നിങ്ങൾ തക്കാളിയുടെ തൊലി കളഞ്ഞാണോ ഉപയോഗിക്കാറുള്ളത്? എന്നാൽ ബാക്കി വരുന്ന ഈ തൊലി ചർമ്മാരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകും. ബീറ്റാ കരോട്ടിൻ, ഫ്ലേവനോയിഡുകൾ, ലൈക്കോപീൻ, അസ്കോർബിക് ആസിഡ് തുടങ്ങി ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ വരെ അതിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചേക്കും. വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേയ്റ്റ്, വിറ്റാമിൻ കെ എന്നിങ്ങനെ ശരീരത്തിൻ്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനുള്ള പോഷകങ്ങളും തക്കാളിയിൽ ഉണ്ട്.
തക്കാളി തൊലി വെറുതെ കളയാതെ മാറ്റി വയ്ക്കാം. ഇത് നേരിട്ട് ചർമ്മം മസാജ് ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്. 10 മിനിറ്റിനു ശേഷം കഴുകി കളയാം. ഇത് തിളക്കമുള്ളതും എണ്ണ മയമില്ലാത്തതുമായ ചർമ്മം നിങ്ങൾക്ക് നൽകും.
തക്കാളി തൊലി ഒരു ബൗളിൽ എടുക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർത്ത് അരച്ചെടുക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി അൽപ സമയം വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
തക്കാളിയുടെ തൊലി വെയിലത്ത് വച്ച് ഉണക്കി പൊടിച്ചെടുക്കാം. അതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. പ്രകൃതി ദത്തവും ഗുണപ്രദവുമായ ഒരു സ്ക്രബാണിത്. മുഖത്ത് മാത്രമല്ല ടാൻ ഉണ്ടാകുന്ന ഇടങ്ങളിലും ഇത് ഉപയോഗിക്കാവുന്നതാണ്.
തക്കാളി തൊലിയിലേയ്ക്ക് കുറച്ച് മഞ്ഞൾപ്പൊടിയും ചന്ദനപ്പൊടിയം ചേർത്ത് അരച്ചെടുക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഉണങ്ങിയതിനു ശേഷം കഴുകി കളയാം.
തക്കാളി തൊലിയുടെ ഗുണങ്ങൾ
അമിതമായ എണ്ണ നീക്കം ചെയ്യുന്നു.
ചർമ്മത്തെ എക്സ്ഫോളിയേറ്റ ചെയ്യുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, വിറ്റാമിൻ ഇ, ബീറ്റാ കരോട്ടിൻ എന്നിവ ചർമ്മാരോഗ്യത്തെ മെച്ചപ്പെടുത്തി തിളക്കം നൽകുന്നു.
ചർമ്മത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ചൊറിച്ചിൽ ചുവപ്പ് തുടങ്ങിയ അസ്വസ്ഥതകളിൽ നിന്നും ആശ്വാസം നൽകുന്നു.
തക്കാളിയിൽ അടങ്ങിരിക്കുന്ന വിറ്റാമിൻ ബി അകാല വാർധക്യത്തിൻ്റെ ലക്ഷണങ്ങളായ ചർമ്മത്തിലെ ചുളിവുകൾ പാടുകൾ എന്നിവ തടഞ്ഞു നിർത്തുന്നു.
















