പുറം രാജ്യത്തേക്ക് തൊഴിലിനും പഠനത്തിനും മറ്റുമായി പോകുന്നവര്‍ ഇന്ന് കൂടുതലാണ്. അതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്നത് ഓസ്ട്രേലിയയിലേക്കാണ്. ഇവിടെ എത്തിപ്പെടാന്‍ നിസാരകാര്യമല്ലയെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പോകാനുള്ള വഴിയെന്താണെന്ന് അറിയാതെ പലരും കുടുങ്ങി പോകുന്നവരും ഉണ്ട്.
വിദേശപഠനത്തിനായി തയാറെടുക്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ മനസ്സില്‍ കരുതണം. അക്കാദമിക മികവ്, ഭാഷയിലുള്ള പ്രാവീണ്യം, സാമ്പത്തികം. രാജ്യങ്ങള്‍ അനുസരിച്ച് ഈ മൂന്നു ഘടകങ്ങളിലും വ്യത്യാസം വരുമെങ്കിലും ഒരാളുടെ ഭാവി നിര്‍ണയിക്കാന്‍ കഴിവുള്ളതാണ്. മികച്ച സമ്പദ്വ്യവസ്ഥയുള്ള രാജ്യങ്ങള്‍ ഈ പലപ്പോഴും ഈ മൂന്നു ഘടകങ്ങളും കര്‍ശനമായി പാലിച്ചേക്കാം.
അങ്ങനെയുള്ള രാജ്യങ്ങളിലേക്കു കുടിയേറ്റം കുറയാന്‍ സാധ്യതയേറെയാണ്. ഈ മൂന്നു ഘടകങ്ങളും കര്‍ശനമായി പാലിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഈ മൂന്നു ഘടകങ്ങളും കൃത്യമായുളള ഏതൊരാള്‍ക്കും പഠിക്കാനുള്ള ഏറ്റവും അനുയോജ്യമായ രാജ്യമാണ് ഓസ്‌ട്രേലിയ. ജിടിഇ(GTE – Genuine Temporary Entrant) അല്ലെങ്കില്‍ ജിഎസ് (GS – Genuine Student) എന്നാണ് ഓസ്‌ട്രേലിയയിലെ വീസ പ്രോസസിങ്ങിന്റെ ചുരുക്കപ്പേര്. പേരിലെ ജനുവിന്‍ എന്ന വാക്ക് ഓരോ ഘട്ടത്തിലും നിര്‍ബന്ധമായും പാലിക്കുന്ന രാജ്യം. വീസ ഫണ്ടിലെ പണത്തിന്റെ സ്രോതസ്സുപോലും അന്വേഷിക്കുന്ന രാജ്യത്തില്‍ കടന്നുകൂടുക അത്ര എളുപ്പമല്ലെന്ന് സാരം.
വീസയുടെ കാര്യത്തില്‍ നിയന്ത്രണങ്ങളുണ്ടെങ്കിലും സ്റ്റേ ബാക്കിന്റെ കാര്യത്തില്‍ ഉദാരമായുള്ള ടെറിറ്ററികളും ഓസ്‌ട്രേലിയയിലുണ്ട്. സാധാരണയായി മൂന്നു വര്‍ഷമാണ് മാസ്റ്റേഴ്‌സ് കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ കിട്ടുന്നതെങ്കില്‍ ചില ടെറിറ്ററികളില്‍ നാലും അഞ്ചും വര്‍ഷം വരെ സ്റ്റേ ബാക്ക് ലഭ്യമാകുന്നത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാണ്. പിആറിലേക്കുള്ള എഴുപ്പവഴിയായ സ്റ്റേബാക്ക് കാലാവധി പലപ്പോഴും പുതിയ അവസരങ്ങള്‍ക്കു വഴിയൊരുക്കുന്നു. ഏകദേശം ഒന്നര ട്രില്യണ്‍ ജിഡിപിയുള്ള ഓസ്‌ട്രേലിയന്‍ സമ്പദ്വ്യവസ്ഥയില്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ കലാകാലങ്ങളായി നിയന്ത്രണമുണ്ട്. രാജ്യത്തിനു വേണ്ട തൊഴില്‍മേഖലയിലേക്കു മാത്രം പിആര്‍ അനുവദിക്കുന്ന നയം കഴിവുള്ള വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരമൊരുക്കുന്നു. ഓസ്‌ട്രേലിയയില്‍ ഏതു മേഖലയിലാണ് അവസരമുള്ളതെന്ന് വിശകലന ബുദ്ധിയോടെ കണ്ടെത്തി അനുയോജ്യമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. ആരോഗ്യമേഖലയിലെ പ്രഫഷനുകള്‍ക്ക് എക്കാലത്തും ഓസ്‌ട്രേലിയയില്‍ അവസരങ്ങളുണ്ട്. ഖനനം, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ എന്നീ മേഖകളിലെ വളര്‍ച്ച ധാരാളം അവസരങ്ങള്‍ തുറന്നിടും. ഈ മേഖലകളില്‍ മാനേജ്‌മെന്റ് വിദഗ്ധരുടെ സേവനം ആവശ്യമായതിനാല്‍ ചെലവേറിയ പഠനമാണെങ്കിലും എംബിഎ കോഴ്‌സുകള്‍ തിരിഞ്ഞെടുത്ത് ഭാവിയില്‍ പിആര്‍ അനായാസം നേടാം.
ഓസ്ട്രേലിയന്‍ പെര്‍മനന്റ് റസിഡന്‍സിക്ക് അപേക്ഷിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം സ്‌കില്‍ഡ് മൈഗ്രേഷനാണ്. ഓസ്ട്രേലിയയ്ക്ക് ആവശ്യമുള്ള തൊഴിലുകളില്‍ നിങ്ങള്‍ക്ക് നൈപുണ്യമുണ്ടെങ്കില്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍ ഉപയോഗപ്പെടുത്താം. ഇതുപ്രകാരം ഓസ്ട്രേലിയയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് അവരുടെ ജോലി ഓസ്ട്രേല്ിയയിലെ തൊഴില്‍നൈപുണ്യപ്പട്ടികയില്‍(സ്‌കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റ്) ഉണ്ടോ എന്ന് പരിശോധിക്കുകയാണ്. ഓസ്ട്രേലിയയില്‍ ആളെക്കിട്ടാനില്ലാത്ത തൊഴിലുകളിലേക്ക് മാത്രമാണ് അവര്‍ സ്‌കില്‍ഡ് മൈഗ്രൈഷനില്‍ പി.ആറിന് അപേക്ഷിക്കാനുള്ള അവസരം നല്‍കുന്നത്.
ഓസ്ട്രേലിയയിലെ പ്രധാന ഭാഷ ഇംഗ്ലീഷായതിനാല്‍ അതുപയോഗിച്ചുള്ള ആശയവിനിമയ പ്രാവീണ്യം പ്രധാനമാണ്. ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് ഐ.ഇ.എല്‍.ടി.എസിലെ റീഡിങ്,റൈറ്റിങ്,ലിസണിങ്,സ്പീക്കിങ് എന്നീ നാലുബാന്‍ഡുകളില്‍ ഓരോന്നിലും വേണ്ട സ്‌കോര്‍ 10-ല്‍ ആറ് ആണ്. പി.ടി.ഇയിലാണെങ്കില്‍ 100-ല്‍ അമ്പത്. ഒ.ഇ.ടിയിലാണെങ്കില്‍ ബി ആണ് യോഗ്യത. ബ്രിട്ടന്‍,യു.എസ്.എ,കാനഡ തുടങ്ങി ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ പാസ്പോര്‍ട്ടാണെങ്കില്‍ ഇംഗ്ലീഷ് ഭാഷാപരീക്ഷ ആവശ്യമില്ല. സ്‌കില്‍ഡ് മൈഗ്രേഷന്‍,സ്റ്റുഡന്റ് വിസ,എംപ്ലോയര്‍ സ്പോണ്‍സേഡ് വിസ തുടങ്ങി ഏതുതരത്തിലുള്ള അപേക്ഷകരും ഇംഗ്ലീഷില്‍ അടിസ്ഥാനയോഗ്യതയുള്ളവരായിരിക്കണം എന്നത് നിര്‍ബന്ധമാണ്.
സ്‌കില്‍ഡ് ഒക്യുപ്പേഷനില്‍ ഓസ്ട്രേലിയയില്‍ എത്തിക്കഴിഞ്ഞാല്‍ സ്വന്തം യോഗ്യതയനുസരിച്ച് ഇതില്‍ എങ്ങോട്ടുവേണമെങ്കിലും കുടിയേറാം. സ്‌കില്‍ഡ് മൈഗ്രേഷന്‍ വഴി നേരിട്ട് പി.ആറിനാണ് അപേക്ഷിക്കുന്നതെങ്കില്‍ ബാങ്ക് ബാലന്‍സ് കാണിക്കേണ്ട ആവശ്യമില്ല.ഓസ്ട്രേലിയയില്‍ ഈവര്‍ഷം തൊഴിലധിഷ്ഠിത പെര്‍മനന്റ് റസിഡന്‍സിക്കുള്ള അവസരങ്ങള്‍ വളരെയധികമാണ്. പ്രൊഫഷണല്‍ കാറ്റഗറിയില്‍ പെടുന്ന ഐ.ടി.പ്രൊഫഷണല്‍സ്,എന്‍ജിനീയര്‍മാര്‍,യൂണിവേഴ്സിറ്റി ലക്ചര്‍മാര്‍,ടീച്ചര്‍മാര്‍,മാര്‍ക്കറ്റിങ് സ്പെഷലിസ്റ്റുകള്‍,ഹ്യൂമന്‍ റിസോഴ്സസ് അഡൈ്വസര്‍മാര്‍ അങ്ങനെ ഓസ്ട്രേലിയയ്ക്ക് ആവശ്യമുള്ളവരുടെ നീണ്ടനിരതന്നെയുണ്ട്. ഓസ്ട്രേലിയയ്ക്ക് പുറത്തുനിന്നുള്ള അപേക്ഷകരെയും പരിഗണിക്കും. പക്ഷേ അതിന് യോഗ്യതാമാനദണ്ഡങ്ങളുണ്ട്.
ഇതില്‍ പ്രധാനം വയസ്സ് ആണ്. 45വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് ഈ വിസയ്ക്ക് അപേക്ഷിക്കാനാകില്ല. മാത്രവുമല്ല ഇതൊരു പോയന്റ് അധിഷ്ഠിത തിരഞ്ഞെടുപ്പുമാണ്. 65പോയന്റ് നേടിയവര്‍ക്കാണ് പി.ആറിനായി അപേക്ഷിക്കാനുള്ള അവസരങ്ങള്‍. ബിരുദമാണ് അടിസ്ഥാനയോഗ്യത. ട്രേഡ് പ്രൊഫഷണലുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കല്‍പ്പണിക്കാര്‍,മരപ്പണിക്കാര്‍,പ്ലംബര്‍മാര്‍,വെല്‍ഡര്‍മാര്‍,ഇലക്ട്രീഷ്യന്‍മാര്‍ തുടങ്ങിയവര്‍ക്ക് ധാരാളം അവസരങ്ങളുണ്ട്. ഡിപ്ലോമയും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് അടിസ്ഥാനയോഗ്യത. ഇംഗ്ലീഷില്‍ പ്രാവീണ്യവും വേണം. ഈ കോഴ്സുകള്‍ ഓസ്ട്രേലയില്‍ പഠിക്കുന്നവര്‍ക്ക് ജോബ് റെഡി പ്രോഗ്രാമിലൂടെ പി.ആറിന് അപേക്ഷിക്കാം.
കുടിയേറ്റം ഓസ്ട്രേലിയയുടെ പ്രധാന സാമ്പത്തികസ്രോതസ്സാണ്. രാജ്യത്തിന്റെ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നവയില്‍ രണ്ടാംസ്ഥാനം വിദേശവിദ്യാര്‍ഥികള്‍ക്കാണ്. ഇവിടത്തെ വിദ്യാഭ്യാസം ലോകനിലവാരത്തിലുള്ളതായതിനാല്‍ വിവിധരാജ്യങ്ങളില്‍ നിന്നായി ധാരാളം പേര്‍ ഓസ്ട്രേലിയയില്‍ പഠിക്കാനെത്തുന്നു. ഇന്ത്യയില്‍നിന്നുള്ളവരും ഒരുപാടുണ്ട്. സ്റ്റുഡന്റ് വിസയില്‍ ഓസ്ട്രേലിയയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ബാങ്ക് ബാലന്‍സ് ആണ്. ഓസ്ട്രേലിയയിലേക്ക് പഠിക്കാന്‍ വരുന്ന ഒരു വിദ്യാര്‍ഥിക്ക് നിശ്ചിത തുക ബാങ്ക് ബാലന്‍സ് വേണമെന്ന നിബന്ധന വിസഅപേക്ഷയിലുണ്ട്. 22000 ഓസ്ട്രേലിയന്‍ ഡോളര്‍(11ലക്ഷം രൂപ)ആണ് ഇവിടത്തെ ജീവിതച്ചെലവിനായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുക. ഇതിനൊപ്പം ഒരുവര്‍ഷത്തെ കോഴ്സ് ഫീയും യാത്രാച്ചെലവും ഉള്‍പ്പെടെയുള്ള തുകയാണ് ബാങ്ക് ബാലന്‍സ് ആയി കാണിക്കേണ്ടത്.
പഠനകാലത്തെ ജീവിതച്ചെലവുകള്‍ താങ്ങാനുള്ള ശേഷി വിദ്യാര്‍ഥിക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ നിബന്ധന. സ്റ്റുഡന്റ് വിസയില്‍ വരുന്നവര്‍ കുടുംബവുമായാണ് വരുന്നതെങ്കില്‍ പങ്കാളിയുടെയും കുട്ടികളുടെയും ജീവിതച്ചെലവുകളും ബാങ്ക് ബാലന്‍സില്‍ ഉള്‍പ്പെടുത്തി കാണിക്കേണ്ടിവരും. ബാങ്ക് ഡെപ്പോസിറ്റിന് പുറമേ വിദ്യാഭ്യാസ വായ്പയും ബാങ്ക് ബാലന്‍സായി കാണിക്കാവുന്നതാണ്. പങ്കാളിക്ക് ജോലിയുണ്ടെങ്കില്‍ അതിന്റെ വരുമാനം നിശ്ചിതപരിധിക്കുള്ളിലാണെങ്കില്‍ അതും പരിഗണിക്കും. മറ്റുതരത്തിലുള്ള നിക്ഷേപങ്ങള്‍ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ കണക്കിലെടുക്കില്ല.