നാഗചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി. ഇതിനിടെ നാഗചൈതന്യയുടെ മുൻപങ്കാളി സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ ചർച്ചയാവുകയാണ്. ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള ഗുസ്തി മത്സരമാണ് വീഡിയോയിലുള്ളത്. ആൺകുട്ടി ഏറെ ആത്മവിശ്വാസത്തോടെയാണ് മത്സരത്തിലേക്ക് പ്രവേശിക്കുന്നു, പക്ഷേ മത്സരം പുരോഗമിക്കുമ്പോൾ, അവൻ പെൺകുട്ടിയോട് പരാജയം ഏറ്റുവാങ്ങുന്നു. പെണ്ണിനെ പോലെ പോരാടുക എന്ന ക്യാപ്ഷനും സാമന്ത വീഡിയോക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.
നാഗചൈതന്യ-ശോഭിത വിവാഹത്തിൻ്റെ പശ്ചാത്തലത്തിൽ നാഗചൈതന്യക്കെതിരെയുള്ള ഒളിയമ്പാണെന്നാണ് ഒരു വിഭാഗം ആരാധകരുടെ കണ്ടെത്തൽ. എന്നാൽ മറ്റൊരു കൂട്ടർ പറയുന്നത് സാമന്ത വെറുതെ ഒരു വീഡിയോ ഷെയർ ചെയ്തതാണെന്നും അതിൽ ദുരുദ്ദ്യേശമില്ലെന്നുമാണ് പറയുന്നത്.
ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രി 8.15നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. നാഗചൈതന്യയുടെ മുത്തച്ഛനും നടനുമാണ് അക്കിനേനി നാഗേശ്വര റാവു. ബഞ്ചാര ഹിൽസിലാണ് 22 ഏക്കർ വിസ്തൃതിൽ പടർന്ന് കിടക്കുന്ന അന്നപൂര്‍ണ സ്റ്റുഡിയോ നിലകൊള്ളുന്നത്. കഴുത്തിലും കയ്യിലും നിറയെ ആഭരണങ്ങൾ അണിഞ്ഞ് സ്വര്‍ണ നിറത്തിലുള്ള പട്ടുസാരിയില്‍ രാജകീയ പ്രൗഢിയോടെയാണ് ശോഭിത വധുവായി ഒരുങ്ങിയെത്തിയത്.
പരമ്പരാഗത തെലുങ്ക് വരന്റെ വേഷത്തിലാണ് നാഗചൈതന്യ എത്തിയത്. തെലുങ്ക് ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ശോഭിതയുടെ വെഡ്ഡിങ് ലുക്ക് കണ്ട് പൊന്നിയൻ സെൽവനിലെ കുന്ദവൈയെ ഓർമ വന്നുവെന്നാണ് ഏറെയും കമന്റുകൾ. അക്കിനേനി-ദഗുബാട്ടി കുടുംബാംഗങ്ങളും തെലുങ്ക് സിനിമാ വ്യവസായത്തിലെ പ്രമുഖരുമെല്ലാം ചടങ്ങിൽ സന്നിഹിതരായിരുന്നു.
നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാർജുന അക്കിനേനിയാണ് വിവാഹ ചിത്രങ്ങൾ എക്സ് അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും കാത്തിരുന്ന വിവാഹമാണ് നടന്നത്.
രാം ചരൺ, ഉപാസന, മഹേഷ് ബാബു, നമ്രത ശിരോദ്കർ, ജൂനിയർ എൻടിആർ, എസ്എസ് രാജമൗലി, പ്രഭാസ്, ചിരഞ്ജീവി, സുരേഖ എന്നിവരാണ് അതിഥികളിൽ പ്രധാനപ്പെട്ടവർ. ഏകദ്ദേശം 400 ക്ഷണിക്കപ്പെട്ട അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതേസമയം പതിവുപോലെ വിവാഹ ചിത്രങ്ങൾക്ക് ആശംസകളെക്കാൾ വിമർശനമാണ് ലഭിക്കുന്നത്.
നാഗചൈതന്യയുടെ മുൻ ഭാര്യ സാമന്തയേയും കമന്റ് ബോക്സിൽ ആരാധകർ ടാഗ് ചെയ്യുന്നുണ്ട്. സാമന്തയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചശേഷമാണ് നാഗചൈതന്യ ശോഭിതയുമായി പ്രണയത്തിലായത്. ഈ വർഷം ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങ് നടന്നത്. 2017ലായിരുന്നു സാമന്തയുമായുള്ള നാഗചൈതന്യയുടെ വിവാഹം. തെലുങ്ക് ആചാര പ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവുമാണ് അന്ന് വിവാഹം നടന്നത്.
വൈകാരികമായ കുറിപ്പിനൊപ്പമായിരുന്നു വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ നാഗാർജുന പങ്കുവെച്ചത്. ശോഭിതയും ചായിയും ഒരുമിച്ച ഈ മനോഹരമായ അധ്യായം ആരംഭിക്കുന്നത് കാണുന്നത് എനിക്ക് സവിശേഷവും വൈകാരികവുമായ നിമിഷമാണ്.
എൻ്റെ പ്രിയപ്പെട്ട ചായിയ്ക്ക് അഭിനന്ദനങ്ങൾ. ഒപ്പം ഞങ്ങളുടെ കുടുംബത്തിലേക്ക് പ്രിയ ശോഭിതയെ സ്വാഗതം ചെയ്യുന്നു. നീ ഇതിനകം ഞങ്ങളുടെ ജീവിതത്തിൽ വളരെയധികം സന്തോഷം കൊണ്ടുവന്നു. അക്കിനേനി നാഗേശ്വര റാവു ഗാരുവിൻ്റെ ശതാബ്ദി വർഷത്തോടനുബന്ധിച്ച് സ്ഥാപിച്ച പ്രതിമയുടെ കീഴിൽ അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ ഈ ആഘോഷം നടന്നപ്പോൾ അത് കൂടുതൽ ആഴത്തിലുള്ള അർത്ഥമുള്ളതായി.
ഈ യാത്രയുടെ ഓരോ ചുവടിലും അദ്ദേഹത്തിൻ്റെ സ്നേഹവും മാർഗദർശനവും നമ്മോടൊപ്പമുണ്ടെന്ന് തോന്നുന്നു. ഇന്ന് ഞങ്ങളുടെ മേൽ വർഷിച്ച എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു എന്നാണ് മകന്റെ വിവാഹ ചിത്രങ്ങൾ പങ്കിട്ട് നാഗാർജുന കുറിച്ചത്. ശോഭിതയേയും നാഗചൈതന്യയേയും ചേർത്ത് പിടിച്ച് നിൽക്കുന്ന നാഗാർജുനയേയും ചിത്രങ്ങളിൽ കാണാം.
content highlight: samantha-video-naga-chaitanya-wedding