Entertainment

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്! ജി.പിയോട് പകരം വീട്ടി പേളി മാണി

ഗോവിന്ദ് പത്മസൂര്യയുടെ അല്ലു അർജുന് ഒപ്പമുള്ള സെൽഫിക്കു പിന്നാലെ പകരം വീട്ടി പേളി മാണി. പുഷ്പ 2 പ്രമോഷന്റെ ഭാഗമായി കേരളത്തിലെത്തിയപ്പോളാണ് അല്ലു അർജുനെ ജി.പി നേരിൽ എത്തി കണ്ടത്. അല വൈകുണ്ഠപുരമുലൂ എന്ന തെലുങ്ക് ചിത്രത്തിൽ അല്ലുവിനൊപ്പം ജിപിയും വേഷമിട്ടിരുന്നു. ആ പരിചയമാണ് ഇരുവരും പുതുക്കിയത്. ഈ ചിത്രങ്ങൾ വൈറലായതിന് പിന്നാലെ അല്ലു അർജുനും രശ്മിക മന്ദാനയ്ക്കും ഒപ്പമുള്ള പേളി മാണിയുടെ ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. സംഭവം ഒറ്റനോട്ടത്തിൽ ഒർജിനലാണെന്ന് തോന്നുമെങ്കിലും ഈ ചിത്രം പേളി എഡിറ്റ് ചെയ്തതാണ്. ജി.പിയെ ട്രോളുന്നതിന് വേണ്ടിയാണ് പേളി ഈ ചിത്രം പങ്കുവച്ചതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

ടെലിവിഷൻ അവതാരകരായെത്തിയ കാലംതൊട്ടേ ഉറ്റ സുഹൃത്തുക്കളാണ് പേളി മാണിയും ഗോവിന്ദ് പത്മസൂര്യയും. പരസ്പരം ട്രോളിയും തമാശ പറഞ്ഞും ഇരുവരും തങ്ങളുടെ സൗഹൃദത്തിലെ നർമമുഹൂർത്തങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുമുണ്ട്. ഇത് അത്തരത്തിൽ മറ്റൊന്നാണ്. ചിത്രം വൈറലായതോടെ നിരവധി പേരാണ് തമാശ രൂപേണയുള്ള കമന്റുമായി എത്തുന്നത്. ചാർട്ടേഡ് വിമാനത്തിൽ വരെ ഇന്റർവ്യൂ, ഭയങ്കരം തന്നെ, എഡിറ്റിംഗ് സിംഹമേ, അവാർഡ് വിന്നിംഗ് എഡിറ്റിംഗ്, ഇതൊക്കെ എങ്ങനെ സാധിക്കുന്നു’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ജി.പി പങ്കുവച്ച ചിത്രത്തിനു താഴെ ‘എടാ, നിനക്കു എന്നോട് ഒരു വാക്ക് പറയായിരുന്നില്ലേ? ആ ചിപ്സിനു പകരം ഞാൻ വന്നേനെ’, എന്നായിരുന്നു പേളിയുടെ പരിഭവ കമന്റ്‌. ‘ഗയ്സ് എന്നെ ഈ പോസ്റ്റിൽ ഡിസ് ലൈക്ക് ബട്ടനായി യൂസ് ചെയ്തോളൂ,’ എന്നും പേളി കൂട്ടിച്ചേർത്തു. ഇതിൽ പിന്നാലെയാണ് ഒറിജിനലിന് വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഫോട്ടോയുമായി പേളി എത്തിയത്.