Celebrities

സൽമാൻ ഖാന്‍റെ സിനിമാ സെറ്റിൽ ലോറന്‍സ് ബിഷ്‌ണോയിയുടെ പേരുപറഞ്ഞ് ഭീഷണി

മുംബൈയിലാണ് വൻ സുരക്ഷാ വീ‍ഴ്ചയായി കണക്കാക്കിയേക്കാവുന്ന സംഭവം നടന്നത്.

വധഭീഷണികളെ തുടർന്ന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടും ബോളിവുഡ് താരം സൽമാൻ ഖാന്‍റെ ഷൂട്ടിങ് സെറ്റിൽ അതിക്രമിച്ച് കയറി യുവാവ്. മുംബൈയിലാണ് വൻ സുരക്ഷാ വീ‍ഴ്ചയായി കണക്കാക്കിയേക്കാവുന്ന സംഭവം നടന്നത്. സല്‍മാന്‍ ഖാന്റെ ആരാധകനാണെന്ന് വിശേഷിപ്പിച്ച് അനുമതിയില്ലാതെ അകത്തുകയറിയ ഇയാള്‍, ലോറന്‍സ് ബിഷ്‌ണോയ്‌യുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

ലൊക്കേഷനില്‍ പ്രവേശിച്ചത് തടയുകയും ഇത് സംബന്ധിച്ച് ചോദ്യംചെയ്തപ്പോള്‍ ‘ബിഷ്‌ണോയ്‌യെ അറിയിക്കണോ’ എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെ വാക്കേറ്റവുമുണ്ടായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിൽ അറിയിച്ചു. ശിവാജി പാർക്ക് സ്റ്റേഷനിൽ നിന്ന് എത്തിയ പൊലീസ് ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.

മുംബൈ സ്വദേശിയായ ഇയാളുടെ പശ്ചാത്തലമടക്കം അന്വേഷിച്ചെങ്കിലും സംശയത്തക്ക രീതിയില്‍ ഒരു വിവരവും ലഭിച്ചിട്ടില്ല. സല്‍മാന്‍ ഖാന്റെ ആരാധകനാണെന്നും ഷൂട്ടിങ്ങിനെത്തിയതാണെന്നും മാത്രമാണ് ഇയാൾ പറഞ്ഞത്. ഷൂട്ട് കാണാൻ എത്തിയ ഇയാൾ ശ്രദ്ധ പിടിച്ചു പറ്റാനായി ചെയ്തതാകാമെന്നാണ് പൊലീസ് കരുതുന്നത്.