റീ റിലീസിന് ഒരുങ്ങിയതാണ് വിഖ്യാത സ്പേസ് ഫിക്ഷൻ ചിത്രം ഇന്റർസ്റ്റെല്ലാർ. ലോകത്താകമാനമുള്ള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ചിത്രമായിരുന്നു ക്രിസ്റ്റഫർ നോളൻ സംവിധാനത്തിൽ ഇറങ്ങിയ ഈ ചിത്രം. 2014ൽ പുറത്തിറങ്ങിയ ക്രിസ്റ്റഫർ നോളൻ ചിത്രത്തിന്റെ പത്താംവാർഷിക വേളയിലാണ് റീ റീലീസ്. വാർഷികം കണക്കിലെടുത്ത് ഒരാഴ്ച നീണ്ടു നിൽക്കുന്ന എക്സ്ക്ലൂസീവ് റീ റിലീസ് ആവും ഉണ്ടാവുകയെന്ന് നിർമാതാക്കളായ പാരമൗണ്ട് പിക്ചേഴ്സ് വ്യക്തമാക്കിയിരുന്നു എങ്കിലും ഇന്ത്യയിൽ ചിത്രം റീ റിലീസിന് എത്തിയില്ല. അല്ലു അർജുൻ ചിത്രമായ പുഷ്പ 2 വിന്റെ റിലീസാണ് ഇതിന് കാരണമെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. 2ഡി, ഐമാക്സ് പതിപ്പുകളിൽ പുഷ്പ 2: ദി റൂൾ റിലീസ് ചെയ്തതിനാൽ, ക്രിസ്റ്റഫർ നോളന്‍റെ ഇന്‍റര്‍സ്റ്റെല്ലാറിന്‍റെ റീ-റിലീസിനെ ബാധിച്ചുവെന്ന റിപ്പോർട്ടുകൾ അടുത്തിടെ വിവിധ എന്‍റര്‍ടെയ്മെന്‍റ് സൈറ്റുകളില്‍ വന്നിരുന്നു. പുഷ്പ 2 ഇന്ത്യയിലെ എല്ലാ ഐമാക്സ് സ്‌ക്രീനുകളിലും പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ഡിസംബർ 6 ന് വീണ്ടും റിലീസ് ചെയ്യാനിരിക്കുന്ന ഇന്‍റര്‍സ്റ്റെല്ലാര്‍ റിലീസ് പ്രതിസന്ധിയിലായി എന്നായിരുന്നു വാര്‍ത്ത. റിപ്പോർട്ടുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ, ക്രിസ്റ്റഫർ നോളന്‍റെ നിരവധി ആരാധകർ ഇതില്‍ നിരാശ പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇത് പുഷ്പ 2 ഹൈപ്പിന് വേണ്ടി ഉണ്ടാക്കിയ വാര്‍ത്തയാണ് എന്നും സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം പറയുന്നു. റിപ്പോര്‍ട്ടുകൾ പ്രകാരം ഐമാക്‌സിൽ ഇന്‍റര്‍സ്റ്റെല്ലാര്‍ റീ-റിലീസ് നടക്കുന്നത് യു.എസിൽ മാത്രമാണ് എന്നാണ് പറയുന്നത്. ഇന്ത്യയിൽ ഈ റീ റിലീസ് ഇല്ല. അതിനാല്‍ ഇന്‍റര്‍സ്റ്റെല്ലാറിനെ മാറ്റി പുഷ്പ 2 പ്രദര്‍ശിപ്പിക്കാന്‍ ഇന്ത്യയിലെ ഒരു ഐമാക്സ് തീയറ്ററിലും ഒരു ശ്രമവും ഇല്ലെന്നാണ് വ്യക്തമാക്കുന്നത്.
മുൻപും ‘ഇന്‍റര്‍സ്റ്റെല്ലാർ’ തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിട്ടുണ്ട്. 165 മില്യൺ ഡോളറിൽ ഒരുങ്ങിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 730.8 മില്യൺ ഡോളറാണ്. മാത്യു മക്കോനാഗെ, ആൻ ഹാത്ത്‌വേ, ജെസ്സിക്ക ചാസ്റ്റൈൻ, മൈക്കൽ കെയ്ൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. സയൻസ് ഫിക്ഷൻ ഡ്രാമയായി ഒരുങ്ങിയ സിനിമ ഇന്നും ഏറെ സ്വീകാര്യതയുള്ള ചിത്രമാണ്. നിരവധി പുരസ്കാരങ്ങളും ചിത്രം വാരിക്കൂട്ടിയിരുന്നു.