ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനായ ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അടി കപ്യാരേ കൂട്ടമണി. ധ്യാനിനൊപ്പം അജു വര്‍ഗീസും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഹൊറര്‍ കോമഡിയിൽ പുറത്തിറങ്ങിയ മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് അടി കപ്യാരേ കൂട്ടമണി. രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കിയാണ് ചിത്രം അവസാനിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ സിനിമക്ക് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് പറയുകയാണ് അജു വര്‍ഗീസ്.
‘അടി കപ്യാരേ കൂട്ടമണിയുടെ രണ്ടാം ഭാഗത്തിനെപ്പറ്റി എനിക്ക് അറിവില്ല. ധ്യാന്‍ അങ്ങനെ ഏതോ ഇന്റര്‍വ്യൂവില്‍ പറഞ്ഞെങ്കില്‍ അവന് മാത്രമേ അതിനെപ്പറ്റി അറിയുള്ളൂ. എന്നെ ആരും ആ പ്രൊജക്ടിലേക്ക് വിളിച്ചിട്ടില്ല. മാത്രമല്ല, ഇപ്പോഴത്തെ എന്റെ രൂപത്തില്‍ ആ സിനിമയിലെ ക്യാരക്ടറിലേക്ക് കണ്‍വെര്‍ട്ട് ചെയ്യുക എന്നത് വളരെ പ്രയാസമാണ്.
അതുകൊണ്ടുതന്നെ അങ്ങനെയൊരു രണ്ടാം ഭാഗമുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഉണ്ടാകില്ല. എനിക്കും മറ്റ് പലര്‍ക്കും ഒരുപാട് ഇഷ്ടമുള്ള സിനിമയാണ് അടി കപ്യാരേ കൂട്ടമണി. ഇത്രയും വര്‍ഷം കഴിഞ്ഞ സ്ഥിതിക്ക് ആ സിനിമക്ക് സെക്കന്‍ഡ് പാര്‍ട്ട് വേണ്ട എന്നാണ് എന്റെ ആഗ്രഹം. എന്നെ വിളിച്ചാലും ഞാന്‍ പോകില്ല എന്നേ ഇപ്പോള്‍ പറയാന്‍ കഴിയൂ,’ അജു വര്‍ഗീസ് പറയുന്നു.