rasakazhchakal

ഇന്ന് തീരുമാനിച്ചാല്‍ നാളെ വീട് റെഡി…

ഒരു വീട് വയ്ക്കാന്‍ വേണ്ട മിക്ക സാധനങ്ങളും ഫാക്ടറികളില്‍ ഉണ്ടാക്കി, അത് വീട്ടില്‍ കൊണ്ടെത്തിച്ച്, പിന്നെ പണിക്കാരെ വിളിച്ച് അത് പൂര്‍ത്തിയാക്കുമ്പോഴേക്കും മാസങ്ങളാകും. കൂടാതെ ലേബര്‍ ചാര്‍ജ് വേറെയും. എന്നാല്‍ ഒരു ഫാക്ടറിയില്‍ തന്നെ വീട് ഉണ്ടാക്കിയാലോ. വിദേശ രാജ്യങ്ങളില്‍ ഇങ്ങനെയുള്ള വീടുകളാണ്. അതുപോലെ കേരളത്തിലും പ്രാവര്‍ത്തികമാക്കുകയാണ്.

നമ്മുടെ ഭാവനയ്ക്കും സൗകര്യങ്ങള്‍ക്കും അനുസരിച്ചുള്ള വീടുകള്‍ ഫാക്ടറിയില്‍ നിര്‍മിച്ച് കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ കൊണ്ടെത്തിക്കും. പ്രീകാസ്റ്റ് ടെക്‌നോളജി എന്നാണ് ഈ നിര്‍മാണരീതിയുടെ പേര്. ന്യൂസീലന്‍ഡിലെ ബില്‍ഡറായ ഗാവിന്‍ മൂര്‍ ആണ് ഈ ടെക്‌നോളജിയുടെ ഉപജ്ഞാതാവ്.

ഫാക്ടറിയില്‍ നിര്‍മിച്ചെടുക്കുന്ന വീടുകള്‍, സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സൈറ്റിലേക്ക് ട്രക്കില്‍ കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ഫ്‌ളോറിങ്ങും ജനലുകളും കിച്ചന്‍ ക്യാബിനറ്റുകളും വരെ ഫാക്ടറിയില്‍ അസംബിള്‍ ചെയ്തതിനു ശേഷമാണ് വീടുകള്‍ സൈറ്റിലേക്കു നീക്കുന്നത്. ഇലക്ട്രിക് വയറിങ്, ഫിറ്റിങ്, സ്വിച്ചുകള്‍ നല്‍കുക, പ്ലമിങ് നടത്തുക തുടങ്ങിയ ജോലികളും ഫാക്ടറിയില്‍ വച്ചുതന്നെ പൂര്‍ത്തീകരിക്കും.

എന്തിനേറെ, ഇത്തരം ബില്‍ഡിങ്ങിനുള്ള സ്റ്റെയര്‍കേസുകള്‍ വരെ ഫാക്ടറിയില്‍ വച്ചാണ് നിര്‍മിച്ചെടുക്കുന്നത്. 95% നിര്‍മാണ ജോലികളും നടക്കുന്നത് ഫാക്ടറിയിലാണെന്നു സാരം. നിര്‍മാണച്ചെലവും ലേബര്‍ കോസ്റ്റും കുറയ്ക്കാനും പെട്ടെന്നു നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനും ഇതുവഴി കഴിയുന്നു.

ചുമരുകള്‍, സ്ട്രക്ചറല്‍ ബീമുകള്‍ ആര്‍ക്കിടെക്ചറല്‍ ക്ലാഡിങ്, റൂഫ്, ഡെക്ക് എന്നിവയ്‌ക്കെല്ലാം ഇണങ്ങുന്ന രീതിയില്‍ പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് പാനലുകള്‍ ഡിസൈന്‍ ചെയ്‌തെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഈ പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് പാനലുകള്‍ നാലു വശത്തുമായി സ്ഥാപിച്ച അയണ്‍ പില്ലറുകളില്‍ ഘടിപ്പിക്കുന്നു. ഈ അയണ്‍ പില്ലറുകളാണ് കെട്ടിടത്തിന്റെ ഭാരം മുഴുവന്‍ താങ്ങുന്നത്. ഇവയ്ക്കു സാധാരണ വീടുകളെക്കാള്‍ ഈടും ഗുണമേന്മയുമുണ്ടെന്ന് മൂര്‍ അവകാശപ്പെടുന്നു. ഈ പില്ലറുകള്‍ക്ക് ഒരു ലോക്കിങ് സിസ്റ്റം ഉണ്ട്. അത് ബില്‍ഡിങ് സ്ട്രക്ചറിനെ ഒന്നാകെ മുറുക്കെ പിടിക്കുന്നു.

പ്രീകാസ്റ്റ് വീടുകളുടെ ഔട്ടര്‍ വാളുകള്‍ക്ക് നാല് ഇഞ്ച് കനവും ഇന്നര്‍ വാളുകള്‍ക്ക് മൂന്ന് ഇഞ്ച് കനവുമാണുള്ളത്. ഈ നിര്‍മിതികള്‍ക്ക് ഭൂകമ്പ പ്രതിരോധ ശേഷിയും ഉണ്ട്. തീ, ചുഴലിക്കാറ്റ് എന്നിവയെയും പ്രതിരോധിക്കാന്‍ ഇത്തരം നിര്‍മിതികള്‍ക്കു സാധിക്കും. സൗണ്ട്, തെര്‍മല്‍ ഇന്‍സുലേഷന്‍ ഗുണങ്ങളോടു കൂടിയ പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് പാനലുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്. സമയം ലാഭിക്കുന്നതിനാല്‍ ലേബര്‍ കോസ്റ്റ്, നിര്‍മാണ സാമഗ്രികളുടെ അടിക്കടിയുണ്ടാവുന്ന വിലവര്‍ധന എന്നിവ നിര്‍മാണത്തെ ബാധിക്കില്ല.

Tags: tech

Latest News