അമരന്‍ സിനിമയില്‍ തന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചതിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിയോട് മാപ്പ് പറഞ്ഞ് നിര്‍മാതാക്കള്‍ രംഗത്ത്. തന്റെ ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ചെന്നൈയിലെ എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിയായ വി.വി. വാഗീശന്‍ അമരന്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് എതിരെ വക്കീല്‍ നോട്ടീസയക്കുകയായിരുന്നു.
വി.വി. വാഗീശനുണ്ടായ അസൗകര്യത്തില്‍ മാപ്പ് പറയുന്നതായും ചിത്രത്തില്‍ നിന്ന് ഫോണ്‍ നമ്പര്‍ നീക്കിയതായും രാജ് കമല്‍ അറിയിച്ചു. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച സിനിമയായിരുന്നു അമരന്‍. നവംബര്‍ 21നായിരുന്നു വിദ്യാര്‍ത്ഥി നോട്ടീസ് അയച്ചത്. സിനിമയില്‍ സായ് പല്ലവി അവതരിപ്പിച്ച ഇന്ദു റെബേക്ക വര്‍ഗീസിന്റേതായി കാണിക്കുന്ന ഫോണ്‍ നമ്പര്‍ തന്റേതാണ് എന്നും തുടര്‍ച്ചയായി കോളുകള്‍ വരുന്നതോടെ പഠിക്കാനോ ഉറങ്ങാനോ പറ്റുന്നില്ലെന്നും മാനസികമായ ബുദ്ധിമുട്ടുകള്‍ ഇത് കാരണം സൃഷ്ടിക്കപ്പടുന്നുണ്ടെന്നും വിദ്യാര്‍ത്ഥി പരാതി പറഞ്ഞിരുന്നു.
അമരന്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് എതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസയച്ചത്. അമരന്‍ ഇറങ്ങിയ ശേഷം തന്റെ നമ്പറിലേക്ക് നിരന്തരമായി സായ് പല്ലവിയല്ലേ എന്ന് ചോദിച്ച് കോളുകള്‍ വരുന്നുണ്ടെന്നും അതോടെ തന്റെ സമാധാനം നഷ്ടപ്പെട്ടുവെന്നും വിദ്യാര്‍ത്ഥി പരാതിയില്‍ പറയുന്നുണ്ട്. ഇതിന് നഷ്ടപരിഹാരമായി 1.1 കോടി രൂപയാണ് വാഗീശന്‍ ആവശ്യപ്പെട്ടത്. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത അമരനില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് സായ് പല്ലവിയും ശിവകാര്‍ത്തികേയനുമാണ്. കമല്‍ ഹാസന്റെ രാജ് കമലിന്റെ ബാനറിലാണ് അമരന്റെ നിര്‍മാണം.