നടന്‍ കാളിദാസ് ജയറാം വിവാഹിതനാകുകയാണ്. കാളിദാസിന്റെ സുഹൃത്തും മോഡലുമായ തരിണി കലിംഗരായരാണ് വധു. വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. അതിനാൽ തന്നെ വിവാഹ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. നാളെയാണ് വിവാഹം. കാളിദാസിന്‍റെ അച്ഛനും നടനുമായ ജയറാമാണ് വിവാഹത്തീയതി ഉൾപ്പെടെ പങ്കുവച്ചത്. ഞായറാഴ്ച ഗുരുവായൂരിൽ വച്ച് കാളിദാസ് തരിണിക്ക് താലിചാർത്തും. ക്ഷേത്രസന്നിധിയിൽ രാവിലെ 7.15 നും എട്ടിനുമിടയിലെ ശുഭമുഹൂർത്തത്തിലാണ് താലിക്കെട്ട്. പ്രമുഖ നടൻമാരുൾപ്പെടെ ചലച്ചിത്ര രംഗത്തെ പ്രശസ്തർ കല്യാണത്തിൽ പങ്കെടുക്കും.
കാളിദാസിന്റെ സഹോദരിയായ മാളവികയുടെ വിവാഹവും ഗുരുവായൂരിൽ വെച്ചായിരുന്നു നടന്നത് ഇക്കഴിഞ്ഞ മേയിലായിരുന്നു ആ വിവാഹം. 1992 സെപ്തംബർ ഏഴിന് ജയറാമിന്റേയും പാർവതിയുടേയും വിവാഹം ഗുരുവായൂരിലായിരുന്നു. ഗുരുവായൂർ കണ്ട റെക്കോർഡ് തിരക്കുള്ള താരവിവാഹമായിരുന്നു അത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ കാളിദാസും തരുണിയും പ്രി വെഡ്ഡിങ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ഇതിന് ക്ഷണമുണ്ടായിരുന്നത്. വിവാഹത്തിന് മുൻപുള്ള പാർട്ടിയാണെങ്കിൽ പോലും ഗംഭീര വിരുന്നാണ് ഇവിടെ നിരത്തിയിട്ടുള്ളത്. ഈ ചടങ്ങിൽ വച്ചാണ് ജയറാം മകന്റെ വിവാഹ തിയതി പ്രഖ്യാപിച്ചതും. അതിനും പത്തു ദിവസങ്ങൾക്ക് മുൻപ് കാളിദാസ് ജയറാം വിവാഹത്തിന്റെ കൗണ്ട്ഡൗൺ പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ഇട്ടിരുന്നു. പക്ഷേ, എവിടെ വച്ചാകും വിവാഹം എന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല.
ചെന്നൈയിൽ നിന്നുള്ള തമിഴ് കുടുംബത്തിലെ അംഗമാണ് കാളിദാസിന്റെ വധു തരിണി. ഇവിടുത്തെ കാലിംഗരായർ ജമീന്ദാർ കുടുംബത്തിലെ അംഗമാണ്. തന്റെ പതിനാറാം വയസു മുതൽ മോഡലിംഗ് മേഖലയിൽ സജീവമാണ് തരിണി. കോടികളുടെ സ്വത്തും ആഡംബര വീടും ഇവര്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിലുള്ള ഭവന്‍സ് രാജാജി വിദ്യാശ്രമം സ്കൂളിൽ ആയിരുന്നു തരിണിയുടെ ആദ്യ വിദ്യാഭ്യാസം. പിന്നീട് എംഒപി വൈഷ്ണവ് കോളേജ് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടി. പഠിക്കുന്നതിനിടെ തന്നെ തരിണിയ്ക്ക് മോഡലിങ്ങിനോട് താല്പര്യം ഉണ്ടായിരുന്നു. അങ്ങനെ പതിനാറാമത്തെ വയസിൽ അവർ മോഡലിങ് ചെയ്തു. ഫാഷൻ ഷോകളിലും പരസ്യങ്ങളിലും അഭിനയിച്ച തരിണി മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് തുടങ്ങിയ സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.