ഇത് റീ റിലീസുകളുടെ കാലം. മലയാളത്തിൽ അടക്കം നിരവധി സിനിമകൾ അത്തരത്തിൽ റീ റിലീസ് ചെയ്തു കഴിഞ്ഞു. അടുത്തത് തമിഴകത്തിൽ നിന്നുമൊരു സിനിമയാണ് റീ റിലീസിന് ഒരുങ്ങുന്നത്. തമിഴിലെ ക്ലാസിക് സിനിമകളിൽ ഒന്നായ മണിരത്നം ചിത്രം ദളപതിയാണ് ഈ ചിത്രം. രജനികാന്തിനൊപ്പം മലയാളത്തിന്റെ മമ്മൂട്ടിയും പ്രധാന വേഷത്തിൽ എത്തിയ പടം ഡിസംബർ 12ന് തിയറ്ററുകളിൽ വീണ്ടും എത്തും.
രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ദളപതി റീ റിലീസ് ചെയ്യുന്നത്. ഡിസംബർ 12ന് തന്നെയാണ് രജികാന്തിന്റെയും പിറന്നാൾ. ഈ വർഷം 74മത്തെ ജന്മദിനമാണ് രജനികാന്ത് ആഘോഷിക്കുന്നത്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗംഭീര റീ റിലീസ് മാമാങ്കത്തിനാണ് കളമൊരുങ്ങുന്നത്. വർഷങ്ങൾക്ക് മുൻപ് ഏവരെയും ഒന്നടങ്കം ആകർഷിച്ച ദളപതി വീണ്ടും എത്തുമ്പോൾ ബോക്സ് ഓഫീസിൽ അടക്കം വൻ ചലനം സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
1991 നവംബർ 5ന് റിലീസ് ചെയ്ത ചിത്രമാണ് ദളപതി. അന്ന് മൂന്ന് കോടി മുതൽ മുടക്കിലായിരുന്നു ചിത്രം ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ. നടൻ അരവിന്ദ് സ്വാമി ആദ്യമായി അഭിനയിച്ച ചിത്രത്തിൽ, രജനികാന്തിനും മമ്മൂട്ടിക്കും പുറമെ ശോഭന, ഗീത, ശ്രീവിദ്യ, തുടങ്ങി ഒന്നനവധി താരങ്ങളും അണിനിരന്നിരുന്നു. ഇളയരാജ സംഗീതം ഒരുക്കിയ ദളപതിയിലെ ഗാനങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. അതേസമയം, ലോകേഷ് കനകരാജിന്റെ കൂലി എന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.