Celebrities

കീര്‍ത്തി സുരേഷിന്റെ വിവാഹ തീയതി പുറത്ത് | keerthy-suresh

താരപുത്രിയുടേതായ പ്രിവിലേജുകളാണ് കീർത്തി സുരേഷിന്റെ ഇന്നത്തെ ഉയർച്ചയ്ക്ക് കാരണമെന്ന് വാദിക്കുന്ന നിരവധി പേരുണ്ട്. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളായ കീർത്തിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ സിനിമ തന്നെ പ്രിയദർശൻ സംവിധാനം ചെയ്ത ​ഗീതാഞ്ജലി. മോഹൻലാൽ നായകനായ സിനിമയ്ക്ക് റിലീസിന് മുമ്പ് ഹൈപ്പ് ലഭിച്ചെങ്കിലും സിനിമ കാര്യമായ ചലനമൊന്നും ഉണ്ടാക്കിയില്ല. കന്നഡ ചിത്രം ചാരുലതയുടെ തനിപ്പകർ‌പ്പാണ് ​ഗീതാഞ്ജലിയെന്ന് വിമർശനം വന്നു.

തമിഴകത്താണ് കീർത്തി സുരേഷ് കൂടുതൽ ശ്രദ്ധ നൽകിയത്. പെട്ടെന്ന് തന്നെ തമിഴ് പ്രേക്ഷകരുടെ മനം കവരാൻ‌ കീർത്തിക്ക് കഴിഞ്ഞു. വൻ ആരാധക വൃന്ദം കീർത്തിക്ക് തമിഴകത്തുണ്ട്. തെലുങ്കിലേക്ക് കടന്നപ്പോഴും നടിക്ക് മികച്ച സിനിമകൾ ലഭിച്ചു. 2018 ൽ പുറത്തിറങ്ങിയ മഹാനടി എന്ന തെലുങ്ക് സിനിമയാണ് കീർത്തിക്ക് കരിയറിൽ വഴിത്തിരിവാകുന്നത്. മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മഹാനടിയിലൂടെ കീർത്തിയെ തേടി വന്നു. കീർത്തിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസായാണ് മഹാനടി ഇന്നും അറിയപ്പെടുന്നത്.

ഇപ്പോഴിതാ വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് നടി കീർത്തി സുരേഷ്. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തിയുടെ വരൻ.ഡിസംബര്‍ 12 ന് ഗോവയിലാണ് വിവാഹചടങ്ങുകള്‍ നടക്കുക. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികള്‍.

ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം ഈയിടെ കീര്‍ത്തി പങ്കുവച്ചിരുന്നു. 15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും ആന്റണി കീര്‍ത്തി എന്നായിരുന്നു കീര്‍ത്തിയുടെ കുറിപ്പ്.

എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്.

കഴിഞ്ഞ ദിവസം തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കീര്‍ത്തി ദര്‍ശനത്തിന് എത്തിയിരുന്നു. അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

‘റിവോള്‍വര്‍ റിത’യടക്കം തമിഴില്‍ രണ്ട് സിനിമകളാണ് കീര്‍ത്തി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബോളിവുഡില്‍ ബേബി ജോണ്‍ എന്ന സിനിമ പൂര്‍ത്തിയാക്കി. വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകന്‍. ഡിസംബര്‍ 25 ന് ചിത്രം റിലീസ് ചെയ്യും.

content highlight: keerthy-suresh-antony-thattil-marriage-wedding-date-goa