേഹത്തിന് ഇതൊന്നുമായി ബന്ധമില്ല, ഞാൻ അദ്ദേഹത്തെ എന്റെ ജീവനെ പോലെ വിശ്വസിക്കുന്നു. അത്രമാത്രം ഞാൻ അദ്ദേഹത്തെ സ്നേിക്കുന്നു, തിരിച്ച് അദ്ദേഹവും.അദ്ദേഹത്തിനെതിരായ എല്ലാ വ്യാജ ആരോപണങ്ങളും അവസാനിപ്പിക്കണമെന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുകയാണ്.ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലാത്ത ഈ നിമിഷത്തിൽ ഞങ്ങളടെ സ്വകാര്യത ബഹുമാനിക്കണം. ഞാൻ ചെന്നൈയിലേക്ക് ഉടൻ മടങ്ങിയെത്തും. പക്ഷെ എനിക്ക് എന്റെ ചികിത്സ പൂർത്തീകരിക്കണ്ടതുണ്ട്. അദ്ദേഹത്തിൻ്റെ പേര് കളങ്കപ്പെടുത്തുന്നത് നിർത്തണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്. അദ്ദേഹമൊരു ജെം ആണെന്ന് ആവർത്തിക്കട്ടെ, നന്ദി’, സൈറ പറഞ്ഞു.

content highlight: ar-rahman-saira-banus-reconciliation-possible