ഒരു അവതാരകയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മെറീന കുരിശിങ്കല്‍ നേരത്തെ രംഗത്ത് വന്നിരുന്നു. അഭിമുഖത്തിനായി വിളിച്ച് ഒരുപാട് തവണ ക്യാന്‍സല്‍ ചെയ്തു. ഒടുവില്‍ ഞാന്‍ അഭിമുഖത്തിനായി എത്തിയപ്പോള്‍ അന്നുവരെ ഉണ്ടായിരുന്ന ആ പരിപാടിയുടെ അവതാരക അവിടുന്ന് മാറുകയുണ്ടായതെന്നാണ് ഒരു അഭിമുഖത്തില്‍ മെറീന വ്യക്തമാക്കിയത്.
ഞാനാണ് അതിഥിയെന്ന് അറിഞ്ഞതുകൊണ്ടാണ് അവർ മാറിയതെന്ന് അവിടേയുള്ളവർ പറഞ്ഞ് അറിഞ്ഞു. എന്നേയും അവരേയും കാണാന്‍ ഒരു പോലെയാണ്. ആ പുള്ളിക്കാരി ഇപ്പോള്‍ മോട്ടിവേഷനൊക്കെ പറഞ്ഞ് നടക്കുന്നുണ്ട്. ഞങ്ങള്‍ പരസ്പരം കാണുകയും ഫ്രണ്ട്ലിയായി സംസാരിക്കുകയും ചെയ്യുന്നവരായിരുന്നു. എന്നിട്ടും എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും മെറീന അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മെറീനയുടെ ഈ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ ആ അവതാരക പേളി മാണിയാണെന്ന രീതിയിലുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പലയിടത്തും വരാന്‍ തുടങ്ങി. അപ്പോഴും ആരെയാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാന്‍ മെറീന തയ്യാറായിരുന്നില്ല. ഒടുവില്‍ ആ അവതാരക ഞാനാണെന്നും അപ്പോള്‍ എന്താണ് സംഭവിച്ചതെന്നും വ്യക്തമാക്കി പേളി മാണി തന്നെ രംഗത്ത് വരികയായിരുന്നു.
മെറീനയെ വിളിച്ച് തന്റെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും അത് കേള്‍ക്കാന്‍ അവർ തയ്യാറായില്ലെന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച കുറിപ്പില്‍ പേളി വ്യക്തമാക്കിയത്. 2017 ല്‍ ഞാൻ പ്രവർത്തിക്കുന്ന ചാനലുമായി പേയ്‌മെൻ്റ് സംബന്ധമായ ഒരു പ്രശ്‌നം നേരിട്ടു. ആ വിഷയം ഞാൻ ഹോസ്റ്റ് ചെയ്യുന്ന ഷോ പാതിവഴിയിൽ നിർത്താൻ എന്നെ നിർബന്ധിതയാക്കുകയായിരുന്നു. എനിക്ക് പകരം മറ്റൊരാളെ കണ്ടെത്താന്‍ അവർ തീരുമാനിച്ചതിനാല്‍ ഷോയുടെ ഷെഡ്യൂളിലും മാറ്റമുണ്ടായെന്നും പേളി പറയുന്നു.
നിർഭാഗ്യവശാല്‍ ഈ കാലതാമസത്തിന്റേയും മറ്റും കുറ്റങ്ങള്‍ എൻ്റെ മേല്‍ ചാർത്തപ്പെട്ടു. അടുത്തിടെ ഈ വിഷയം വീണ്ടും ഉയർന്ന് വന്നു. അവർ ഉന്നയിക്കുന്ന കാര്യങ്ങള്‍ ശരിയായ രീതിയില്‍ ഉള്ളതല്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു ഷോയില്‍ അതിഥിയായി ആരൊക്കെ വരണമെന്ന് തീരുമാനം അവതാരകർക്കില്ല. അക്കാര്യങ്ങളൊക്കെ പൂർണ്ണമായും തീരുമാനിക്കുന്നത് ഷോ പ്രൊഡ്യൂസറാണ്.
അന്ന് നടന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പകരം അവർ എനിക്കും ഈ നിരപരാധിയായ നടിയ്ക്കും ഇടയിൽ അനാവശ്യമായ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. എനിക്ക് ആ നടിയോട് യാതൊരു വെറുപ്പും ഇല്ല. സ്നേഹവും ബഹുമാനവും മാത്രമാണെന്നും പേളി കുറിച്ചു.
പേളിയുടെ സ്വഭാവം ഫേക്കാണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം വരുന്നുണ്ട്. ആദ്യമായല്ല ഇത്തരെമാെരു വാദം വരുന്നത്. ബിഗ് ബോസ് ഒന്നാം സീസണിൽ പേളിക്കൊപ്പം സഹമത്സരാർത്ഥികളായെത്തിയ ഒന്നിലേറെ പേർ ഈ വാദം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ പേളി-ശ്രീനിഷ് ആരാധകർ അന്ന് ഈ വാദം പൂർണമായും തള്ളിക്കളഞ്ഞു. രഞ്ജിനി ഹരിദാസ്, അർച്ചന, ശ്വേത മേനോൻ എന്നിവരാണ് പേളി മാണി ബിഗ് ബോസിൽ ക്യാമറയ്ക്ക് മുന്നിൽ ഫേക്കായി പെരുമാറുകയാണെന്ന വാദം ഉന്നയിച്ചത്.
ബിഗ് ബോസിൽ വരുന്നതിന് മുമ്പ് പേളിയുടെ സുഹൃത്തായിരുന്നു രഞ്ജിനി ഹരിദാസ്. ശ്വേതയും അർച്ചയുമെല്ലാം ഷോകളിലും മറ്റും കണ്ട് പരിചയമുള്ളവർ. ഇവർ ഒരു ടീമായേക്കുമെന്നാണ് പ്രേക്ഷകർ കരുതിയത്. എന്നാൽ പേളി ഇവരാരുമായും ചേർന്നില്ല. രഞ്ജിനിയുമായി വലിയ വഴക്കും നടന്നു. ബിഗ് ബോസ് അന്ന് ഇന്നത്തെ പോലെ 24 മണിക്കൂർ ലൈവ് ഇല്ല. പേളിയുടെ ഫാൻ ബേസ് കൂടാൻ ലൈവ് ഇല്ലാത്തതും കാരണമാണെന്ന വാദം വന്നു.
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം പേളി മാണി സഹമത്സരാർത്ഥികളിൽ ആരുമായും വലിയ സൗഹൃദം വെച്ചിട്ടില്ല. രഞ്ജിനി, ഷിയാസ് കരീം തുടങ്ങിയവരെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നുണ്ട്. എന്നാൽ ഷിയാസിന്റെ വിവാഹത്തിന് പേളി വന്നിരുന്നില്ല. ബിഗ് ബോസിലായിരുന്നപ്പോൾ പേളിയും ഷിയാസും ശ്രീനിഷും അടുത്ത സുഹൃത്തുക്കളായിരുന്നു.
ബിഗ് ബോസിൽ നിന്നിറങ്ങി കുറച്ച് കാലം ഈ സൗഹൃദം തുടർന്നു. എന്നാൽ പിന്നീട് ഇവരെ ഒരുമിച്ച് കാണാതായി. പേളിയുമായി സൗഹൃദമുണ്ടെന്നും എന്നാൽ അവർ രണ്ട് പേരും കുടുംബ ജീവിതത്തിലേക്ക് കടന്ന ശേഷം അധികം കാണാറില്ലെന്നുമാണ് ഷിയാസ് ഇതേക്കുറിച്ച് ഒരിക്കൽ പറഞ്ഞത്. എവിടെയും ഇടിച്ച് കയറി ചെല്ലുന്ന ആളല്ല താനെന്നും ഷിയാസ് വ്യക്തമാക്കി.
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം പേളി മാണിയും രഞ്ജിനിയും ഒരുമിച്ച് വീഡിയോക്ക് മുന്നിൽ വരികയും സൗഹൃദത്തിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഏറെക്കാലമായി ഇവരെ ഒരുമിച്ച് കാണാറില്ല. അർച്ചന സുശീലനും പേളിയും ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്യുന്നില്ല. ശ്വേതയും പേളിയുമായും സൗഹൃദമില്ല. ബിഗ് ബോസിൽ നിന്നും തന്റെ പങ്കാളിയെ കണ്ടെത്തിയ പേളി പിന്നീട് കുടുംബ ജീവിതത്തിലേക്കാണ് ശ്രദ്ധ കൊടുത്തത്.
content highlight: pearle-maaney-have-any-friendship-with-her-bigg-bose