എല്ലാകാലത്തും ചർമ്മത്തിന് ആവശ്യമായ പരിചരണം നൽകേണ്ടത് അത്യാവശ്യമാണ്. മഞ്ഞുകാലത്ത് കൂടുതലും ശ്രദ്ധിക്കണം. ഓരോ സീസണിലും ചർമം നോക്കേണ്ടത് ഓരോ രീതിയിലാണ്. തണുപ്പ് കാലമാകുന്നതോടെ നമ്മുടെ ശരീരത്തിലെ ജലാംശം കൂടുതലായി നഷ്ടപ്പെടുകയും ചർമ്മം കൂടുതൽ വരണ്ടുപോകുകയും ചെയ്യാം. തണുപ്പ് കാലത്ത് പൊതുവേ ദാഹം കുറവായിരിക്കും അതിനാൽ വെള്ളം കുടിക്കുന്നതിന്‍റെ അളവും കുറയാം. ഇതൊക്കെ ചര്‍മ്മത്തെ മോശമായി ബാധിക്കാം. അതിനാല്‍ മഞ്ഞുകാലത്ത് ചര്‍മ്മ സംരക്ഷണത്തില്‍ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം.
മഞ്ഞുകാലം ആരംഭിച്ചാൽ സോപ്പിന്റെ ഉപയോഗം പരമാവധി ഒഴിവാക്കുന്നതാണ് നല്ലത് പകരം ചെറുപയർ പൊടിയോ കടലമാവ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. സോപ്പ് ഉപയോഗിക്കണമെന്ന് നിർബന്ധമാണെങ്കിൽ വീര്യം കുറഞ്ഞ സോപ്പുകളോ ബേബി സോപ്പോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ശരീരം വരണ്ടുപോയാൽ പൊതുവേ എണ്ണ തേച്ചു കുളിയാണ് നമ്മൾ ശീലമാക്കാറുള്ളത്. എന്നാൽ മഞ്ഞുകാലത്ത് ഇത് പ്രതികൂലമായി ബാധിക്കും. മഞ്ഞുകാലത്തെ എണ്ണ തേച്ചു കുളി ശരീരം വരണ്ടുപോകാൻ കാരണമാകും. കുളികഴിഞ്ഞ് ഈർപ്പത്തോടെ തന്നെ ശരീരത്തിൽ മോയിച്ചറൈസർ ഉപയോഗിക്കുന്നത് നല്ലതാണ്. വരണ്ട ചർമ്മമുള്ളവർ ദിവസം രണ്ടോ മൂന്നോ തവണ മോയിസ്ചറൈസിങ്ങ് ക്രീം പുരട്ടുക. അവക്കാഡോ ഓയിൽ, ആൽമണ്ട് ഓയിൽ, മിനറൽ ഓയിൽ, പ്രിംറോസ് ഓയിൽ ഇവയിലേതെങ്കിലും പ്രധാന ഘടകമായ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എണ്ണമയമുള്ള ചർമ്മക്കാർ തണുപ്പുകാലത്ത് ഓയിൽ ഫ്രീ മോയിസ്ചറൈസിങ്ങ് ക്രീം ഉപയോഗിക്കുക. ചുണ്ടുകൾ വരണ്ടു പൊട്ടുന്നത് മഞ്ഞുകാലത്തെ മറ്റൊരു പ്രശ്നമാണ്. രാത്രി ഉറങ്ങാൻ നേരം ഏതെങ്കിലു അല്ലെങ്കിൽ നെയ്യോ ബട്ടറോ ചുണ്ടിൽ പുരട്ടാൻ ശ്രമിക്കുക.
ഇതിനൊക്കെ പുറമേ ആരോഗ്യകരമായ ഭക്ഷണവും ശീലമാക്കുക ധാരാളം വെള്ളം കുടിക്കുക പച്ചക്കറിയും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവയൊക്കെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.