2024ൽ ഏറ്റവും കൂടുതൽ ജനപ്രതി നേടിയ ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റ് പ്രശസ്ത സിനിമാ വെബ്സൈറ്റ് ആയ ഐഎംഡിബി പുറത്തുവിട്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും ജനപ്രീതിയുള്ള താരമായ തിരഞ്ഞെടുത്തിരിക്കുന്നത് ബോളിവുഡ് താരം തൃപ്തി ദിമ്രിയെയാണ്. രണ്‍ബീര്‍ കപൂറിന്റെ അനിമലിലൂടെ നാഷണല്‍ ക്രഷ് ആയ നടിയാണ് തൃപ്തി ദിമ്രി. സിനിമ തിയറ്ററില്‍ എത്തിയതിനു പിന്നാലെ നടിയുടെ ജനസമ്മതി റോക്കറ്റുപോലെയാണ് കുതിച്ചുപൊന്തിയത്. രശ്മിക മന്ദാനയെ ആളുകൾ നെഞ്ചിലേറ്റി ആരാധിക്കുന്ന സമയത്താണ് രശ്മിക തന്നെ നായിക ആയ ഒരു ചിത്രത്തിൽ അഭിനയിച്ച് തൃപ്തി വലിയ പ്രേക്ഷക പ്രശംസ നേടുന്നത്.
ബോളിവുഡ് താരസുന്ദരി ദീപിക പദുകോണിനേയും സൂപ്പര്‍താരം ഷാരുഖ് ഖാനെയും പിന്തള്ളിയാണ് താരം തൃപ്തി ദിമ്രി ഐഎംഡിബിയിൽ ആദ്യ സ്ഥാനത്ത് എത്തിയത്. ദീപിക പദുക്കോൺ ലിസ്റ്റിൽ തൃപ്തിക്ക് തൊട്ടു പിന്നിലാണ്. ഇതേ ലിസ്റ്റിൽ ഷാരൂഖ് ഖാൻ നാലാം സ്ഥാനത്തും പ്രഭാസ് പത്താം സ്ഥാനത്തുമാണ്. ഇഷാന്‍ ഖട്ടറാണ് മൂന്നാം സ്ഥാനത്ത്. ശോഭിത ധൂലിപാല, ശര്‍വാണി, ഐശ്വര്യ റായ്, സമാന്ത, ആലിയ ഭട്ട്, പ്രഭാസ് എന്നിവരാണ് ആദ്യ പത്തില്‍ ഇടംനേടിയത്.
അനിമല്‍ സൂപ്പര്‍ഹിറ്റായതിനു പിന്നാലെ തൃപ്തി ദിമ്രിയുടെ താരമൂല്യത്തില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായത്. ഒന്നിനു പിറകെ ഒന്നായി ലൈല മജ്നു എന്ന റീ റിലീസ് ചിത്രമുൾപ്പടെ നാല് സിനിമകളാണ് തൃപ്തിയുടേതായി ഈ വർഷം റിലീസിനെത്തിയത്. ബാഡ് ന്യൂസ്, വിക്കി വിദ്യാ ക വോ വാല വിഡിയോ, ഭൂല്‍ ഭുലയ്യ 3 എന്നിവയായിരുന്നു ചിത്രങ്ങള്‍. ഇതിൽ ‘ഭൂൽ ഭുലയ്യ 3’ 400 കോടിക്കും മുകളിൽ ബോക്സ് ഓഫീസിൽ നിന്നും നേടിയിരുന്നു. ‘ധടക്ക് 2’ ആണ് ഇനി പുറത്തിറങ്ങാനുള്ള തൃപ്തിയുടെ ചിത്രം. ഈ വര്‍ഷത്തെ ഏറ്റവും ജനപ്രീതിയുള്ള നായികയായതോടെ ബോളിവുഡിനും ആരാധകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റും പങ്കുവച്ചിരുന്നു.
ഐഎംഡിബി ലിസ്റ്റ് വിശദമായി നോക്കുകയാണെങ്കിൽ നടി ശോഭിത ധൂലിപാല ആണ് ലിസ്റ്റിൽ അഞ്ചാമതുള്ളത്. ഹോളിവുഡ് ചിത്രമായ മങ്കി മാൻ, ലവ് സിതാര എന്നിവയാണ് ശോഭിത ധൂലിപാലയുടെ ഈ വർഷത്തെ സിനിമകൾ. ശർവരി, ഐശ്വര്യ റായ് ബച്ചൻ എന്നിവരാണ് ആറും ഏഴും സ്ഥാനത്തുള്ള അഭിനേതാക്കൾ. മുഞ്ജ്യ, മഹാരാജ്, വേദ എന്നീ മൂന്ന് സിനിമകളിലൂടെ ഈ വർഷം മിന്നും പ്രകടനമാണ് ശർവരി കാഴ്ചവെച്ചത്. സാമന്ത എട്ടാം സ്ഥാനത്തും ആലിയ ഭട്ട് ഒൻപതാം സ്ഥാനത്തുമാണ്. രാജ് ആൻഡ് ഡികെ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ സീരീസ് സിറ്റാഡൽ ഹണി ബണ്ണി ആണ് സാമന്തയുടെ ഈ വർഷത്തെ പ്രൊജക്റ്റ്. വാസൻ ബാല സംവിധാനം ചെയ്ത ജിഗ്‌റയാണ് അവസാനം റിലീസായ ആലിയ ചിത്രം. സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ബാഹുബലി എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ സ്വീകാര്യത നേടിയ പ്രഭാസ് ലിസ്റ്റിൽ അവസാന സ്ഥാനത്താണ്. കൽകിയാണ് ഈ വർഷം പുറത്തിറങ്ങിയ ഏക പ്രഭാസ് ചിത്രം.