മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസിൽ. ഏതുകഥാപാത്രത്തെയും പ്രേക്ഷകന് ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ പെർഫക്ട് ആയി അവതരിപ്പിക്കാനുള്ള കഴിവും ഫഹദ് ഫാസിലിനുണ്ട്. അത്തരത്തിൽ ഏറെ ശ്രദ്ധ നേടിയതും സിനിമ കണ്ട എല്ലാ പ്രേക്ഷകരെയും ഒരു പോലെ രസിപ്പിച്ചതുമായ കഥാമാത്രമാണ് ആവേശം സിനിമയിലെ രംഗണ്ണൻ എന്ന ഫഹദിന്റെ റോൾ. ഇപ്പോൾ അഭിമുഖത്തിൽ രംഗണ്ണൻ എന്ന കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ്. അങ്ങനെ ഒരു കഥാപാത്രവുമായി ഇതിന് മുമ്പ് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും തന്റെ ബൗണ്ടറികൾ അളക്കാൻ വേണ്ടിതന്നെ ചെയ്ത കഥാപാത്രമാണ് രംഗണ്ണൻ എന്നും ഫഹദ് പറയുന്നു. അതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളിൽ നിന്നെന്നല്ലാം വ്യത്യസ്തമായിരുന്നു രംഗണ്ണൻ. അങ്ങനെ ചെയ്യാൻ തന്നെയാണ് ചിത്രത്തിന്റെ സംവിധായകനായ ജിത്തു മാധവ് ആവശ്യപ്പെട്ടിരുന്നതെന്നും ഫഹദ് കൂട്ടിച്ചേർക്കുന്നു.
ആദ്യാവസാനം ഫുൾ എനർജി നൽകുന്ന ആവേശം ഇറങ്ങിയപ്പോൾ വൻ ഹിറ്റായിരുന്നു. വിഷു റിലീസായി എത്തിയ ചിത്രം 150 കോടിയിലേറെ കളക്ഷൻ നേടിയിരുന്നു. കേരളത്തിൽ നിന്ന് മാത്രം 66 കോടിയോളമാണ് കളക്ട് ചെയ്തത്. കേരളത്തിൽ നിന്ന് ബംഗളൂരുവിലെത്തുന്ന വിദ്യാർഥികളും കോളേജിൽ നടക്കുന്ന സംഭവ വികാസങ്ങളും നിറഞ്ഞ ഒരു ഗ്യാങ്സ്റ്റർ മൂവിയാണ് ആവേശം. ഫഹദിന് പുറമെ സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തി. ആ ചിത്രത്തിന്റെ പരാജയത്തോടെ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നടനാണ് ഫഹദ്. സംവിധായകൻ ഫാസിലിന്റെ മകന് അഭിനയിക്കാൻ അറിയില്ല എന്നുവരെ കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഒരു ഇടവേളയെടുത്ത് സ്വയം പരുവപ്പെടുത്തിയെടുത്ത് സിനിമയെ വെല്ലുന്ന മാസ് എൻട്രിയാണ് ഫഹദ് കാഴ്ചവെച്ചത്. രണ്ടാം വരവിൽ ഫഹദ് അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. മലയാളത്തിന് പുറത്തും അഭിനയിക്കുന്ന ഫഹദിന് ഇന്ത്യ ഒട്ടാകെ തന്നെ വലിയ ആരാധകർ ഉണ്ട്. അന്യഭാഷകളിലും തിരക്കുള്ള നടനായി ഫഹദ് മാറിക്കഴിഞ്ഞു. മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന പ്രൊഡക്ഷൻ ഹൗസും താരത്തിനുണ്ട്. അടുത്തതായി ഫഹദിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം ചിത്രം പുഷ്പ 2 ആണ്. അതിലും മികച്ച അഭിനയമാണ് ഫഹദ് കാഴ്ചവെച്ചതെന്ന സൂചനകളാണ് ഇതിനകം തന്നെ പുറത്തുവന്നിരിക്കുന്നത്.