മലയാള സിനിമാ ലോകം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന എമ്പുരാൻ. ചിത്രത്തെ കുറിച്ച് ഇതുവരെയും പ്രേക്ഷകർക്ക് യാതൊരു സൂചനയും ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ നിന്നും ലഭിച്ചിട്ടില്ല. എമ്പുരാൻ സിനിമയുടെ കഥ എന്താണെന്നു പോലും നന്നായിട്ട് അറിയില്ലെന്ന പറയുകയാണ് നടൻ നന്ദു. എമ്പുരാനിൽ നടൻ നന്ദുവും അഭിനയിച്ചിട്ടുണ്ട്.
സത്യം പറഞ്ഞാൽ എമ്പുരാനിലെ വില്ലൻ ആരാണെന്ന് പോലും അറിയില്ല. തിരക്കഥാകൃത്ത് മുരളി ഗോപി, ഡയറക്‌ട് ചെയ്യുന്ന പൃഥ്വിരാജ്, നായകനായിട്ടുള്ള മോഹൻലാൽ, പ്രൊഡ്യൂസ് ചെയ്യുന്ന ആന്റണി പെരുമ്പാവൂർ ഇവർ നാലു പേർക്ക് മാത്രമേ ചിത്രത്തിന്റെ കഥ എന്താണെന്ന് അറിയൂ. മോഹൻലാലിന്റെ കഥാപാത്രത്തിന് വേറൊരു മുഖവും കൂടിയുണ്ടല്ലോ? രണ്ട് ട്രാക്കിൽ പോകുന്നത് കൊണ്ട് നമ്മൾ സിനിമയെ കുറിച്ച് കാടുകയറി ചിന്തിക്കേണ്ട കാര്യമില്ലെന്നാണ് നടൻ പറയുന്നത്.
എനിക്ക് തന്നിട്ടുള്ള ഭാഗം അഭിനയിക്കുക പോകുക, ഇതു മാത്രമാണുള്ളത്. ഇനി പൃഥ്വിരാജ് എന്നോട്, ചേട്ടാ കഥ പറഞ്ഞുതരാമെന്ന് പറഞ്ഞാലും അറിയേണ്ട എന്നേ ഞാൻ പറയൂ. കാര്യം ഇത് തിയേറ്ററിൽ നമുക്ക് എക്‌സ്പീരിയൻസ് ചെയ്യണ്ടതാണ്. കഥ അറിഞ്ഞാൽ അത് പോകും. ഈ സിനിമയെ സംബന്ധിച്ചിടത്തോളം തിയേറ്ററിൽ കാണുമ്പോഴുള്ള എക്‌സ്‌പീരിയൻസിനാണ് കാത്തിരിക്കുന്നതെന്നും നടൻ കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നന്ദു ഇക്കാര്യങ്ങൾ പറഞ്ഞത്.