കാൻ ചലച്ചിത്രമേളയിലേക്ക് താൻ അഭിനയിച്ച സിനിമയുമായി അഭിമാനത്തോടെ നൃത്തം ചെയ്ത് കയറിയ ദിവ്യപ്രഭ മലയാള സിനിമക്ക് അഭിമാനമാണ്. എന്നാൽ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിനെ സംസാരവിഷയാമാക്കി മാറ്റുന്നത് ചിത്രത്തിൽ ദിവ്യപ്രഭയുടെ അര്‍ദ്ധനഗ്നരംഗം ഉണ്ട് എന്നതിനെ പറ്റിയാണ്. നടിക്കെതിരെ മോശവും അസഭ്യവുമായ രീതിയിലാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. വിഷയത്തിൽ സ്ക്രീനിലാണെങ്കിലും നേരിട്ടാണെങ്കിലും സ്ത്രീശരീരം ആസക്തിയോടെ മാത്രം നോക്കാനാണ് പല മലയാളികള്‍ക്കും കഴിയുന്നുള്ളൂവെന്നാണ് ദിവ്യ പ്രഭയുടെ പ്രതികരണം.
‘ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തുമെന്നോ ഇത്രയും അംഗീകാരങ്ങള്‍ വാരി കൂട്ടുമെന്നോ ഞാന്‍ കരുതിയതേയില്ല, പക്ഷേ, ചിത്രത്തിലെ കേവലം സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു ഇന്റിമസി സീനിന്റെ പേരില്‍ പരസ്യവിചാരണ ചെയ്യപ്പെടുമെന്ന് എനിക്ക് അറിയാമായിരുന്നു. ഉറച്ച ബോധ്യത്തോടെയാണ് ആ രംഗം അഭിനയിച്ചതും. സ്‌ക്രീനിലാണെങ്കിലും നേരിട്ടാണെങ്കിലും സ്ത്രീശരീരം എന്നതിനെ ആസക്തിയോടെയും ആക്രമണമനോഭാവത്തോടെയും മാത്രമേ മലയാളികളില്‍ പലര്‍ക്കും കാണാന്‍ കഴിയുന്നുള്ളൂ. ഓസ്‌കര്‍ പുരസ്‌കാരമൊക്കെ നേടുന്ന ചിത്രങ്ങളില്‍ വിദേശ താരങ്ങള്‍ ഇത്തരം രംഗം അവതരിപ്പിച്ചാല്‍ ഒരു പ്രശ്‌നവുമില്ല.
അപ്പോള്‍ ഒരു മലയാളി പെണ്‍കുട്ടി ഈ രംഗം അഭിനയിച്ചു എന്നതാണ് ഇവരുടെ പ്രശ്നം. അഭിനയിക്കുന്നതിനു മുമ്പ് ഞാന്‍ എന്റെ വീട്ടുകാരോട് ഇതിനെക്കുറിച്ചു ചര്‍ച്ച ചെയ്തിരുന്നു. മറ്റാരെയും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. സിനിമയിലെ ക്ലിപ് ഫോര്‍വേഡ് ചെയ്യുന്നവര്‍ക്ക് ഞാന്‍ ഒരു ഒബ്ജക്ട് മാത്രമാണ്. ഒരു ആര്‍ട്ടിസ്റ്റായി എന്നെ അംഗീകരിക്കാന്‍ അവര്‍ക്കു കഴിയുന്നില്ല,’ എന്നാണ് വിഷയത്തിലുള്ള ദിവ്യപ്രഭയുടെ പ്രതികരണം.