Beauty Tips

ചർമം വല്ലാതെ വരണ്ടു പോയോ ? പരിഹാരം ഇവിടെയുണ്ട്

വരണ്ട ചർമം പൊതുവെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്. പലപ്പോഴും ഇതിന് പരിഹാരം തേടി ഒടുവിൽ മാർക്കറ്റുകളിൽ നിന്ന് ലഭിക്കുന്ന മോയ്സ്ചറൈസറുകളിൽ അഭയം കണ്ടെത്തുകയാണ് പതിവ്. പാരിസ്ഥിതികമായ ഘടകങ്ങള്‍ ചര്‍മം വരണ്ടതാക്കുന്നുണ്ട്. തണുത്തതും വരണ്ടതുമായ വായു, കാറ്റ്, കുറഞ്ഞ ഈര്‍പ്പം എന്നിവ ചര്‍മത്തിന്റെ സ്വാഭാവികമായ അവസ്ഥയ്ക്ക് മാറ്റങ്ങളുണ്ടാക്കും. ധാരാളം വെള്ളം കുടിക്കുക എന്നത് തന്നെയാണ് ഒരു പരിഹാര മാർ​ഗം. എന്നാൽ ഇതുകൊണ്ട് മാത്രം മാറണമെന്നില്ല. വരണ്ട ചർമത്തെ പാടെ തുടച്ച് നീക്കാൻ നമുക്ക് തന്നെ ചിലത് വീട്ടിൽ പരീക്ഷിക്കാവുന്നതെ ഉള്ളൂ. അവ എന്തൊക്കെയാണെന്ന് നോക്കാം.

1. ​ഗ്ലിസറിനും റോസ്‌വാട്ടറും തുല്യ അളവിൽ മിക്സ് ചെയ്ത് ശരീരത്തിൽ പുരട്ടുന്നത് വരണ്ട ചർമത്തെ അകറ്റി നിർത്തും. ദിവസത്തിൽ രണ്ടുനേരം ഇത് പുരട്ടുന്നത് ഏറെ ​ഗുണം ചെയ്യും.
2. ദിവസവും കുളിക്കുന്നതിന് മുമ്പായി വെളിച്ചെണ്ണ ഉപയോ​ഗിക്കുക. ശേഷം സോപ്പ് ഉപയോ​ഗിക്കാതെ കടലമാവോ ചെറുപയർ പൊടിയോ ഉപയോ​ഗിച്ച് കഴുകിക്കളയാം.
3. കറ്റാർവാഴയുടെ ജെൽ എടുത്ത് അത് അരച്ച് ശരീരത്തിൽ പുരട്ടി 20 മിനിറ്റിന് ശേഷം വെറും വെള്ളത്തിൽ കഴുകി കളയുന്നത് ​ഗുണം ചെയ്യും.
4. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഒലീവ് ഓയിൽ ആണ് മറ്റൊരു പരിഹാര മാർ​ഗം. ഒലീവ് ഓയിൽ പുരട്ടുന്നതും ശരീരത്തിൽ ഈർപ്പം പിടിച്ചു നിർത്താൻ സഹായിക്കും.

ഇവയൊക്കെ നമുക്ക് ചെയ്യാവുന്ന പൊടിക്കൈകൾ മാത്രം ആണ്. ആരോ​ഗ്യമുള്ള ചർമം ലഭിക്കണമെങ്കിൽ ഇതിന് പുറമെ വെള്ളം കുടിക്കണം അതിനൊപ്പം ഭക്ഷണത്തിലും ശ്രദ്ധ ചെലുത്തുണം. ചര്‍മാരോഗ്യവും ജലാംശവും നിലനിര്‍ത്തുന്നതില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ പ്രധാനമാണ്. ഇവയുടെ ന്യൂനത ചര്‍മം വിണ്ടുകീറുന്നതിനും വരണ്ടതാകുന്നതിനും കാരണമാകും. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും അടങ്ങിയ അവക്കാഡോ കഴിക്കുന്നത് വരണ്ട ചര്‍മം ഉള്ളവര്‍ക്ക് വളരെ ഗുണം ചെയ്യും. ചര്‍മത്തിന്റെ തിളക്കം വീണ്ടെക്കാന്‍ ഇവ കഴിക്കുന്നതിലൂടെ സാധിക്കും.വരണ്ട ചര്‍മമുള്ളവര്‍ പ്രധാനമായും കഴിച്ചിരിക്കേണ്ട ഒന്നാണ് പാല്‍. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ മുട്ട ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ എ, ബി5, ഇ എന്നിവ അടങ്ങിയ മുട്ട കഴിക്കുന്നത് വരണ്ട ചര്‍മം ഉള്ളവര്‍ക്ക് നല്ലതാണ്. ഡയറ്റില്‍ നട്സും ഡ്രൈ ഫ്രൂട്സും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കണം.