റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അഞ്ജു ജോസഫ് കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. വിവാഹം കഴിഞ്ഞ ശേഷമാണ് ഗായിക സോഷ്യല്‍ മീഡിയയില്‍ തന്‍റെ വിവാഹ ചിത്രം പങ്കുവച്ച് കൊണ്ട് ആരാധകരെ അറിയിച്ചിരിക്കുന്നത്. ആദിത്യ പരമേശ്വരനാണ് വരന്‍. ആലപ്പുഴ രജിസ്‌റ്റര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം.മലയാള സിനിമയില്‍ പിന്നണി ഗായകിയായി തിളങ്ങിയ അഞ്ജു നിരവധി ടെലിവിഷന്‍ ഷോകളിലും സജീവമായിരുന്നു. ഇതുകൂടാതെ സ്വന്തമായി കവര്‍ സോംഗുകളും ചെയ്യാറുണ്ട്.
മുന്‍പ് പലപ്പോഴും വിഷാദരോഗത്തില്‍ ബുദ്ധിമുട്ടിയ തന്റെ അവസ്ഥയെക്കുറിച്ച് അഞ്ജു തുറന്നു സംസാരിച്ചിരുന്നു. ഇപ്പോഴിതാ ഗായികയുടെ വിവാഹം കഴിഞ്ഞതോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ അഞ്ജുവിനെ കുറിച്ചുള്ള കഥകള്‍ പ്രചരിക്കുകയാണ്. ആത്മഹത്യയുടെ വക്കില്‍ എത്തിയിട്ടും തിരികെ ജീവിതത്തിലേക്ക് വന്ന അഞ്ജുവിനെ കുറിച്ചാണ് എഴുത്തുകാരനായ ജെറി പൂവക്കാല പങ്കുവച്ച കുറിപ്പിലൂടെ സൂചിപ്പിച്ചിരിക്കുന്നത്.
‘പ്ലെയിനില്‍ യാത്ര ചെയ്തപ്പോള്‍ ഈ പ്ലെയിന്‍ അങ്ങ് പൊട്ടിത്തെറിച്ചെങ്കില്‍ എന്ന് വിചാരിച്ചിട്ടുണ്ട്. അതാകുമ്പോള്‍ സ്വയം മരിക്കണ്ടല്ലോ. വിവാഹം കഴിഞ്ഞ് അടിച്ചു പൊളിക്കാമെന്ന് വിചാരിച്ചപ്പോള്‍ അടിച്ചുപൊളിക്ക് പകരം പെട്ടന്നുള്ള വിവാഹ മോചനം അവളെ ഡിപ്രഷനിലേക്ക് നയിച്ചു. ക്ലിനിക്കല്‍ ഡിപ്രെഷന്‍ 2 പ്രാവിശ്യം അവളെ വേട്ടയാടി. എങ്ങനെയെങ്കിലും ആത്മഹത്യ ചെയ്യണം എന്നായിരുന്നു പലപ്പോഴും ചിന്തിച്ചത്. മൊത്തത്തില്‍ ജീവിതത്തില്‍ തോറ്റുപോയ അവസ്ഥ.
കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാതെ കിടന്ന ദിവസങ്ങള്‍. ചില ദിവസങ്ങള്‍ മുഴുവന്‍ ഇരുന്ന് കരയുക. കരച്ചിലാണ് മെയിന്. ഷോ വൈകിട്ട് 6 മണിക്കാണെങ്കില്‍ തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ കരഞ്ഞോണ്ടിരിക്കുക, പിന്നെ ഒരുങ്ങി ഷോയ്ക്ക് പോകുക. എന്നിട്ട് സ്റ്റേജില്‍ പെര്‍ഫോം ചെയ്യുക. ഒരു പാട്ടുകാരിയെന്ന നിലയില്‍ ഒരു റിയാലിറ്റി ഷോയുടെ അവസാന റൗണ്ടില്‍ എത്തുക എന്നുള്ളത് വളരെ സന്തോഷം തരുന്ന സമയമാണ്.
അത് കഴിയുമ്പോള്‍ ഉള്ള സ്വപ്നം അതിലും വലുതാണ് (ഇപ്പോള്‍ എ ആര്‍ റഹ്‌മാന്‍ വിളിക്കും, ഇളയരാജ വിളിക്കും) പക്ഷേ യാഥാര്‍ത്ഥ്യം ഇതല്ലല്ലോ. ആരും വിളിച്ചില്ല. പിന്നെ മുട്ടുവിന്‍ തുറക്കപ്പെടും എന്നാണല്ലോ. എന്നാല്‍ പിന്നെ മുട്ടാന്‍ തീരുമാനിച്ചു. മുട്ടു പൊട്ടിയാല്‍ കുറെ കഴിയുമ്പോള്‍ ആ വേദന മാറും പക്ഷേ അവരുടെ വാക്കുകള്‍ അവളെ വീണ്ടും തളര്‍ത്തി. പല മ്യൂസിക്ക് ഡയറക്ടേഴ്‌സും മുഖത്ത് നോക്കി പറഞ്ഞു നിന്റെ ശബ്ദം കൊള്ളില്ലെന്ന്.
പാട്ടു കൊള്ളിലായിരുന്നെങ്കില്‍ പാട്ട് മാറ്റാം പക്ഷേ ശബ്ദം മാറ്റാന്‍ കഴിയില്ലല്ലോ. പിന്നെ ജീവിതത്തോട് സന്ധിയില്ലാ സമരം ചെയ്തു. ( ഞാന്‍ എന്റെ വായനക്കാരോടും മുന്‍പും പറഞ്ഞിട്ടുണ്ട് ജീവിതം ഒരു സമരം ആണെന്ന്) ആങ്‌സൈറ്റി ഡിസോര്‍ഡര്‍, ഒസിഡി, പിടിഎസ്ഡി ഇവയെല്ലാം അവളുടെ മനസിനേയും ശരീരത്തേയും വേട്ടയാടി.
ജീവിതത്തിലെ പ്രതിസന്ധികള്‍ പുറംലോകം അറിഞ്ഞിരുന്നില്ല. അങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോയ നമ്മുടെ പാട്ടുകാരി അഞ്ജു. മാനസിക ആരോഗ്യ വിദഗ്ധന്‍മാരുടെ നേതൃത്വത്തില്‍ തിരികെ വരുകയും അഞ്ജു ഇന്ന് സ്വന്തം ബാന്‍ഡ് അയ അഞ്ജു ജോസഫ് ലൈവ് ബാന്‍ഡ് തുടങ്ങുകയും ഇന്ന് ലോക പ്രസിദ്ധ ബാന്‍ഡ് ആണ് അത്. ഇന്ന് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച അഞ്ജുവിന് ആശംസകള്‍. ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ.
പ്രിയപ്പെട്ടവരെ don’t judge a book by its cover എന്ന ഒരു ഇംഗ്ലീഷ് ചൊല്ലുണ്ട്. ഒരു പുസ്തകത്തിന്റെ പുറംചട്ട കണ്ടിട്ട് അതിനെ വിലയിരുത്തരുതേ എന്ന്. അഞ്ജു അന്ന് ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ നമ്മള്‍ക്ക് നഷ്ടപ്പെടാമായിരുന്നത് ഒരു വലിയ പാട്ടുകാരിയെയാണ്. ഒരു നല്ല മോട്ടിവേറ്ററെയാണ്. പല വമ്പന്മാരുടെ വാതില്‍ അടഞ്ഞപ്പോള്‍ അവള്‍ തന്നെ സ്വയം വാതില്‍ വെട്ടിത്തുറന്നു. സ്വന്തം ബാന്‍ഡ്. പ്രിയപ്പെട്ടവരേ നമ്മളെ വളര്‍ത്തിയില്ലെങ്കിലും തളര്‍ത്താന്‍ ശ്രമിക്കുന്ന ഒരു സമൂഹം ആണ് നമ്മുടെ ഇടയില്‍. ഞാനും നിങ്ങളും ഒക്കെ അതിന്റെ ഇരകളായിട്ടുണ്ട്.
അവര്‍ക്ക് ഇതൊരു സമയം പോക്കാണ്. പക്ഷേ തകര്‍ക്കുന്നത് പാവങ്ങളെയാണ്. അങ്ങനെ ഒരുപാട് പേരെ തകര്‍ത്ത ഒരു നാട് കൂടെയാണ് നമ്മുടെ നാട്. പക്ഷേ ഒരു കാര്യം മനസ്സിലാക്കണം. നമ്മളെ നമ്മളല്ലാതെ ആരും വളര്‍ത്തില്ല. അതിന് ആദ്യം നമ്മള്‍ നമ്മളെ സ്‌നേഹിക്കണം. നിങ്ങള്‍ ഇന്നുവരെ പറഞ്ഞിട്ടുണ്ടോ ഞാന്‍ എന്നെ സ്‌നേഹിക്കുന്നു എന്ന്. ഇല്ലെങ്കില്‍ അത് പറയണം. ഞാന്‍ എന്നെ സ്‌നേഹിക്കുന്നു. ഐ ലവ് മി.
ഇന്നും അഞ്ജുമോള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ട്. പക്ഷേ ആ പ്രതിസന്ധികളിൽ കൂടി ജീവിക്കാന്‍ അവള്‍ പഠിച്ചു കഴിഞ്ഞു. പ്രതിസന്ധികളിലൂടെ ജീവിക്കാന്‍ പഠിച്ചാല്‍ മാത്രം നമ്മള്‍ക്ക് ഈ ലോകത്തില്‍ ജീവിക്കാന്‍ കഴിയൂ. പ്രതിസന്ധികളെ താലോലിക്കാതെ അതിനെ അല്ലെങ്കില്‍ അതിലൂടെ എങ്ങനെ പോകുവാന്‍ കഴിയാമെന്ന് നാം മനസ്സിലാക്കണം. എനിക്കൊരു കാര്യം അറിയാം ഹൃദയം ഞുറുങ്ങിയവര്‍ക്ക് ദൈവം സമീപസ്ഥനാണ്. മനസ്സ് തകര്‍ന്ന നമ്മളെ അവിടുന്ന് വിടുവിക്കും .
അതുകൊണ്ട് സുഹൃത്തെ നിങ്ങള്‍ ഒറ്റക്കല്ല പ്രതിസന്ധികളെ തരണം ചെയ്യുന്നത്. ഞാന്‍ ഉള്‍പ്പെടെ ഒരുപാട് പേര്‍ പ്രതിസന്ധികളെ തരണം ചെയ്തു യാത്ര തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.’
content highlight: facebook-post-about-singer-anju-joseph