തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ സമകാലിക സിനിമ വിഭാഗത്തില്‍ 4 ദക്ഷിണ കൊറിയന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. വിഖ്യാത സംവിധായകനും നിര്‍മാതാവുമായ ഹോംഗ് സാങ് സൂവിന്റെ എ ട്രാവലേഴ്സ് നീഡ്സ് ,റ്റെയില്‍ ഓഫ് സിനിമ, ബൈ ദി സ്ട്രീം, ഹഹഹ എന്നീ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.സ്വതസിദ്ധമായ ശൈലിയും കാല്പനികമായ ആവിഷ്ക്കാരങ്ങളും കൊണ്ട് സമകാലിക കൊറിയന്‍ സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ചലച്ചിത്രകാരനാണ് ഹോംഗ് സാങ് സൂ. ദക്ഷിണ കൊറിയയിലെ വ്യക്തിജീവിതങ്ങളും പ്രണയബന്ധങ്ങളും ദൈനംദിന പ്രതിസന്ധികളും സിനിമകളുടെ പ്രധാന പ്രമേയങ്ങളാകുന്നു .
1960 ല്‍ ജനിച്ച ഹോംഗ് സാങ് സൂ, ചങ് ആങ് സര്‍വകലാശാല , കാലിഫോര്‍ണിയ ആര്‍ട്സ് കോളേജ്, ഷിക്കാഗോ സ്കൂള്‍ ഓഫ് ആര്‍ട് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.1996-ല്‍ ദ ഡേ എ പിഗ് ഫെല്‍ ഇന്‍ ദ വെല്‍ ആണ് ഹോങിന്റെ ആദ്യ ചിത്രം. 29 വര്‍ഷങ്ങള്‍ നീണ്ട സിനിമാ ജീവിതത്തില്‍, മുപ്പതോളം ചിത്രങ്ങളാണ് സൂ സംവിധാനം ചെയ്തത് . ലോകമെമ്പാടുമുള്ള വിവിധ ചലച്ചിത്ര മേളകളില്‍ സൂവിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും നിരവധി പുരസ്ക്കാരങ്ങള്‍ നേടുകയും ചെയ്തു.
ഈ വര്‍ഷം പുറത്തിറങ്ങിയ സൂവിന്റെ സിനിമയാണ് എ ട്രാവലേഴ്സ് നീഡ്സ് . കൊറിയയില്‍ എത്തുന്ന ഐറിസ് എന്ന ഫ്രഞ്ച് യാത്രിക സാമ്പത്തികമായി ബുദ്ധിമുട്ടുന്നു. തുടര്‍ന്ന് വരുമാന മാര്‍ഗത്തിനായി രണ്ട് കൊറിയന്‍ സ്ത്രീകളെ ഫ്രഞ്ച് പഠിപ്പിക്കുന്നു. ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തിക്കൊണ്ട് മുന്നോട്ട് പോവുന്ന ഐറിസിന്റെ കൊറിയന്‍ ജീവിതമാണ് സിനിമയുടെ കഥാപശ്ചാത്തലം. കുടിയേറ്റം , ആഗോളവല്‍ക്കരണം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളുടെ നേര്‍ക്കാഴ്ച കൂടിയാണ് ഈ ചിത്രം.2005ല്‍ പുറത്തിറങ്ങിയ റ്റെയില്‍ ഓഫ് സിനിമയില്‍ , സിനിമക്കുള്ളിലെ സിനിമയെ ചിത്രീകരിക്കുകയാണ് സംവിധായകന്. ആത്മഹത്യാ പ്രേരണയുള്ള യുവാവിനെ കണ്ടു മുട്ടുന്ന യുവതിയും, അവരെ പറ്റിയുള്ള സിനിമ കണ്ടിറങ്ങുന്ന ഒരു ചലച്ചിത്രകാരനും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ ഇതിവൃത്തം. ഈ ചിത്രം 2005ലെ കാന്‍ ചലച്ചിത്ര മേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.സര്‍വകലാശാലാ അധ്യാപികയായ ജിയോണിമിന്റെ ജീവിതമാണ് 2024 ല്‍ പുറത്തിറങ്ങിയ ബൈ ദി സ്ട്രീം പറയുന്നത്.യുവത്വം ,സര്‍ഗാത്മകത, സ്വത്വം തുടങ്ങിയ വിഷയങ്ങളില്‍ സിനിമ കേന്ദ്രീകരിക്കുന്നു. ലൊകാര്‍ണോ, ടൊറന്റോ, ന്യൂയോര്‍ക്ക് തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചു.2010 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഹ ഹ ഹ’.ജോ മങ്ക്യുങ് എന്ന കൊറിയന്‍ ചലച്ചിത്ര നിര്‍മാതാവ് തന്റെ സുഹൃത്തിനെ കണ്ടുമുട്ടുന്നു. അവരുടെ ഒത്തുചേരലിന്റെ പശ്ചാത്തലത്തില്‍ ഹാസ്യാത്മകമായാണ് കഥ പുരോഗമിക്കുന്നത്. 2010 ലെ കാന്‍ ചലച്ചിത്ര മേളയില്‍ അണ് സര്റ്റൈന് റിഗാര്‍ഡ് ലഭിച്ച ചിത്രം കൂടിയാണിത്.
ബെര്‍ലിന്‍, കാന്‍ , വെനീസ് , ലോസ് ഏഞ്ചല്‍സ്, റോട്ടര്‍ഡാം, സിംഗപ്പൂര്‍, ടോക്കിയോ, വാന്‍കൂവര്‍ തുടങ്ങി നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ അംഗീകാരങ്ങള്‍ക്കും , ഏഷ്യ പസഫിക് സ്ക്രീന്‍ അവാര്‍ഡ്, ബ്യുല്‍ ഫിലിം അവാര്‍ഡ്, കൊറിയന്‍ അസോസിയേഷന് ഓഫ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്,ചുന്‍സ ഫിലിം അവാര്‍ഡ് എന്നീ പുരസ്കാരങ്ങള്‍ക്കും ഹോംഗ് സാങ് സൂ അര്‍ഹനായിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ സൂവിന്റെ രണ്ട് ചിത്രങ്ങളും മേളയില്‍ പ്രദര്‍ശനത്തിനുണ്ട്.