Celebrities

ഈ അഭിനയത്തിന് ദേശീയ അവാർഡ് കിട്ടിയത് തന്നെ ! രശ്മിക മന്ദാനയെ ട്രോളി സോഷ്യൽമീഡിയ

പുഷ്പ 2 സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയതിന് പിന്നാലെ വ്യാപക വിമർശനങ്ങളാണ് ചിത്രത്തിൽ രശ്മിക മന്ദാന അവതരിപ്പിച്ച ശ്രീവല്ലി എന്ന കഥാപാത്രത്തിന് കിട്ടുന്നത്. വളരെ മോശം കഥാപാത്രമാണ് ഇതെന്നും കുന്നുമ്മൽ ശാന്ത ടൈപ്പ് കഥാപാത്രം മാത്രം എങ്ങനെ തിരഞ്ഞെടുത്ത് അഭിനയിക്കുന്നു, ഇതാണോ നാഷണൽ ക്രഷ് തുടങ്ങി ഇങ്ങനെ പോകുന്നു വിമർശനങ്ങൾ. ഇതിനിടെ വിമർശനങ്ങളുടെയും പരിഹാസങ്ങളുടെയും ആക്കം കൂട്ടുന്നത് പുഷ്പ 2 സിനിമ ഇറങ്ങുന്നതിന് മുമ്പ് താരം പറഞ്ഞ വാക്കുകളാണ്. അല്ലു അർജുൻ പുഷ്പയ്ക്ക് ദേശീയ അവാർഡ് നേടിയതിന് ശേഷം, പുഷ്പ 2 തനിക്കും ദേശീയ അവാര്‍ഡ് ലഭ്യമാക്കും എന്ന പ്രതീക്ഷയായിരുന്നു താരം പങ്കുവെച്ചത്. ഈ അഭിനയത്തിന് ദേശീയ അവാർഡ് കിട്ടിയത് തന്നെ എന്നാണ് സോഷ്യൽ മീഡിയയിലെ പരിഹാസം. ഗോവയിൽ നടന്ന ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പങ്കെടുക്കവെയാണ് പുഷ്പയിലെ ശ്രീവല്ലിയായ രശ്മിക ദേശീയ അവാർഡ് പ്രതീക്ഷ പങ്കിട്ടത്. പുഷ്പ 2 ന് ശേഷം രശ്മികയ്ക്ക് ഒരു ദേശീയ അവാർഡ് പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചപ്പോൾ, അല്ലു അർജുൻ പുഷ്പയില്‍ നേടിയ വിജയം പോലെ താനും പ്രതീക്ഷിക്കുന്നുവെന്നായിരുന്നു മറുപടി.

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് പുഷ്പ 2. ഡിസംബർ 5ന് ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഫസ്റ്റ് ഹാഫ് മികച്ചതാണെന്നും സെക്കൻഡ് ഹാഫ് ചന്ദനമഴ സീരിയൽ പോലെയാക്കി തുടങ്ങിയ രീതിയിൽ ഒക്കെയായിരുന്നു വിമർശനങ്ങൾ. അല്ലു അർജുനും ഫഹദ് ഫാസിലും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ചിത്രത്തിൽ വ്യാപക വിമർശനം ഏറ്റുവാങ്ങിയത് രശ്മിക തന്നെയാണ്.

വിമർശനങ്ങൾ നിരവധിയാണെങ്കിലും തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലേക്കെത്തി ഇന്നു താരപദവിയിൽ പുതിയ നേട്ടങ്ങളിലൂടെ സഞ്ചരിക്കുകയാണ് നടി രശ്മിക മന്ദാന. ട്രോളുകളിൽ വലിയ തോതിൽ ആക്രമണം നേരിട്ടെങ്കിലും താരപദവിയിൽ മറ്റൊരു തെന്നിന്ത്യൻ താരത്തിനുമില്ലാത്ത സ്വീകാര്യതയാണ് രശ്മിക മന്ദാന നേടിയെടുക്കുന്നത്. കന്നട സിനിമയിൽ തുടക്കം കുറിച്ച രശിമ്ക അഴകുകൊണ്ടും അഭിനയംകൊണ്ടും ഓരോ സിനിമകളിലൂടെ പ്രേക്ഷക പിന്തുണ നേടിയെടുക്കുകയായിരുന്നു.