മലയാളികളുടെ പ്രിയ നടിയാണ് പാർവതി തിരുവോത്ത്. നിലപാടുകൾ കൊണ്ടും വ്യത്യസ്തമായ അഭിനയും കൊണ്ടും പാർവതി എന്നും ശ്രദ്ധേയയാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ അന്തരിച്ച നടൻ നെടുമുടിവേണുവിനോടപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം തുറന്നുപറയുകയാണ് താരം. നെടുമുടി വേണുവിനൊപ്പമുള്ള ഒരു ഫോട്ടോ തന്റെ കയ്യിലുണ്ടെന്നും അന്ന് അങ്ങനെയൊരു ഫോട്ടോ എടുക്കാൻ തോന്നിയതിൽ ഇപ്പോൾ വലിയ സന്തോഷമുണ്ടെന്നുമാണ് പാർവതി പറയുന്നത്. താൻ വർക്ക് ചെയ്തവരിൽ ഏറ്റവും മികച്ച കോ ആക്ടറിൽ ഒരാളാണ് നെടുമുടി വേണുവെന്നും പാർവതി കൂട്ടിച്ചേർക്കുന്നു. ഒരു ചാനൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർവതി. ചാർലി, പുഴു തുടങ്ങിയ ചിത്രങ്ങളിൽ നെടുമുടി വേണുവിനൊപ്പം പാർവതി അഭിനയിച്ചിരുന്നു. പാർവതിയുടെ വാക്കുകൾ ഇങ്ങനെയാണ് ‘ആ ഫോട്ടോയെ എന്താണ് വിളിക്കേണ്ടതെന്ന് എനിക്കറിയില്ല. പക്ഷെ അന്ന് ഫോട്ടോ എടുക്കാൻ തോന്നിയതിൽ എനിക്ക് നല്ല സന്തോഷമാണ്. എന്തോ എനിക്കന്ന് അങ്ങനെയൊരു ഫോട്ടോയെടുക്കാൻ തോന്നി. പുഴു എന്ന ചിത്രത്തിലും എനിക്ക് അദ്ദേഹത്തോടൊപ്പം ഒരു ചെറിയ സീൻ ചെയ്യാൻ പറ്റിയിരുന്നു. ഒരു പകുതി സീൻ കിട്ടിയെന്നേ പറയാൻ പറ്റുകയുള്ളൂ’ എന്നും പാർവതി വ്യക്തമാക്കുന്നു. ഒന്നിച്ച് അഭിനയിച്ചപ്പോൾ എടുത്ത ഫോട്ടോ വളരം അമൂല്യമായാണ് പാർവതി കണക്കാക്കുന്നത്.
പാർവതി തിരുവോത്ത് 2006ൽ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ സഹനടിയായാണ് അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് മലയാളത്തിന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിമാരിൽ ഒരാളായി പാർവതി മാറുകയായിരുന്നു. കാമ്പുള്ള കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ തന്റേതായ ഇടം ഉറപ്പിക്കാൻ പാർവതിയ്‌ക്കു സാധിച്ചു. മികച്ച നടിയ്‌ക്കുള്ള കേരള സംസ്ഥാനപുരസ്കാരവും പാർവതിയെ തേടിയെത്തി.