ജയസൂര്യ നായകനായ വെള്ളം എന്ന സിനിമ തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റം തുറന്നു പറഞ്ഞ് നടൻ അജു വർഗീസ്. ഒരു തമാശയ്ക്ക് തുടങ്ങിയ മദ്യപാനം ഒഴിവാക്കാൻ കഴിയാത്തൊരു സാഹചര്യത്തിലേക്ക് വരെ എത്തിയിരുന്നെന്നാണ് അജു പറയുന്നത്. വെള്ളം സിനിമ കണ്ടതോടെയാണ് ഇതിനൊക്കെ മാറ്റം വന്നതെന്നാണ് നടന്‍റെ വെളിപ്പെടുത്തൽ. ഒരു തമാശയ്ക്ക് തുടങ്ങിയ മദ്യപാനം പരിധി വിട്ടു നിൽക്കുമ്പോഴാണ് ജയസൂര്യയുടെ ‘വെള്ളം’ എന്ന സിനിമ ഒടിടിയിൽ കാണാൻ ഇടയാകുന്നത്. എന്നെങ്കിലും മുരളിയുടെ അവസ്ഥ തനിക്കും വന്നുചേരുമെന്ന തോന്നൽ ഈ സിനിമ കണ്ടപ്പോൾ തന്നിലുണ്ടാക്കിയെന്നും അവിടെ നിന്നാണ് ജീവിതത്തിൽ ഒരു ശീലമായി തുടങ്ങിയ മദ്യപാനം നിർത്താൻ തീരുമാനിച്ചതെന്നും അജു വർഗീസ് പറയുന്നു. മാനസിക സമ്മർദവും പിരിമുറുക്കവും വരുമ്പോഴാണ് ഇതുപോലുള്ള ശീലങ്ങൾ കണ്ടെത്തി തുടങ്ങിയിരുന്നത്. പിന്നീട് മദ്യപാനം ഒരു പരിധി കഴിഞ്ഞപ്പോൾ മറ്റുള്ളവർക്കും ബുദ്ധിമുട്ടാകാൻ തുടങ്ങിയെന്നും താരം പറയുന്നു .
‘സത്യം പറഞ്ഞാൽ വളരെ വൈകിയാണ്, ജയേട്ടനോട് ഞാൻ ഇക്കാര്യങ്ങൾ പറയുന്നത്. നിർമാതാവായ മുരളിച്ചേട്ടനോട് ഇക്കാര്യം പറഞ്ഞിരുന്നു. ഇദ്ദേഹത്തിന്‍റെ ജീവിതമായിരുന്നു ആ സിനിമയ്ക്കു പ്രചോദനമായത്’ –അജു വർഗീസ് പറയുന്നു. പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ജയസൂര്യയ്ക്ക് ലഭിച്ചിരുന്നു.
2010-ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് അജു അഭിനയ രംഗത്തേക്ക് വരുന്നത്. തട്ടത്തിൽ മറയത്ത് ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് നടന് ജനപ്രീതി നേടികൊടുത്തത്. 2019-ൽ പുറത്തിറങ്ങിയ ഹെലൻ എന്ന ചിത്രത്തിലൂടെയാണ് നടൻ സീരിയസ് വേഷങ്ങളിലേക്ക് കടന്നത്. സഹനടനായും കോമേഡിയനായും കരിയർ ആരംഭിച്ച അജു ഇപ്പോൾ വില്ലൻ, നായകൻ തുടങ്ങി എല്ലാ റോളുകളിലും തിളങ്ങാറുണ്ട്. അജുവിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം സ്വർഗമാണ്.