സിനിമ പ്രേമികൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം പുഷ്പ 2 തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളോടെ ചിത്രം പ്രദർശനം തുടരുകയാണ്. പ്രേക്ഷകർക്ക് വർക്ക് ആകുമോ എന്ന് സംശയിച്ച പല സീനുകളും തിയേറ്ററുകളിൽ കയ്യടിനേടുകയാണെന്ന് സംവിധായകൻ ജിസ് ജോയ്. പ്രേക്ഷകരുടെ പൾസ് എന്താണെന്ന് അറിയുന്ന സംവിധായകനാണ് സുകുമാർ എന്നും സിനിമയുടെ ഭാഗമാകാൻ സാധിച്ചതിന് സന്തോഷം ഉണ്ടെന്നും ജിസ് ജോയ് പറഞ്ഞു.
‘വർക്ക് ആകുമോ എന്ന് സംശയിച്ച പല സീനുകളും തിയേറ്ററിൽ അതിഗംഭീരമായി വർക്ക് ഔട്ട് ആകുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകൻ സുകുമാർ സാറിനാണ് അഭിനന്ദങ്ങൾ. ഓഡിയൻസിന്റെ പൾസ് അറിയാവുന്ന ഒരാൾക്ക് മാത്രമേ ഇങ്ങനെ ഒരു സിനിമ ചെയ്യാൻ പറ്റുകയുള്ളൂ. മാസായിട്ടാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ ഒരാളെയും നിരാശപ്പെടുത്തില്ല. പുറത്ത് നിന്നുള്ള റിവ്യൂ ആണെങ്കിലും മികച്ചതാണ്. പുഷ്പയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം. സിനിമ വലിയ വിജയമാകട്ടെയെന്ന് ഞാനും പ്രാർത്ഥിക്കുന്നു’, ജിസ് ജോയ് പറഞ്ഞു.
ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 പുറത്തിറങ്ങിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. സിനിമ പ്രീ സെയ്ൽസിലൂടെ മാത്രം 125 കോടി നേടിയതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മാത്രം 85 കോടി രൂപ അഡ്വാൻസുകളാണ് രജിസ്റ്റർ ചെയ്തത്.