സൗന്ദര്യം എന്നതിൽ പുരികങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. മുഖത്തിൻ്റെ ആകൃതി തന്നെ മാറ്റാൻ പുരികത്തിന് കഴിയും. മുടി കൊഴിച്ചിൽ പോലെ തന്നെ പുരികത്തിലും കൊഴിച്ചിലും താരനും ഉണ്ടാകാറുണ്ട്. ഇത് നിങ്ങളുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് വിപരീതമാണ് എന്ന് തോന്നിയിട്ടുണ്ടോ?. കട്ടിയുള്ള കറുത്ത പുരികങ്ങളാണോ ആഗ്രഹിക്കുന്നത്?, എങ്കിൽ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില വിദ്യകളുണ്ട്.
മങ്ങിയ നിറം ഉള്ള പുരികങ്ങൾ കറുത്തതും ഇടതൂർന്നതുമാകണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ കോഫി ടിൻ്റ് പരീക്ഷിക്കാവുന്നതാണ്. കാപ്പിപ്പൊടി പുരികങ്ങൾക്ക് ഒരു ബ്രൗൺ നിറം നൽകുന്നു. പെട്രോളിയം ജെല്ലി, വെളിച്ചെണ്ണ, കാപ്പിപ്പൊടി എന്നിവ അൽപ്പം വീതും എടുത്ത് ഇളക്കി യോജിപ്പിക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് വൃത്തിയുള്ള പാത്രത്തിലേക്ക് മാറ്റി ഒരു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ സൂക്ഷിക്കുക. ശേഷം അതിൽ നിന്ന് അൽപ്പം എടുത്ത് മൃദുവായ പുരികത്തിൽ പുരട്ടുക. നിങ്ങൾക്ക് ആവശ്യമായ നിറം ലഭ്യമാകുന്നതു വരെ ആഴ്ചയിൽ ഒന്നിലധികം തവണ ഉപയോഗിക്കാം.
കട്ടിയുള്ള നല്ല കറുപ്പ് നിറമുള്ള പുരികങ്ങൾക്ക് ഫലപ്രദം എന്ന് വിശ്വസിക്കപ്പെടുന്ന ഒരു മാർഗമാണിത്. ആക്റ്റിവേറ്റഡ് ആയിട്ടുള്ള കൽക്കരി ക്യാപ്സൂളിലേക്ക്, കുറച്ച് കൊക്കോ പൗഡറും, കറ്റാർ വാഴ ജെല്ലും ചേർത്തിളക്കി യോജിപ്പിക്കുക. ഇത് ഒരു കുപ്പിയിലേക്ക് മാറ്റി സൂക്ഷിക്കാവുന്നതാണ്. ദിവസവും അഞ്ച് തവണ വരെ അത് ഉപയോഗിക്കാം.
പുരികത്തിന് കഠിനമായ കറുപ്പ് നിറം ആഗ്രഹിക്കാത്തവർ മൈലാഞ്ചിയാണ് സാധാരണ ഉപയോഗിക്കാറുള്ളത്. ഇത് പുരികത്തിന് സ്വഭാവികമായ ഒരു തവിട്ട് നിറം നൽകുന്നു. മൈലാഞ്ചി പൊടിയിലേക്ക് അൽപ്പം നാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കുക. ശേഷം പുരികങ്ങളിൽ പുരട്ടുക. 40മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. 10 മുതൽ 15 ദിവസത്തേക്ക് വരെ പുരികങ്ങളിൽ നിറം നിലനിൽക്കും. പിന്നീട് ആവശ്യാനുസരണം ഇതിൻ്റെ ഉപയോഗം ആവർത്തിക്കേണ്ടി വരും. കണ്ണുക്ക് ചുറ്റും ഈ മിശ്രിതം പാടുകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതിനാൽ അതീവ ശ്രദ്ധ പുലർത്തുക.