29 -ാമത് രാജ്യാന്തര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.കെ.)യില്‍ ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടിന്റെ നാലു ചിത്രങ്ങള്‍ റെട്രോസ്പെക്റ്റിവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. അഞ്ച് പതിറ്റാണ്ടായി ചലച്ചിത്ര മേഖലയ്ക്ക് നല്‍കി വരുന്ന സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് ഐ എഫ് എഫ് കെ മധു അമ്പാട്ടിനെ ആദരിക്കുന്നത്. 1:1.6 ആന്‍ ഓഡ് ടു ലോസ്റ്റ് ലവ്, പിന്‍വാതില്‍, അമരം, ഒകാ മാഞ്ചീ പ്രേമ കഥ എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍. ഛായാഗ്രഹണത്തിന്റെ വ്യാകരണവും ദൃശ്യസാധ്യതകളും കാലത്തിനും ദേശത്തിനും അതീതമായി നവീകരിച്ച ചലച്ചിത്ര പ്രവര്‍ത്തകനാണ് അദ്ദേഹം. സമാന്തര സിനിമാ മേഖലയോടും കലാമൂല്യങ്ങളോടും പ്രതിബദ്ധത പുലര്‍ത്തുകയും കമ്പോളത്തിന്റെ സാധ്യതകളിലേക്കോ സമരസപ്പെടലുകള്‍ക്കു വേണ്ടിയോ തന്റെ ക്യാമറകണ്ണുകള്‍ തുറക്കുകയും ചെയ്തില്ല. പുതുമയുള്ള സിനിമകളുടെ സാക്ഷാകാരത്തിനായി പുതുമുഖ സംവിധായകരോടും സാങ്കേതികതപ്രവര്‍ത്തകരോടും സഹകരിക്കുന്നതിനു അദ്ദേഹത്തിന്റെ പ്രതിഭ തടസ്സമായില്ല എന്നതും ശ്രദ്ധേയമാണ്.
1949 മാര്‍ച്ച് 6ന് എറണാകുളം ജില്ലയില്‍ ജനിച്ച മധു അമ്പാട്ട്, 1973 ല്‍ പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മികച്ച ഛായാഗ്രാഹക വിദ്യാര്‍ത്ഥിക്കുള്ള സ്വര്‍ണ്ണ മെഡലോടു കൂടിയാണ് പഠനം പൂര്‍ത്തിയാക്കിയത്. വിഖ്യാത ചലച്ചിത്രകാരന്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ‘ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍’ എന്ന ഡോക്യുമെന്ററിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് തുടക്കം. 1974-ല്‍ ഡോ. ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘പ്രേമലേഖനം’ ആണ് അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ച ആദ്യ ചലച്ചിത്രം .ഒന്‍പത് ഭാഷകളിലായി 250 ല്‍ പരം ചിത്രങ്ങളുടെ ഛായാഗ്രഹകനാണ്. വിഖ്യാത ഹോളിവുഡ് സംവിധായകനായ മനോജ് നൈറ്റ് ശ്യാമളന്റെ പ്രേയിങ് വിത്ത് ആങ്കറിലും ജഗ്മോഹന്‍ മുണ്ട്രയുടെ പ്രൊവോക്ക്ഡിലും ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച മധു അമ്പാട്ട് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം മൂന്നുതവണ നേടി. 1984ല്‍ ആദി ശങ്കരാചാര്യ, 2006 ല്‍ ശൃംഗാരം, 2010 ല്‍ ആദാമിന്റെ മകന്‍ അബു എന്നിവയാണ് അദ്ദേഹത്തിനെ അവാര്‍ഡിന് അര്‍ഹമാക്കിയ ചിത്രങ്ങള്‍.
മധു അമ്പാട്ട് ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച്, 2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 1:1.6, ആന്‍ ഓഡ് റ്റു ലോസ്റ്റ് ലവ്. പ്രണയത്തിന്റെ സങ്കീര്‍ണതകളും വിരഹവുമാണ് ചിത്രത്തിന്റെ പ്രമേയം .മൂന്ന് വ്യക്തികള്‍ക്കിടയില്‍ ഉരുത്തിരിയുന്ന പ്രണയവും മാനസിക സംഘര്‍ഷങ്ങളും മധുവിന്റെ ക്യാമറ തീക്ഷ്ണമായും സൂക്ഷ്മതയോടെയും പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളെ വരച്ചുകാട്ടുന്ന ഭരതന്‍ ചിത്രമായ അമരത്തില്‍ ചിത്രകലയുടെ സാധ്യതകളെ ഫ്രെമുകളില്‍ സന്നിവേശിപ്പിച്ചപ്പോള്‍ പിറന്നു വീണത് മലയാളത്തിലെ എക്കാലത്തെയും മികച്ച ദൃശ്യാനുഭവമാണ്. ജെ സി ജോര്‍ജ് സംവിധാനവും മധു അമ്പാട്ട് ഛായാഗ്രഹണവും നിര്‍വഹിച്ച പിന്‍വാതില്‍ എന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനമാണ് ഐ എഫ് എഫ് കെയില്‍ നടക്കുക. ജനാധിപത്യവ്യവസ്ഥയെ പുനര്‍വ്യാഖ്യാനം ചെയ്യാനും വിമര്‍ശിക്കാനും ബൈബിള്‍ കഥകളെ ആശ്രയിക്കുന്ന ചിത്രത്തില്‍ സറിയല്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള മധു അമ്പാട്ടിന്റെ ദൃശ്യാഖ്യാനം പുതിയ അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോര്‍പ്പറേറ്റ് ജീവിതത്തില്‍ നട്ടം തിരിയുന്ന സുജാതയുടെയും, അമ്മ രംഗമണിയുടെയും കഥപറയുന്ന തെലുങ്ക് ചിത്രമാണ് അക്കിനേനി കുടുമ്പ റാവു സംവിധാനം ചെയ്ത ഒകാ മാഞ്ചീ പ്രേം കഥ. തൊഴിലിടങ്ങളിലെ മാനസിക പിരിമുറുക്കങ്ങളും നഗര ഗ്രാമാന്തര ജീവിതങ്ങളും ഛായാഗ്രാഹകന്‍ കൃത്യമായി ചിത്രീകരിക്കുന്നു. ഈ ചിത്രത്തിന്റെയും ആദ്യ പ്രദര്‍ശനം മേളയില്‍ ഉണ്ടാകും. അമരത്തിലെ പ്രക്ഷുബ്ധമായ കടലിന്റെ ചലനവും, 1:1.6, ആന്‍ ഓഡ് ടു ലോസ്റ്റ് ലവ് സിനിമയിലെ മനുഷ്യജീവിതവും പ്രണയവും, ആദാമിന്റെ മകന്‍ അബുവിലെ അബുവിന്റെ യാത്രയുമെല്ലാം തന്റെ ക്യാമറ കണ്ണിലൂടെ പ്രേക്ഷകരിലേക്ക് തന്മയത്വത്തോടെ എത്തിക്കുവാന്‍ മധുവിന്റെ ഫ്രെയിമുകള്‍ക്ക് സാധിച്ചു.
ഷാജി എന്‍ കരുണുമായി ചേര്‍ന്ന് മധു-ഷാജി എന്ന പേരില്‍ കാമറാ ജോഡി രൂപീകരിക്കുകയും ഞാവല്‍പഴങ്ങള്‍, മനുഷ്യന്‍, ലഹരി എന്നീ മൂന്ന് മലയാള ചിത്രങ്ങങ്ങള്‍ക്കായി ഛായാഗ്രഹണം നിര്‍വഹിക്കുകയും ചെയ്തു. ഏഷ്യയിലെ തന്നെ അറിയപ്പെടുന്ന ഛായാഗ്രാഹകനായ അദ്ദേഹം നിരവധി ദേശീയ-അന്തര്‍ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ന്യൂയോര്‍ക്ക് റോചെസ്റ്റന്‍ അവാര്‍ഡ് ,മികച്ച ഛായാഗ്രാഹകനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്,രാമു കാര്യാട്ട് അവാര്‍ഡ്,സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡും ഇതില്‍പ്പെടുന്നു. ഓഫ് ബീറ്റ് ചിത്രങ്ങള്‍ക്ക് തന്റെ ക്യാമറയാല്‍ തീര്‍ക്കുന്ന ദൃശ്യവിരുന്ന് മധുവിനെ സിനിമാലോകത്ത് വ്യത്യസ്തനാക്കുന്നു.സാങ്കേതികതയുടെ കെട്ടുപാടുകളില്‍ സിനിമയെ തളച്ചിടാതെ അതിവിപുലമായ ഒരു തലത്തിലേക്ക് സിനിമയെ എത്തിക്കാന്‍ തന്റെ ദൃശ്യമികവിനാല്‍ അദ്ദേഹത്തിന് സാധിച്ചു. ഡിസംബര്‍ 16 ന് നിളാ തിയേറ്ററില്‍ ഈ വിഭാഗത്തിലെ ആദ്യ പ്രദര്‍ശനം നടക്കും.