Celebrities

‘എനിക്കൊരു മകനുണ്ട്, അവന്‍ ഓട്ടിസ്റ്റിക് ആണ്’; തുറന്ന് പറഞ്ഞ് ഷെല്ലി | actress-shelly-kishore

കുങ്കുമപ്പൂവ് അടക്കമുള്ള ജനപ്രിയ പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായിരുന്നു ഷെല്ലി

മിന്നൽ മുരളിയിലെ ഉഷ എന്ന ഒറ്റക്കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് ഷെല്ലി എൻ കുമാർ. ടോവിനോ തോമസ് നായകനായെത്തിയ ചിത്രം പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളാണ് ഉഷയും ഷിബുവും. ഗുരു സോമസുന്ദരമാണ് ഷിബുവായി എത്തിയത്. ഉഷയുടെയും ഷിബുവിന്റെയും പ്രണയം പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിന്നു.

കുങ്കുമപ്പൂവ് അടക്കമുള്ള ജനപ്രിയ പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായിരുന്നു ഷെല്ലി. ഒരുപിടി സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിക്കുന്നത് ഉഷയായി എത്തിയതോടെയാണ്. മിന്നൽ മുരളിക്ക് ശേഷം ധനുഷ് നായകനായ നാനെ വരുവേൻ എന്ന തമിഴ് ചിത്രത്തിലാണ് ഷെല്ലി അഭിനയിച്ചത്. ഇപ്പോൾ ശൈത്താൻ എന്ന വെബ് സീരീസിലൂടെ തെലുങ്കിലും നടി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. തെലുങ്ക് സംവിധായകൻ മഹി വി. രാഘവ് സംവിധാനം ചെയ്ത ശൈത്താൻ ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിങ് ചെയ്യുന്നത്. സാവിത്രി എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് ഷെല്ലി സീരീസിൽ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ഷെല്ലിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. തന്റെ മകനെക്കുറിച്ചുള്ള ഷെല്ലിയുടെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. തന്റെ മകന്‍ ഓട്ടിസ്റ്റിക് ആണെന്നും എഡിഎച്ച്ഡി ഉണ്ടെന്നുമാണ് ഷെല്ലി പറയുന്നത്. ഒരു സ്‌കൂളിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

”എനിക്കൊരു മകനുണ്ട്. അവന്‍ ഓട്ടിസ്റ്റിക് ആണ്. എഡിഎച്ച്ഡിയുണ്ട്. ഇവിടുത്തെ ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട് ആണ് ആദ്യം നന്ദി പറയാനുള്ളത്. ഒരു വീടിനുള്ളില്‍ അടച്ചിടാതെ, അവരെ മാറ്റി നിര്‍ത്താതെ, അവരുടെ കഴിവ് പുറത്തു കൊണ്ടു വരാന്‍ നിങ്ങള്‍ കാണിച്ച മനസും നല്‍കിയ പിന്തുണയും അതിനായി വച്ച ചുവടുമാണ് ഏറ്റവും മികച്ച കാര്യം. തങ്ങളുടെ കുട്ടിയെ മുന്നോട്ട് കൊണ്ടു വരണം എന്ന് അവരുടെ മനസിലുള്ളതിനാലാണ്. അതിന് ആദ്യം തന്നെ അവരോട് നന്ദി പറയേണ്ടതുണ്ട്.” ഷെല്ലി പറയുന്നു.

രണ്ടാമത് നന്ദി പറയുന്നത് ഇവരെ നോക്കുന്ന അധ്യാപകരോടാണ്. ഇത് വളരെയധികം ക്ഷമ വേണ്ടൊരു പ്രൊഫഷന്‍ ആണ്. എന്റെ മേഖല ഇതാണെന്നും ഇതാണ് എന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്നുമുള്ള ചിന്തയുള്ള, ഇവരുടെ കഴിവുകള്‍ പുറത്ത് കൊണ്ടു വരാന്‍ ശ്രമിക്കുന്ന അധ്യാപകരോടാണ് നന്ദി പറയാനുള്ളത്.

മൂന്നാമതായി നന്ദി പറയാനുളളത് വിദ്യാര്‍ത്ഥികളോടാണ്. നിങ്ങളെ പലരും പല പേരും വിളിക്കുന്നുണ്ട്. പക്ഷെ അതൊന്നുമല്ല നിങ്ങള്‍. നിങ്ങള്‍ നിങ്ങളുടെ വ്യക്തിത്വമാണ് കാണിക്കുന്നത്. നിങ്ങളുടെ ആത്മവിശ്വാസമാണ് ഈ കാണുന്നത്. സ്വതന്ത്രരായി ജീവിക്കാന്‍ പഠിക്കണം. അതിനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട് എന്നും ഷെല്ലി പറയുന്നു.

content highlight: actress-shelly-kishore-opens-up