പ്രജേഷ് സെൻ സംവിധാനം ചെയ്ത് ജയസൂര്യ അഭിനയിച്ച യഥാർത്ഥ കഥയെ ആസ്പദമാക്കിയുള്ള സിനിമയാണ് വെള്ളം. ഈ ചിത്രം തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ തുറന്നു പറയുകയാണ് നടൻ അജു വർഗീസ്. ഒരു തമാശക്ക് ആരംഭിച്ച മദ്യപാനം പരിധി വിട്ടു നിൽക്കുമ്പോഴാണ് ജയസൂര്യയുടെ ‘വെള്ളം’ എന്ന ചിത്രം കാണുന്നത്. എന്നെങ്കിലും ‘മുരളിയുടെ’ അവസ്‌ഥ തനിക്കും വന്നുചേരുമെന്ന തോന്നൽ ഈ സിനിമ കണ്ടപ്പോൾ എന്നിലുണ്ടാക്കി എന്നാണ് താരം പറയുന്നത്. ആ തോന്നൽ വലിയ ഷോക്കിങ് ആയിരുന്നു. അന്നുമുതൽ ആണ് മദ്യപാനം നിർത്തിയത് എന്നും താരം പറയുന്നു. തന്റെ ജീവിതത്തിൽ നിന്ന് മദ്യപാനം എടുത്തുമാറ്റാൻ കഴിഞ്ഞു എന്നത് തന്നെയാണ് ആ സിനിമയിലെ ജയസൂര്യ എന്ന നടന്റെ അഭിനയത്തിന്റെ മികവിന് എടുത്തുകാണിക്കുന്നത് എന്നും അജു കൂട്ടിച്ചേർക്കുന്നു. ‘വെള്ള’ത്തിലെ മുരളിയായുള്ള ജയസൂര്യയുടെ പ്രകടനം അത്രയ്ക്ക് സത്യസന്ധമായിരുന്നു. വളരെ വൈകിയാണെങ്കിലും ജയേട്ടനോട് ഇതൊക്കെ ഞാൻ പറഞ്ഞു എന്നും അജു വർഗീസ് ഒരു ആഭിമുഖത്തിൽ പറഞ്ഞു.
ഈ സിനിമ മുന്നോട്ടു വയ്ക്കുന്ന രണ്ടാമത്തെ ഒരാശയമുണ്ട് എന്നും അത് സിനിമ കണ്ട എല്ലാവർക്കും തോന്നിയിട്ടുണ്ടാകാം എന്നു കൂടി അജു പറയുന്നു. ‘ഇൻസൽട്ട് ആണ് ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്’. ഇതു സംഭവിക്കാൻ മറ്റൊരാൾ നമ്മളെ ഇൻവെസ്‌റ്റ് ചെയ്യേണ്ട കാര്യമില്ല. നമ്മൾ തന്നെ കണ്ണാടിയിൽ നോക്കുന്ന സമയത്ത് സ്വയമൊരു ഇൻസെൽട്ട് തോന്നാറില്ലേ? നമ്മൾ എത്താൻ പോകുന്ന, അല്ലെങ്കിൽ അങ്ങനെയുള്ള വളരെ വിലയേറിയ വീക്ഷണങ്ങളാണ് ഈ സിനിമ നമുക്ക് തരുന്നത് എന്നും സിനിമയെ പ്രശംസിച്ച് അജു വർഗീസ് പറഞ്ഞു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്‌സ് ക്ലബ് എന്ന മലയാളസിനിമയിലൂടെ എത്തിയ താരമാണ് അജു വർഗീസ്. കരിയറിന്റെ തുടക്കത്തിലെ കോമഡി വേഷങ്ങളിൽ തളച്ചിടപ്പെട്ട താരം 2019ൽ പുറത്തിറങ്ങിയ ഹെലൻ എന്ന ചിത്രത്തിലൂടെ ട്രാക്ക് മാറ്റിപ്പിടിച്ചിരുന്നു. ചിത്രത്തിലെ എസ്.ഐ രതീഷ് എന്ന കഥാപാത്രത്തിലൂടെ സീരിയസ് വേഷങ്ങളും തനിക്ക് ചേരുമെന്ന് അജു തെളിയിച്ചു.