Kerala

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു ; 57,000ന് മുകളില്‍ തന്നെ

സംസ്ഥാനത്ത് ഇന്നലെ ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,200 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 7150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവില രണ്ടു ദിവസത്തിനിടെ 1800 രൂപ ഇടിഞ്ഞിരുന്നു. തുടര്‍ന്ന് ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഇന്നലെ ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്. 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.