യുദ്ധങ്ങളും പ്രാദേശിക പ്രശ്നങ്ങളും ലോകരാജ്യങ്ങളെമ്പാടുമുള്ള ആയുധവിൽപ്പനയിലെ വൻ വർധനയ്ക്ക് കാരണമായെന്ന് റിപ്പോർട്ടുകൾ. 2023ൽ ആഗോള ആയുധ വിൽപ്പന നാല് ശതമാനം വർധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആയുധ വിൽപ്പനയിലൂടെ 632 ബില്യൺ ഡോളറിന്റെ വരുമാനം ഉണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സ്റ്റോക്ക്ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരമുള്ള കണക്കുകളാണ് ഇത്. റഷ്യ-യുക്രൈൻ, ഗാസ, ഏഷ്യൻ സംഘർഷങ്ങൾ തുടങ്ങിയവയാണ് ആയുധ വിൽപ്പന ഉയർന്നതിന് ആധാരമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ 100 ആയുധ കമ്പനികളുടെ ആയുധങ്ങളുടെയും സൈനിക സേവനങ്ങളുടെയും വിൽപ്പനയിൽ നിന്ന് ശേഖരച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവിട്ടത്. 2022നെ അപേക്ഷിച്ച് വൻ വർധനയാണ് ആയുധ വിൽപ്പനയിൽ 2023ൽ ഉണ്ടായിരിക്കുന്നത്. ഓരോ രാജ്യവും ഡിമാൻഡ് ചെയ്യുന്ന ആയുധങ്ങളുടെ എണ്ണം വലിയ രീതിയിൽ ഉയർന്നു എന്ന് തന്നെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ലോകത്തിലെ ആയുധ വരുമാനത്തിൻ്റെ പകുതിയും വഹിക്കുന്നത് അമേരിക്കയാണ്. 2018 മുതൽ പ്രവർത്തിക്കുന്ന ആയുധ കമ്പനികളിൽ മികച്ച നൂറെണ്ണത്തിൽ ആദ്യത്തെ അഞ്ച് കമ്പനികൾ അമേരിക്കയിലാണ്. അതിനാൽ തന്നെ ആയുധ നിർമാണത്തിൽ മുൻ നിരക്കാരായ അമേരിക്കൻ കമ്പനികൾ 2022നെ അപേക്ഷിച്ച് 2023ലെ അവരുടെ വിൽപ്പനയിൽ 2.5 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു. 41 യു.എസ് കമ്പനികളിൽ 30 എണ്ണവും 2023-ൽ ആയുധ വരുമാനം വർധിപ്പിച്ചു. അതേസമയം ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് ആയുധ നിർമ്മാതാക്കളായ ലോക്ഹീഡ് മാർട്ടിനും ആർടിഎക്സും ആയുധ വിതരണത്തിൽ ഇടിവാണ് രേഖപ്പെടുത്തുന്നത്. വരുമാന വളർച്ചയിൽ റഷ്യ ഒഴികെയുള്ള യൂറോപ്യൻ ആയുധ വ്യവസായമാണ് ലോകത്തിൻ്റെ മറ്റു ഭാഗങ്ങളെ പിന്നിലാക്കി വളരുന്നത്. ജർമ്മനി, സ്വീഡൻ, ഉക്രെയ്ൻ, പോളണ്ട്, നോർവേ, ചെക്കിയ എന്നിവിടങ്ങളിലെ കമ്പനികൾ ആയുധ വിൽപ്പനയിൽ വലിയ ലാഭം നേടി. ആയുധ വിൽപ്പനയിൽ വരും വർഷങ്ങളിലും വൻ കുതിച്ചു ചാട്ടം ഉണ്ടാകും എന്ന് തന്നെയാണ് വ്യക്തമാകുന്നത്.
















