ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ 2. ഇപ്പോൾ പുഷ്പ 2 പ്രതീക്ഷ തെറ്റിച്ചില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ചിത്രത്തെ കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങൾ ഉണ്ടെങ്കിലും പുഷ്പ സിനിമ കേരളത്തിൽ ബാഹുബലിയുടെ കളക്ഷൻ റെക്കോർഡ് മറികടന്നു എന്നാണ് വിവരങ്ങൾ. ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച സിനിമ തന്നെയാണ് പുഷ്പ. കേരളത്തിൽ 6.20 കോടിയാണ് ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ. കേരളത്തിൽ ആദ്യദിനം ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രമായി പുഷ്പ 2 മാറിയിരിക്കുകയാണ്. റിലീസ് ദിവസം പുലർച്ചെ ആറ് മണി മുതൽ ഫാൻസ് ഷോ ആരംഭിച്ചിരുന്നു. അർദ്ധ രാത്രി വരെ നീളുന്ന സ്പെഷൽ ഷോകളും പുഷ്പയ്ക്കായി വിതരണക്കാരായ ഇഫോർ എന്റർടെയ്ൻമെന്റ്സ് ഒരുക്കിയിരുന്നു. ഇപ്പോൾ ബാഹുബലി 2വിന്റെ റെക്കോർഡ് ആണ് പുഷ്പ 2 തകർത്തത്. 5.45 കോടിയായിരുന്നു ബാഹുബലി 2വിന്റെ കളക്ഷൻ.
എസ് എസ് രാജമൗലിയുടെ ആർആർആർ സിനിമയുടെ ആദ്യദിന കളക്ഷൻ റെക്കോഡ് (156 കോടി) പുഷ്പ തകർത്തു. ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ റെക്കോഡും ചിത്രം മറികടന്നു. ഇന്ത്യയിലെ എക്കാലത്തെയും വലിയ ഓപ്പണിങ് ഡേ കളക്ഷന്‍ എന്ന റെക്കോഡിട്ടതായാണ് ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. പുഷ്പ 2: ദ റൂൾ എന്ന ചിത്രത്തിലൂടെ അല്ലു അർജുൻ 2024ലെ താരമായി സ്ഥാനം ഉറപ്പിച്ചുവെന്ന് രാജ്യത്തെ പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം പുഷ്പ 2വിന്റെ ആഗോള കലക്‌ഷൻ 270 കോടി പിന്നിട്ടേക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹിന്ദിയിൽ നിന്ന് മാത്രം 85 കോടിയാണ് കളക്ഷൻ. തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിന്നായി ആദ്യദിനം 50 കോടി നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായും പുഷ്പ 2 മാറി. ലോകമാകമാനം 12,000 സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം കേരളത്തിൽ 500 സ്ക്രീനുകളിലാണ് എത്തിയത്. തെലുങ്കിലെ മറ്റൊരു താരത്തിനും ലഭിക്കാത്ത ഓപ്പണിങ് കലക്ഷൻ സ്വന്തമാക്കിയാണ് അല്ലു അർജുൻ ചിത്രം കുതിക്കുന്നത്. ഹൈദരാബാദിൽ ചിത്രത്തിന്റെ ആദ്യ ഷോ കാണാനെത്തിയ യുവതി തിക്കിലും രക്കിലും പെട്ട് മരിച്ചിരുന്നു. ഇതോടെ ചിത്രം വിവാദ ലിസ്റ്റിലും ഇടം പിടിച്ചു.