സിനിമ പ്രേമികൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം പുഷ്പ 2 തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളോടെ ചിത്രം പ്രദർശനം തുടരുകയാണ്. ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 പുറത്തിറങ്ങിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. സിനിമ പ്രീ സെയ്ൽസിലൂടെ മാത്രം 125 കോടി നേടിയതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മാത്രം 85 കോടി രൂപ അഡ്വാൻസുകളാണ് രജിസ്റ്റർ ചെയ്തത്. ട്രെൻഡുകൾ നോക്കുമ്പോൾ ബോക്സ് ഓഫീസിൽ റെക്കോർഡ് ഓപണിങ് തന്നെ സിനിമ നേടുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ബാഹുബലി 2ന്റെ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ലോകമെമ്പാടുമായി 230 കോടി മുതൽ 250 കോടി രൂപ വരെ ആദ്യദിനത്തിൽ പുഷ്പ നേടുമെന്നാണ് കണക്കുകൂട്ടൽ.
പ്രേക്ഷകരുടെ പൾസ് എന്താണെന്ന് അറിയുന്ന സംവിധായകനാണ് സുകുമാർ എന്നും സിനിമയുടെ ഭാഗമാകാൻ സാധിച്ചതിന് സന്തോഷം ഉണ്ടെന്നും അല്ലുഅർജ്ജുന് ശബ്ദം നൽകുന്ന ജിസ് ജോയ് അഭിമുഖത്തിൽ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:
തിരുവനന്തപുരത്തായിരുന്നു ആര്യയുടെ ഡബ്ബിങ്. എനിക്ക് അതിനു മുൻപ് ഡബ്ബിങ് സിനിമകൾ ചെയ്ത അനുഭവമില്ല. കായംകുളം കൊച്ചുണ്ണി ചെയ്തിട്ടുണ്ട്. നിന്ന് തിരിയാൻ സമയമില്ലാത്ത അത്രയും തിരക്ക്. പത്തോളം സീരിയലുകളുടെ നായകന്മാർക്ക് ഞാനാണ് ശബ്ദം നൽകുന്നത് . കൊച്ചിയിൽ നിന്നും മൂന്നുദിവസം മാറിനിൽക്കുക എന്നു പറയുന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. നടക്കുന്ന കേസ് അല്ല. അത്ര ഏറെ സീരിയലുകൾ കമ്മിറ്റി ചെയ്തിട്ടുണ്ട്. അപ്പോഴാണ് തെലുങ്ക് പടത്തിലേക്ക് ഡബ്ബ് ചെയ്യാൻ എന്നെ വിളിക്കുന്നത്. പുതിയ പയ്യൻ ആണെന്ന് കായംകുളം കൊച്ചുണ്ണിയുടെ ശബ്ദമാണ് വേണ്ടത് എന്നും എന്നോട് പറഞ്ഞു. മടിച്ചു മടിച്ചാണ് ഞാൻ അതിനു പോകുന്നത്. രണ്ടുദിവസത്തെ അവധി ഒപ്പിച്ചു. സീരിയലുകൾ ഇല്ലാത്ത ദിവസം അവധി ഒപ്പിച്ചു. അങ്ങനെ തിരുവനന്തപുരത്തേക്ക് ഡബ്ബിങ്ങിന് പോവുകയും ഡബ്ബിങ് ആരംഭിക്കുകയും ചെയ്തു.
ഉദ്ദേശിച്ച പോലെ പോകുന്നില്ല. കാരണം നമുക്ക് പരിചയമില്ലല്ലോ. വേറെ ഒരു ഭാഷ പോകുന്നു. അതിനു മുകളിൽ മലയാളം ഡബ്ബ് ചെയ്യുന്നു. ഞാൻ എത്ര ടേക്ക് പോയിട്ടും അദ്ദേഹം ഒക്കെ ആകുന്നില്ല. അദ്ദേഹം വളരെ പെർഫെക്ഷന്റെ ആളാണ്. ഇതൊരു മലയാള സിനിമ അല്ലല്ലോ. തെലുങ്ക് സിനിമ അല്ലേ. അതിന് ലിപ്പ് സിങ്ക് ആക്കുന്നതിൽ ഒരു പരിധിയില്ലേ. ഇങ്ങനെ വാശി പിടിച്ചാൽ ഇതെപ്പോ തീരാൻ ആണ്. ഒടുവിൽ ഞാൻ സ്ക്രിപ്റ്റ് ചോദിച്ചു.
നാലുമണിക്കൂർ ആയിട്ടും രണ്ടു സീൻ പോലും ഡബ്ബ് ചെയ്തു കഴിഞ്ഞിട്ടില്ല. എട്ടുമണിക്ക് തുടങ്ങിയതാണ്. സതീഷ് പുതുക്കുളം ആണ് സ്ക്രിപ്റ്റ് എഴുതുന്നത്. ഇപ്പോഴും അദ്ദേഹം തന്നെയാണ് സ്ക്രിപ്റ്റ് എഴുതുന്നത്. 95 ഓളം സീനുള്ള സ്ക്രിപ്റ്റ് വന്നു. ഞാനൊരു ഇരിപ്പിരുന്നു. കാരണം നാലുമണിക്കൂർ ആയിട്ടും രണ്ട് സീൻ ആയിട്ടില്ല. ഈ 95 സീൻ എപ്പോൾ ഡബ്ബ് ചെയ്തു കഴിയാനാണ് . അങ്ങനെ ഒന്നും രണ്ടും പറഞ്ഞു വഴക്കായി. എനിക്കിത് ശരിയാവുന്നില്ല ഞാൻ പോകുകയാണെന്ന് പറഞ്ഞു. പണി പാളിയെന്നു മനസ്സിലായി. അങ്ങനെയാണ് പോകാൻ തീരുമാനിച്ചത്. ചെറിയ നീരസമായി. അദ്ദേഹവും ഇറങ്ങിപ്പോയി.
പോകാൻ നേരം കാപ്പി കുടിച്ചിട്ട് പോകാമെന്ന് സതീശേട്ടനും റെക്കോഡിസ്റ്റും പറഞ്ഞു. ഡബ്ബിങ് ഞാൻ മറന്നു പോയെന്ന് തോന്നുന്നു എന്ന് ഞാൻ അമ്മയെ വിളിച്ചുപറഞ്ഞു. ഇവിടെ നിൽക്കുമ്പോൾ എൻറെ ആത്മവിശ്വാസം പോകുമെന്നും ഞാൻ അമ്മയോട് പറഞ്ഞു. ഒരു സെക്കൻഡ് പോലും അവിടെ നിൽക്കാതെ അടുത്ത വണ്ടി പിടിച്ചു തിരിച്ചു വരാൻ അമ്മ എന്നോട് പറഞ്ഞു. എൻറെ അമ്മ വരെ തിരിച്ചു വരാൻ പറഞ്ഞത് ഞാൻ അവരോട് പറഞ്ഞു. നാലാമത്തെ ആളാണ് ഇങ്ങനെ പോകുന്നത് എന്ന് അവർ എന്നോട് പറഞ്ഞു. എന്തെങ്കിലും മാർഗ്ഗമുണ്ടെങ്കിൽ തീർത്തിട്ട് പോകാമോ എന്ന് അവർ എന്നോട് ചോദിച്ചു. എനിക്കത് കേട്ടപ്പോൾ വിഷമമായി.
ഞാൻ അവരോട് ഒരു കാര്യമാണ് ആവശ്യപ്പെട്ടത്. മൊത്തം ചെയ്തതിനുശേഷം അദ്ദേഹം കേട്ടാൽ മതിയെന്ന് പറഞ്ഞു. ഓരോ സീനിലും കേട്ടതിനു ശേഷം മുന്നോട്ടുപോകാൻ ആവാത്തതിനാൽ ഞാൻ ഡിമോട്ടിവേറ്റഡ് ആകുന്നു. അതുകൊണ്ട് എല്ലാം ചെയ്തശേഷം കറക്ഷൻ പിന്നീട് ചെയ്യാം എന്നും ഞാൻ വാക്കു കൊടുത്തു. ആ ഒരു ഡിലിലാണ് ആര്യ വീണ്ടും ഡബ്ബ് ചെയ്തു തുടങ്ങുന്നത്. അങ്ങനെ മൂന്നുദിവസം കൊണ്ടാണ് ഡബ്ബിങ് തീർക്കുന്നത്. അന്നൊരുപക്ഷേ ഞാൻ ഇറങ്ങി പോയിരുന്നെങ്കിൽ ഈ ഐഡന്റിറ്റി എനിക്ക് ലഭിക്കില്ലായിരുന്നു. മറ്റ് മേൽവിലാസങ്ങളേക്കാൾ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന ഒന്നാണ് ഈ ശബ്ദം. അന്ന് ഇറങ്ങി പോയിരുന്നെങ്കിൽ തുടർച്ചയായി ഇരുപതോളം സിനിമകൾ അല്ലുവിനു വേണ്ടി എനിക്ക് ചെയ്യാൻ കഴിയില്ലായിരുന്നു.
content highlight: jis-joy-about-allu-arjun-movie-pushpa-2