1880 സെപ്റ്റംബർ 29-ന് ജനിച്ചു. രാജാ രവിവർമ്മയുടെയും മാവേലിക്കര പൂരുരുട്ടാതിനാൾ മഹാപ്രഭയുടെയും മകൻ. തന്റെ പിതാവിന്റെ ഐതിഹാസികമായ ജീവിതകാലത്ത് അദ്ദേഹത്തോടൊപ്പവും ചെറിയച്ഛനായ സി. രാജരാജ വർമ്മയോടൊപ്പവും പിൽക്കാലത്ത് സ്വതന്ത്രനായ ചിത്രകാരനായും അദ്ധ്യാപകനായും സാമൂഹ്യ പ്രവർത്തകനായും ജീവിച്ചു.
ബോംബെ ജെ. ജെ. സ്കൂൾ ഓഫ് അർട്ട്സിൽനിന്നും ചിത്രകല പഠിച്ച ശേഷം മദ്രാസ് സ്കൂൾ ഓഫ് അർട്ട്സിൽ ഉപരിപഠനം നടത്തി. തന്റെ പിതാവിന്റെ സഹായിയായി പ്രൊഫഷനൽ ചിത്രരചന ആരംഭിച്ചു. പിതാവിന്റെ മരണശേഷം (1906) സ്വതന്ത്ര ചിത്രകാരനായി ഇന്ത്യയിൽ ആകമാനം സഞ്ചരിച്ചു. തന്നിൽ അന്തർലീനമായ പ്രതിഭയും സഹനവും അക്ഷീണ പരിശ്രമവുംകൊണ്ട് അദ്ദേഹം ധാരാളം ചിത്രങ്ങൾ വരച്ചുകൂട്ടി. മദ്രാസിലും ബോംബെയിലും ബറോഡയിലും നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തി. പല കലാമത്സരങ്ങളിലും തൻറെ സൃഷ്ടികൾ സമ്മാനാർഹമായി, ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി.
നാഗരികമായ ജീവിതമാണ് ശീലിച്ചിരുന്നതെങ്കിലും തന്റെ കർമ്മമണ്ഡലം മാതൃദേശമാണെന്ന തിരിച്ചറിവോടെ കേരളത്തിലേക്ക് തിരികെ വന്നു, മാവേലിക്കരയിൽ സ്ഥിരതാമസമാക്കി. ചിത്രകാരന്മാർക്കിടയിലെ രാജാവും രാജാക്കന്മാർക്കിടയിലെ ചിത്രകാരനുമായ തന്റെ പിതാവ് തെളിച്ച പാതയിലൂടെ അദ്ദേഹത്തിന് വീണ്ടും ഒരുപാട് സഞ്ചരിക്കേണ്ടതുണ്ടായിരുന്നു.
രാമവർമ്മ രാജയുടെ സാനിധ്യം തിരുവിതാംകൂറിൽ പല കലാ-സാംസ്കാരിക-സാമൂഹ്യ പ്രവർത്തനങ്ങളുടെയും രാസത്വരകമായിട്ടുണ്ട്. എന്നാൽ പിന്നീട് അവക്കൊന്നും വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ല. അത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഏറ്റം പ്രശസ്ഥനായ ചിത്രകാരൻ തന്റെ പിതാവായിരുന്നത്കൊണ്ടുമാത്രമല്ല അദ്ദേഹം ഒരു രാജകുമാരനായിരുന്നതുകൊണ്ടും കൂടിയാകാം.
1914-ൽ. അതായത്, യാഥാസ്ഥിതികരുടെ എതിർപ്പിനെ മറികടന്ന് അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾ സ്ഥാപിക്കുന്നതിനായി കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായ വൈക്കം സത്യാഗ്രഹത്തിന് പത്തുവർഷം മുമ്പ്തന്നെ മാവേലിക്കരക്കൊട്ടാരത്തിനോട് അനുബന്ധമായി തിരുവിതാംകൂർ, കൊച്ചി, മലബാർ, എന്നീ നാട്ട് രാജ്യങ്ങളിൽനിന്നുള്ള നാനാജാതി മതസ്ഥരായ വിദ്യാർത്ഥികളെയും ഒരുമിച്ചിരുത്തി ചിത്രരചന അഭ്യസിപ്പിക്കുന്ന ഒരു ചിത്രകലാലയം അദ്ദേഹം ആരംഭിച്ചു. ദളിത് വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന സാമൂഹ്യ പരിഷ്ക്കർത്താവും ആത്മീയ ആചാര്യനുമായ സ്വാമി ശുഭാനന്ദനായിരുന്നു രാമവർമ്മ രാജയുടെ മകളുടെ വിവാഹത്തിന് മുഖ്യ കാർമികത്ത്വം വഹിച്ചത്. അക്കാലത്ത് കൃസ്തീയ മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളോടൊപ്പം നിലകൊള്ളുകയും മാവേലിക്കരയിൽ ആരംഭിച്ച ബിഷപ് മൂർ കോളേജ്, റവ: പീറ്റ് മെമ്മോറിയൽ ബി. എഡ്. കോളേജ് എന്നിവക്ക് കൊട്ടാരം വക വസ്തുവകകൾ പതിച്ചുനല്കുന്നതിന് മുൻകൈ എടുക്കുകയും ചെയ്തു. സ്കൂൾ തലം മുതലേ കുട്ടികളിൽ സേവനതൽപരതയും നേതൃപാടവവും ശീലിക്കുന്നതിലേക്കായി സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനം കേരളത്തിൽ ആദ്യമായി ആരംഭിച്ചത് രാമവർമ്മ രാജയുടെ ശ്രമഫലമായിട്ടാണ്. മഹാത്മാഗാന്ധിയുടെ മാവേലിക്കര സന്ദർശനവേളയിൽ പരിഭാഷകനായിരുന്നു; വൈദ്യശാസ്ത്ര ബിരുദധാരിയായ തന്റെ മകൻ ഡോക്ടർ പ്രസാദിനെ ഐ. എൻ. എ യിൽ സൗജന്യ സേവനത്തിനയക്കുക എന്നതായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് അദ്ദേഹം നല്കിയ വിലപ്പെട്ട സംഭാവന.
1915 ഫെബ്രുവരി 3-)0 തീയതി മാവേലിക്കര രാജാരവിവർമ്മ ചിത്രകലാലയം ആരംഭിച്ചപ്പോൾ അന്ന് ഇത്തരത്തിൽ നാലോ അഞ്ചോ ചിത്രവിദ്യാലയങ്ങൾ മാത്രമേ ബ്രിട്ടീഷ് ഇന്ത്യയിൽ ഉണ്ടായിരുന്നുള്ളു. കൊട്ടാരത്തിനോടുചേർന്നുള്ള മറ്റൊരുവീടായ ‘രവി വിലാസ’ത്തിൽ ഇന്ത്യയിലെതന്നെ ആദ്യത്തേത് എന്ന് വിശേഷിപ്പിക്കാവുന്ന നിലവാരത്തിൽ പൂർണ്ണ സജ്ജമായ ഒരു പെയിന്റിങ്ങ് സ്റ്റുഡിയോ സ്ഥാപിച്ച് അദ്ദേഹം തൻറെ കലാ സപര്യ തുടർന്നു. ജനസാമാന്യത്തിന് ഫോട്ടോഗ്രഫി ശീലിക്കുന്നതിലേക്കായി, ബോംബെയിലെ കൊഡാക് കമ്പനി എജന്റിൽ നിന്നും ഫോട്ടോഗ്രഫി ഉത്പന്നങ്ങൾ നേരിട്ടു വരുത്തി വിതരണം ചെയ്യുന്ന ഒരു മെറ്റീരിയൽ ഷോപ്പും അതിനോടനുബന്ധിച്ച് തുടങ്ങി. അങ്ങനെ ഫോട്ടോഗ്രാഫി എന്ന കലാരൂപം ആദ്യമായി കേരളത്തിൽ പ്രചരിപ്പിക്കുന്നതിന് മുൻകൈ എടുത്തതും അദ്ദേഹമായിരുന്നു.
1921-ൽ മദ്രാസ് സർക്കാർ സ്കൂൾ ഓഫ് ആർട്സ് റീ-ഓർഗനൈസിങ്ങ് കമ്മറ്റി മെമ്പർ ആയി അദ്ദേഹത്തെ നിയമിച്ചു. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ 1930 – 32 കാലയളവിൽ അംഗമായിരുന്നു.1924 മുതൽ 1934 വരെ മാവേലിക്കര മുനിസിപ്പാലിറ്റിയുടെ ആദ്യ പ്രസിഡനറ് ആയി സേവനമനുഷ്ടിച്ചു. 1934-ൽ അദ്ദേഹം ബ്രഹത്തായ ഒരു ലോക പര്യടനം ആരംഭിച്ചു. നേപ്പിൾസ്, റോം, വെനീസ്,മ്യൂണിച്ച്, വിയന്ന, ബുടാപെസ്റ്റ്, ഫ്രാൻസ്, സ്വിറ്റ്സർലൻറ്, തുടങ്ങിയ രാജ്യങ്ങളിലെ മ്യൂസിയങ്ങളും ആർട്ട് ഗാലറികളും സന്ദർശിച്ച് രാജാ രവിവർമ്മയുടെ പെയ്ന്റിങ്ങുകളും പടിഞ്ഞാറൻ രീതിയും തമ്മിലുള്ള വിശദമായ താരതമ്യപഠനം നടത്തി. 1962-ൽ തിരുവിതാംകൂർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1962-ൽ കേരള ലളിതകലാ അക്കാദമി രൂപീകരിച്ചപ്പോൾ പ്രഥമ ചെയർമാനായത് അദ്ദേഹമായിരുന്നു. 1967ൽ ലളിതകലാ അക്കാദമിയുടെ ആദ്യ ഫെലോഷിപ്പ് നല്കി സ്വന്തം നാട് അദ്ദേഹത്തെ ആദരിച്ചു.
തന്റെ സഹോദരീ പുത്രനായ എം. കേരള വർമ്മ രാജയെ മദ്രാസിൽ അയച്ച് ചിത്രകല പഠിപ്പിക്കുകയും; മനുഷ്യ ശരീര ഘടന, പരിപ്രേക്ഷ്യം, ജ്യാമിതി എന്നിവയിൽ അഗ്രഗണ്യനായ അദ്ദേഹത്തെ ചിത്രകലാലയത്തിന്റെ ചുമതല ഏൽപ്പിച്ചതിലൂടെ രാമവർമ്മ രാജയ്ക്ക് വീണ്ടും തന്റെ കലാ പ്രവർത്തനത്തിന് കൂടുതൽ സമയം കണ്ടെത്താനായി.
രാമവർമ്മ രാജയുടെ സൃഷ്ടികളും അവയുടെ രചനാ കാലവും കണ്ടെത്തുകയെന്നത് അസാദ്ധ്യമത്രേ! യുവത്വത്തിന്റെ കാലത്ത് അച്ഛനോ ടൊപ്പവും ചെറിയച്ഛനോടൊപ്പവും കൂട്ട്ചേർന്നാണ് പല രചനകളും നടത്തിയിട്ടുള്ളത്. എന്നാൽ അവരുടെ കാലശേഷം, ബറോഡാ ജീവിത കാലത്ത് രവിവർമ്മയുടെ ചിത്രങ്ങളുടെ ധാരാളം നേർപകർപ്പുകളും മറ്റനേകം സ്വതന്ത്ര സൃഷ്ടികളും അദ്ദേഹത്തിൻറെതായിട്ടുണ്ട്. പക്ഷെ മിക്കതും രാജാ രവിവർമ്മയുടെ പേരിലാണ് പിൽക്കാലത്ത് അറിയപ്പെട്ടത്. രാജാ രവിവർമ്മയുടെ ചില ചെറിയ ഒലിയോ ഗ്രാഫ് (ഓയിൽ പെ യിന്റ് ഉപയോഗിച്ചുള്ള ലിത്തോഗ്രാഫി പ്രിൻറ്) കൾ എണ്ണച്ചായം ഉപയോഗിച്ച് വലിയ കാൻവാസിലേക്ക് ധാരാളം പകർപ്പെഴുത്തുരചനകൾ അദ്ദേഹം നടത്തുമായിരുന്നു. രാമവർമ്മ രാജയുടെ മാവേലിക്കര ജീവിതത്തിന് ശേഷമുള്ള ‘രവിവിലാസ’ത്തിലുണ്ടായിരുന്ന മുഖ്യമായ ഇരുപതോളം സൃഷ്ടികൾ, എറണാകുളം ഇടപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ‘മാധവൻ നായർ ഫൗണ്ടേഷൻ അഥവാ മ്യൂസിയം ഓഫ് കേരള ആർട്സ് ആൻഡ് ഹിസ്റ്ററി’ പത്ത് വർഷം മുമ്പ് അദ്ദേഹത്തിൻറെ അവകാശികളിൽനിന്ന് വാങ്ങിയതായി അറിയുന്നു. എന്നാൽ മ്യൂസിയം കാറ്റലോഗിലോ അവരുടെ http://www.keralamuseum.com/ എന്ന വെബ്സൈറ്റിലോ അതേപ്പറ്റി യാതൊരു പരാമർശവും ഇല്ല.
1. ഹരിച്ചന്ദ്രന്റെ കൊട്ടാരത്തിലെ മാളവികയുടെ നൃത്തം (ശ്രീചിത്തിര ആർട് ഗ്യാലറി, തിരുവനന്തപുരം), 2. ഹരിച്ചന്ദ്രന്റെ പ്രതിജ്ഞ (ശ്രീചിത്തിര ആർട് ഗ്യാലറി, തിരുവനന്തപുരം), 3. ശാകുന്തളം: ബാലനായ ഭരതൻ ദുഷ്യന്തൻറെ മകനാണെന്ന് ശകുന്തള പറയുന്ന രംഗം (?), 4. ശകുന്തളാ പത്രലേഖനം (?), 5. ജീവിതത്തിന്റെ ഭയം (?), 6. ജനനത്തിന് ശേഷം (?), 7. മരണത്തിന് ശേഷം (?), 8. വില്പ്പനയുടെ നിരാശപ്പെട്ട ദിനം (?), 9. പച്ചക്കുള്ളിലെ മഞ്ഞ ക്രിസ്തു (ബിഷപ് മൂർ കോളേജ്, മാവേലിക്കര), 10. മഹാകവി വള്ളത്തോളിന്റെ ഛായാചിത്രം (സാഹിത്യ അക്കദമി ഹാൾ, തൃശൂർ) 11. പിതാവായ രാജാ രവിവർമ്മയുടെ ഛായാചിത്രം (?), 12. കീചകനും സൈരന്ദ്രിയും 13. ബാലിവധം (?), മുതലായ കുറേ തലക്കെട്ടുകൾഎഴുതിയാൽ രാമവർമ്മ രാജയുടെ ചിത്രങ്ങൾ കണുന്നതിന് തുല്യം ആകുകയില്ല. ശീർഷകങ്ങൾക്കടിയിലെ ചിത്രങ്ങൾ കണ്ടെത്തി പ്രകാശിപ്പിക്കുകയെന്നത് വായനക്കാരുടെ കൂടി കടമയാണെന്ന് ഓർമിപ്പിച്ചുകൊള്ളട്ടെ.
രാജാരവിവർമ്മ ചിത്രകലാലയം (മാവേലിക്കര പെയിന്റിങ്ങ് സ്കൂൾ) ചിത്ര-ശില്പ കലയുടെ ആത്മാവ് എന്തെന്നുള്ള തിരിച്ചറിവോടെ തയാറാക്കിയ പാഠ്യപദ്ധതിയിൽ ശ്രദ്ധേയരായ പല കലാകാരന്മാരേയും ഈ സ്കൂൾ രൂപപ്പെടുത്തി. കാർട്ടൂണിസ്റ്റ് ശങ്കർ, അബു എബ്രഹാം, പി. കെ. മന്ത്രി. ചിത്രകാരന്മാരായ പി. ജെ. ചെറിയാൻ, സി. വി. ബാലൻ നായർ, സീ. കെ. രാ, വിഖ്യാത നാടക നടനായി മാറിയ-അക്ബർ ശങ്കരപ്പിള്ള, മാണിക്കോത്ത് മാധവൻ നായർ, ബാലകൃഷ്ണക്കുറുപ്പ്…(പേരുകൾ അപൂർണം). ലോകപ്രശസ്ത ശില്പ്പിയായ റോയ് ചൗധരിയുടെ മുഖ്യ ശിഷ്യൻ എം. ശേഖർ ആയിരുന്നു ശില്പ കലാ വിഭാഗത്തിന്റെ മേധാവി. 2015-ൽ ശതാബ്ദി ആഘോഷിക്കുന്ന ‘രാജാ രവിവർമ്മ കോളജ് ഓഫ് ഫൈൻ ആട്സ്’ അദ്ദേഹത്തിന്റെ കുടുംബം സൗജന്യമായി കേരള സാർക്കാരിന് നൽകിയ രണ്ടര ഏക്കർ സ്ഥലത്താണ് ഇന്ന് പ്രവർത്തിക്കുന്നത്. പിൻവശത്തുണ്ടായിരുന്ന ഒരു പ്രവേശന കവാടം മാത്രമേ കൊട്ടാരത്തിന്റെ തിരുശേഷിപ്പായി ഇന്നവിടെ കാണാൻ കഴിയൂ. രവിവർമ്മയുടേതോ രാമവർമ്മ രാജയുടേതോ ഒരു സൃഷ്ടിപോലും ഇന്നവിടെ കാണാൻ കഴിയില്ല. കോടികൾ കൈമറിയുന്ന കലാകമ്പോളത്തിന്റെ ഇരുണ്ട ഗോഡൗണുകളിൽ അവയൊക്കെയും നിത്യവിശ്രമം കൊള്ളുകയാവാം.
കലാകാരൻ, അദ്ധ്യാപകൻ, സാമൂഹ്യ പ്രവർത്തകൻ തുടങ്ങിയ മേഖലയിലുള്ള ജനസേവനത്തിന് ശേഷം 1970 ആഗസ്റ്റ് 25-ന് രാമവർമ്മ രാജ നമ്മെ വിട്ടുപിരിഞ്ഞു.
1915 ഫെബ്രുവരി 3-)0 തീയതി ആരംഭിച്ച രാജാ രവിവർമ്മ കോളജ് ഓഫ് ഫൈൻ ആട്സിന്റെ ഒരു വർഷം നീണ്ടു നിക്കുന്ന ശതാബ്ദി ആഘോഷത്തിന്റെ തുടക്കമായിക്കൊണ്ട് 2015 സെപ്റ്റംബർ 29-ന് ആർട്ടിസ്റ്റ് രാമവർമ്മ രാജയുടെ ജന്മദിനത്തിൽ “സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും രേഖകൾ” എന്ന ആദര്‍ശസൂക്തത്തോടെ പൂർവ്വ വിദ്യാർത്ഥി/നികളും അദ്ധ്യാപകരും ഒത്തുചേർന്ന് ഒരു പാതയോര ഛായാചിത്രരചനാ സംഗമം സംഘടിപ്പിക്കുകയുണ്ടായി. 500പേർ മാവേലിക്കരയിലെ മൂന്ന് കേന്ദ്രങ്ങളിലിരുന്ന് 3000 പേരുടെ ഛായ പകർത്തിയാണ് ആ ദിനം ആചരിച്ചത്. ആർട്ട് ക്യാമ്പുകൾ, സെമിനാറുകൾ, സംവാദങ്ങൾ, പ്രദർശനങ്ങൾ, പുസ്തക പ്രസാധനങ്ങൾ തുടങ്ങി വിവിധ കാര്യങ്ങൾ ആലോചനയിലുണ്ട്. സർവ്വവും ശുഭകരമാകുന്നതിന് കലാസ്വാദകരുടെ സഹൃദയത്ത്വം അത്യന്താപേക്ഷിതമാണ്.