മലയാളികൾക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. ഒരു മറവത്തൂർ കനവ് എന്ന മമ്മൂട്ടി നായകനായ ചിത്രമാണ് ലാൽ ജോസിന്റെ ആദ്യ സിനിമ. ലാൽ ജോസ് മലയാളികൾക്ക് സമ്മാനിച്ച ഹിറ്റുകളിൽ ഒന്നാണ് മീശമാധവൻ. ലാൽ ജോസ്-ദിലീപ് കൂട്ടുകെട്ടിൽ ആണ് ചിത്രം പിറന്നത്. ഈ സിനിമ തമിഴിൽ റീമേക്ക് ചെയ്യാൻ നിർമാതാവ് അപ്പച്ചനും ലാൽ ജോസിനും പദ്ധതി ഉണ്ടായിരുന്നു. അപ്പച്ചൻ ആണ് ഇങ്ങോട്ട് സമീപിച്ചതെന്നും ലാൽ ജോസ് പറയുന്നു. വിജയ് നായകൻ ആകണം എന്നായിരുന്നു ആഗ്രഹം. എന്നാൽ സിനിമയുമായി ലാൽ ജോസും അപ്പച്ചനും ചെന്നൈയിൽ വിജയ്‌യെ കാണാൻ ചെന്നപ്പോൾ ഒന്നും വിചാരിച്ചത് പോലെ നടന്നില്ല. ഈ സിനിമയുടെ ക്ലൈമാക്സ് എന്നെപ്പോലെ ഒരു താരത്തിന് ചേർന്നതല്ല എന്നായിരുന്നു വിജയുടെ മറുപടി. ഒരു സ്റ്റാർ ആകാൻ പോകുന്ന ആൾക്ക് ക്ലൈമറ്റ് ഒക്കെയാണ് പക്ഷേ എനിക്ക് ഒക്കെ അല്ല, കുറച്ചുകൂടി ഹെവിയായ ഒരു ക്ലൈമാക്സ് ആണ് തനിക്ക് ആവശ്യമെന്നും വിജയ് പറഞ്ഞെന്ന് ലാൽ ജോസ് കൂട്ടിച്ചേർക്കുന്നു. അതോടെ മീശ മാധവന്റെ തമിഴ് റീമേക്ക് എന്ന ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നു എന്നും ലാൽ ജോസ് ഒരു ആഭിമുഖത്തിൽ പറഞ്ഞു.
ദിലീപ്, കാവ്യ മാധവൻ, ജഗതി തുടങ്ങിയവർ അവിസ്മരണീയമാക്കിയ മീശമാധവൻ മലയാളത്തിൽ വമ്പൻ ഹിറ്റ് ആയിരുന്നു. അന്ന് 75 ദിവസത്തോളം സിനിമ തിയേറ്ററിൽ തുടർച്ചയായി ഓടി. ഇന്നും വലിയ റിപ്പോർട്ട് ഉള്ള ചിത്രം തന്നെയാണ് മീശ മാധവൻ.